റാഞ്ചി: കള്ളപ്പണ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കസ്റ്റഡിയിൽ. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ നിലവിലെ ഗതാഗത മന്ത്രി ചംപൈ സോറനെ ജെ.എം.എം. പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ചംപയ് സോറൻ മുഖ്യന്ത്രിയാവും. ചംപൈ സോറന്റെ നേതൃത്വത്തിൽ ജെ.എം.എം. എംഎ‍ൽഎമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു.

ഭൂമി അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ഹേമന്ത് സോറൻ രാജിവയ്ക്കുകയായിരുന്നു. രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. സംസ്ഥാനം ഭരിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള എംഎൽഎമാർ ഗവർണറുടെ വസതിയിലെത്തി ഗതാഗത വകുപ്പ് മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു. 48 എംഎൽഎമാരാണ് ഗവർണറെ കണ്ടത്. കോൺഗ്രസ് എംഎൽഎമാരടക്കം രാജ്ഭവനിലെത്തി. നേരത്തെ ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാൻ ആലോചിച്ചിരുന്നെങ്കിലും പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം മാറ്റിയത്. ഭൂരിഭാഗം എംഎൽഎമാരും ചംപായ് സോറൻ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു.

ഇന്ന് ഉച്ചയ്യ് ഒരു മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതിനിടെ ഇഡി കസ്റ്റഡിയിലാണ് ഹേമന്ത് സോറൻ ഗവർണറെ കാണാനെത്തിയത്. ഗവർണർ സിപി രാധാകൃഷ്ണനെ കാണാൻ നേരത്തെ തന്നെ ഇദ്ദേഹം സമയം ചോദിച്ചിരുന്നു. ഇത് പ്രകാരമാണ് ഹേമന്ത് സോറൻ എത്തിയത്. രാജിക്കത്ത് നൽകാനായിരുന്നു സന്ദർശനം.

ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഹേമന്ത് സോറന്റെ വീട്ടിലെത്തിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റർ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കും.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിലെത്തിയത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ വസതിക്കും പരിസരത്തും വൻ സുരക്ഷ ഏർപ്പെടുത്തി നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ സോറൻ നൽകിയ പരാതിയിൽ റാഞ്ചി ധുർവ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. പട്ടിക ജാതി - പട്ടിക വർ?ഗ പീഡന നിരോധന നിയമം പ്രകാരമുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.

തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി അപകീർത്തിപ്പെടുത്തി, മുൻകൂട്ടി അറിയിക്കാതെ വീട്ടിൽ പരിശോധന നടത്തി, കണ്ടുകെട്ടിയെന്ന് ഇഡി പറയുന്ന ബിഎംഡബ്ലിയു കാർ തന്റെതല്ലെന്നും സോറൻ നൽകിയ പരാതിയിലുണ്ട്. ഇഡി നടപടിക്കെതിരെ റാഞ്ചിയിലുൾപ്പടെ സംസ്ഥാനത്തെമ്പാടും ജാർഖണ്ഡ് മുക്തി മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. രാജ്ഭവനും ഇഡി ഓഫീസിനും സുരക്ഷ കൂട്ടി.

ധുർവ സ്റ്റേഷനിൽ മുഖ്യമന്ത്രി സോറന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു റാഞ്ചി പൊലീസ് പറഞ്ഞു. റാഞ്ചിയിൽ സോറന്റെ വീടിനു മുന്നിൽ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചും ഇ.ഡിക്ക് എതിരെ പ്രതിഷേധിച്ചും ജെഎംഎം എംഎൽഎമാർ തടിച്ചുകൂടിയിരുന്നു. പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യ 8 സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.

2020 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.