ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്‌സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണത്തിന്റെ ചുമതല സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എക്‌സാലോജിക്കിനെതിരായ രജിസ്റ്റ്രാർ ഓഫ് കമ്പനീസിന്റെ (ആർഒസി) അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്‌ഐഒ) കൈമാറിയത്. കോർപറേറ്റ് മന്ത്രാലയമാണ് എക്‌സാലോജിക്കിനെതാരിയ കേസ് സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിയ പുതിയ ഉത്തരവിറക്കിയത്.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. അറസ്റ്റിന് അടക്കം അധികാരമുള്ള അന്വേഷണ എജൻസി കൂടിയാണ് എസ് എഫ് ഐ ഒ എന്നതിനാൽ വീണ വിജയന് കൂടുതൽ കുരുക്കാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്താറുള്ളത്.

എക്‌സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്‌സാലോജിക്ക് - സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും. അന്വേഷണം കോർപറേറ്റ് ലോ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമായിരിക്കും നടത്തുക. നിൽവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ് എഫ് ഐ ഒ അന്വേഷണ സംഘത്തിലുണ്ടാകും. എസ് എഫ് ഐ ഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന് കൂടുതൽ പ്രാധാന്യമേറുകയാണ്.

സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചിരുന്നു. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മൂന്നംഗ ഉദ്യോഗസ്ഥ സംഘമായിരുന്നു ആർ ഒ സി അന്വേഷണത്തിലുണ്ടായിരുന്നത്. കർണാടക ഡെപ്യൂട്ടി രജിസ്റ്റ്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ ഗോകുൽനാഥ് എന്നിവരും എസ് എഫ് ഐ ഒ അന്വേഷണ സംഘത്തിനൊപ്പം ചേരും.

രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. കരമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്. എക്‌സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തിനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്‌സാലോജിക്ക്.

അതേ സമയം മകൾ ടി വീണക്കും കമ്പനിക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ആരോപണങ്ങൾ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടർ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമർശിച്ചു. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യ കമലയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

''എനിക്കും കുടുംബത്തിനും എതിരെ ഉയരുന്ന ആരോപണങ്ങൾ വ്യാജമാണ്. നിങ്ങൾ ആരോപണം ഉയർത്തൂ. ജനങ്ങൾ സ്വീകരിക്കുമോയെന്ന് കാണാം. ഒരു ആരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപു ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്ക് എതിരെയായി. ബിരിയാണി ചെമ്പടക്കം മുൻപു പറഞ്ഞതൊന്നും നമ്മളെ ഏശില്ല'' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

എന്നാൽ വീണയുടെ കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ച് ലാഭം മറച്ചുവെക്കുകയായിരുന്നു. അത് തന്നെയാണ് എക്സാലോജിക്കും ചെയ്തത്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരി കെഎസ്ഐഡിസിക്കാണ്. ലാഭത്തിന്റെ വിഹിതവും വ്യവസായ വികസന കോർപറേഷന് അവകാശപ്പെട്ടതാണ്. എന്നാൽ സിഎംആർഎൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ മറച്ചുവെച്ചെന്ന് കുഴൽനാടൻ ആരോപിച്ചിരുന്നു.

സിഎംആർഎൽ പണം വഴിമാറ്റി കീശയിലാക്കിയപ്പോൾ കെഎസ്ഐഡിസി കൂട്ടുനിന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സർക്കാരിന് അവകാശപ്പെട്ട 14 ശതമാനം ലാഭവിഹിതം നൽകാതെ തട്ടിപ്പ് കാണിച്ച സിഎംആർഎൽ കമ്പനിക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറയണം. ഇക്കാര്യത്തിൽ കെഎസ്ഐഡിസിയുടെ നിലപാടെന്താണെന്ന് മന്ത്രി വ്യക്തമാക്കണം. ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും എംഎൽഎ പറഞ്ഞിരുന്നു.

സേവനം നൽകാതെ എക്സാലോജിക് നിരവധി കമ്പനികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ചെലവുകൾ പെരുപ്പിച്ച് കാണിച്ച് സിഎംആർഎൽ നഷ്ടത്തിലാണെന്ന് കാണിച്ചത് പോലെ എക്സാലോജികും തട്ടിപ്പ് നടത്തി. ആത്യന്തികമായ നീതി കോടതിയിൽ നിന്നേ ലഭിക്കവെന്നും കുഴൽനാടൻ പറഞ്ഞിരുന്നു.