- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഗവർണർക്ക് രാജിക്കത്ത് നൽകി ഹേമന്ത് സോറൻ; എതിർപ്പുകൾ ഉയർന്നതോടെ ഭാര്യ കൽപന മുഖ്യമന്ത്രിയായാൽ പാർട്ടി പിളരുമെന്ന വിലയിരുത്തൽ; ഒടുവിൽ വിശ്വസ്തനായ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഹേമന്ത് സോറൻ ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് അറസറ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ. ഇ.ഡി സംഘത്തിന്റെ അനുമതിയോടെ രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത് കൈമാറുകയായിരുന്നു. പിന്നാലെ നിലവിലെ ഗതാഗതമന്ത്രിയായ ചംപൈ സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എംഎൽഎമാർ അറിയിച്ചു.
ഇ.ഡി. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് സോറന്റെ രാജി. രാജിക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30-ന് അധികൃതർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് . ഹേമന്ത് സോറനെ ഇ.ഡി. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കസ്റ്റഡിയിലുള്ള സോറൻ ഇ.ഡി. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെ.എം.എം. എംപി. മഹുവ മാജി അറിയിച്ചു. ചംപൈ സോറൻ മുഖ്യമന്ത്രിയാവുമെന്ന് ഇവർ സ്ഥിരീകരിച്ചു. ഭരണകക്ഷി എംഎൽഎമാർക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറൻ ഗവർണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
എന്നാൽ കൽപനയെ മുഖ്യമന്ത്രിയാക്കിയാൽ പാർട്ടി പിളരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ഹേമന്തിന്റെ വിശ്വസ്തനായ ചംപൈയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. ചംപൈ് സോറനെ ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം തിരഞ്ഞെടുത്തതോടെ മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ നാടകത്തിനു തിരശീല വീണു. ഹേമന്ത് സോറൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു ചംപൈ. ജെഎംഎം എംഎൽഎമാർ ചംപൈ സോറനെ മുഖ്യമന്ത്രിയായി ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തിരച്ചിൽനടപടിക്കിടെ ഡൽഹിയിൽനിന്ന് അപ്രത്യക്ഷനായ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 30 മണിക്കൂറുകൾക്കുശേഷം റാഞ്ചിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച സോറന്റെ ഡൽഹിയിലെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി. സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. 13 മണിക്കൂർനീണ്ട തിരച്ചിലിൽ വീട്ടിൽനിന്ന് 36 ലക്ഷം രൂപയും ചില സുപ്രധാനരേഖകളും ഇ.ഡി. സംഘം പിടിച്ചെടുത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ള്യു. ആഡംബരക്കാർ കസ്റ്റഡിയിലെടുത്തു.
ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ റാഞ്ചിയിൽ അടിയന്തരമായി വിളിച്ച എംഎൽഎ.മാരുടെ യോഗത്തിലാണ് സോറൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ഡൽഹിക്കുപോയെന്നായിരുന്നു വിശദീകരണം.
കഴിഞ്ഞ 20-ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തി ഇ.ഡി. ഉദ്യോഗസ്ഥർ സോറനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് 29-നോ 31-നോ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. ഇതിനു കൃത്യമായ മറുപടിനൽകാതെ ഞായറാഴ്ച സോറൻ റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്കുപോയി. ഇതോടെ് ഇ.ഡി. സംഘം ഡൽഹിയിലെത്തുകയായിരുന്നു.
ഇ.ഡിക്ക് സോറനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, സോറനെ കാൺമാനില്ലെന്ന് ബിജെപി പോസ്റ്റർ അടിച്ചിറക്കി. റാഞ്ചിയിൽനിന്ന് ഡൽഹിയിലെ വസതിയിലേക്കു ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ച സോറൻ 40 മണിക്കൂറോളം അപ്രത്യക്ഷനായി. ഇ.ഡിയെ പേടിച്ച് ഡൽഹിയിലെ വസതിയിൽനിന്ന് സോറൻ ഓടിപ്പോയെന്ന ബിജെപിയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ കഴിഞ്ഞദിവസം ഉച്ചയോടെ സോറൻ ജാർഖണ്ഡ് ഗവർണറുടെ വസതിയിലെത്തുകയായിരുന്നു. ഇ.ഡിയുടെ ചോദ്യം ചെയ്യൽ ബുധനാഴ്ച രാത്രിയിലേക്കു നീണ്ടതോടെ രാഷ്ട്രീയ പിരിമുറുക്കമേറി.
ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപേ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനു സമീപവും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇ.ഡി ഓഫിസിനു സമീപം നൂറുമീറ്റർ പരിധിയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ രണ്ടു ബസുകളിലാക്കി സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരുന്നു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ജാർഖണ്ഡ് പൊലീസ് എസ്സി/എസ്ടി നിയമപ്രകാരം കേസെടുത്തു. ധുർവ സ്റ്റേഷനിൽ മുഖ്യമന്ത്രി സോറന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നു റാഞ്ചി പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യ 8 സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.
2020 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുമുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു. ഹേമന്ത് മുഖ്യമന്ത്രി പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിനെതിരായ കേസ് ജെഎംഎമ്മിനു രാഷ്ട്രീയമായി തിരിച്ചടിയാണ്.