ന്യൂഡൽഹി: സമുദ്ര പാതകളിൽ ആളില്ലാ നിരീക്ഷണമടക്കം സുരക്ഷ ശക്തമാക്കാൻ അമേരിക്കൻ നിർമ്മിത അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. ഏകദേശം നാല് ബില്യൺ ഡോളറിന്റെ ( മുപ്പത്തിമൂവായിരം കോടി രൂപ) കരാർ യുഎസ് അംഗീകരിച്ചു. എംക്യു-9ബി ഗാർഡിയൻ ഡ്രോണുകളാണ് (MQ-9B Sea Guardian drones) ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോൺഗ്രസിന് ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി നൽകിയതായാണ് റിപ്പോർട്ട്.

3.99 ബില്യൺ യുഎസ് ഡോളറിന് 31 MQ-9B സായുധ ഡ്രോണുകൾ ഇന്ത്യയ്ക്ക് വിൽക്കാൻ യുഎസ് അമേരിക്കൻ പ്രതിരോധ ഏജൻസിക്ക് അനുമതി നൽകിയതായി പ്രഖ്യാപിച്ചു. കരാർ പ്രകാരം ഭാരതത്തിന് 31 ഹൈ ആൾട്ടിറ്റിയൂഡ് ലോംഗ് എൻഡുറൻസ് (HALE) UAV-കൾ ലഭിക്കും. അതിൽ നാവികസേനയ്ക്ക് 15 സീഗാർഡിയൻ ഡ്രോണുകളാണ് അനുവദിക്കുക. കരസേനയ്ക്കും വ്യോമസേനയ്ക്കും കരയിലുടെ സേവനം ചെയ്യുന്ന എട്ട് ഡ്രോണുകൾ വീതമാണ് ലഭിക്കുക.

2023 ൽ നടത്തിയ യുഎസ് സന്ദർശനത്തിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 31 എംക്യു-9ബി സ്‌കൈ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്. കരാറിന് യുഎസ് അംഗീകാരം നൽകിയത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ വാങ്ങുന്ന 31 ഡ്രോണുകൾ കര-നാവിക-വ്യോമസേനകൾ ഭാവിയിൽ ഉപയോഗിക്കും.

യുഎസിന്റെ വിദേശകാര്യനയവും ദേശീയസുരക്ഷയും മുൻനിർത്തിയുള്ള പരിഗണനകൾക്ക് പിന്തുണയേകുമെന്നും യുഎസ്-ഇന്ത്യാ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുമെന്നും തങ്ങളുടെ പ്രമുഖപ്രതിരോധപങ്കാളിയുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിനും ഡ്രോൺ കൈമാറ്റം സഹായകമാകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി പ്രതികരിച്ചു. ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ സമുദ്രമേഖലകളിലെ രാഷ്ട്രീയസുസ്ഥിരത, സമാധാനം, സാമ്പത്തിക വികസനം എന്നിവയ്ക്ക് ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പ്രമുഖപങ്ക് വഹിക്കുന്നതായും ഏജൻസി പരാമർശിച്ചു.

നിലവിലേയും ഭാവിയിലേയും പ്രതിരോധഭീഷണികൾ നേരിടാൻ യുഎസിൽ നിന്നുള്ള ഡ്രോണുകൾ ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേകുമെന്നും തങ്ങളുടെ സൈനികശേഷി കൂടുതൽ ആധുനികവത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നിരന്തരം നടത്തിവരുന്നതായും അക്കാരണത്താൽത്തന്നെ അത്യാധുനിക സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ തങ്ങളുടെ സൈനികശേഷിയുടെ ഭാഗമാക്കാൻ ഇന്ത്യയ്ക്ക് പ്രയാസമുണ്ടാകില്ലെന്നും ഡിഫൻസ് സെക്യൂരിറ്റി കോഓപ്പറേഷൻ ഏജൻസി കൂട്ടിച്ചേർത്തു.

യുഎസിൽ നിന്ന് ഡ്രോണുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ട് ഏകദേശം ആറ് കൊല്ലമായി. മോദിയുടെ യുഎസ് സന്ദർശനത്തോടെയാണ് കരാറിന് അന്തിമതീരുമാനമായത്. യുഎസിൽ നിന്ന് ലഭ്യമാക്കുന്ന 31 ഡ്രോണുകൾ കര, നാവിക, വ്യോമസേനാവിഭാഗങ്ങൾ ഉപയോഗിക്കും. സമുദ്രമേഖലയുൾപ്പെടെ ആളില്ലാനിരീക്ഷണം കൂടുതൽ ശക്തമാക്കാനുള്ള സാങ്കേതികസംവിധാനങ്ങളിൽ ഈ ഡ്രോണുകൾ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും.

രാജ്യം നേരിടുന്ന ഭീഷണികളെ തകർക്കാൻ ശക്തി നൽകുന്നതാണ് ഡ്രോണുകളുടെ വരവ്. 3.99 ബില്യൺ യുഎസ് ഡോളറിനാണ് MQ-9B റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ സായുധ സേനയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാനാണ് ഡ്രോണുകൾ വാങ്ങുന്നത്. ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ ഡ്രോണുകൾ വിന്യസിക്കുന്നതോടെ പ്രദേശം പൂർണമായും ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാകും.

കരാർ പ്രകാരം, 31 ഹൈ ആൾട്ടിറ്റിയൂഡ് ലോംഗ് എൻഡുറൻസ് ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ 15 സീഗാർഡിയൻ ഡ്രോണുകൾ നാവികസേനയ്ക്കും എട്ട് വീതം കരസേനയ്ക്കും ഇന്ത്യൻ എയർഫോഴ്സിനും നൽകും. ജനറൽ അറ്റോമിക്‌സ് എയറോനോട്ടിക്കൽ സിസ്റ്റംസാണ് ഡ്രോണുകളുടെ കരാറുകാരൻ.