- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാനന്തവാടിയെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടും; തുറസായ സ്ഥലത്തേക്ക് ആന മാറിയാൽ ഉടൻ ദൗത്യം; കുങ്കിയാനകളായ വിക്രമും സൂര്യനും സ്ഥലത്തെത്തി; ദൗത്യത്തിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം; ആനയെ തിരികെ കർണാടകയിലേക്ക് കൊണ്ടുപോകും
മാനന്തവാടി: മാനന്തവാടി ടൗണിൽ ഭീതിവിതച്ച കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം. തുറസായ സ്ഥലത്തേക്ക് ആന മാറിയാൽ ഉടൻ മയക്കുവെടിവെക്കുമെന്ന് വയനാട് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു. ഉത്തരവുമായി ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ദീപ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ആന നിൽക്കുന്ന സ്ഥലത്തിന് സമീപം വീടുകളും സ്ഥാപനങ്ങളുമുണ്ട്. മയക്കുവെടി വെക്കുമ്പോൾ ആന ഓടിയാൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ആന തുറസായ സ്ഥലത്തേക്ക് മാറിയ ശേഷം വെടിവെക്കാമെന്നാണ് തീരുമാനം.
അതേസമയം ദൗത്യത്തിനായി വനംവകുപ്പിന്റെ പ്രത്യേക സംഘം മാനന്തവാടിയിലേക്ക് പുറപ്പെട്ടു. കുങ്കിയാനകളായ വിക്രത്തേയും സൂര്യനേയും മാനന്തവാടിയിൽ എത്തിച്ചിട്ടുണ്ട്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നാണ് രണ്ട് കുങ്കിയാനകളേയും എത്തിച്ചത്. ദൗത്യത്തിന് എല്ലാവിധ സഹായവും നൽകുമെന്ന് കർണാടക വനംവകുപ്പ് അറിയിച്ചു. മയക്കുവെടി വെച്ച് പിടിച്ചശേഷം ആനയെ തിരികെ കർണാടകയിലേക്ക് കൊണ്ടുപോകാനും തീരുമാനമായിട്ടുണ്ട്.
ആന ചതുപ്പിൽനിന്ന് നീങ്ങുന്ന മുറയ്ക്ക് വെടിവെക്കും. തുടർന്ന് വാഹനത്തിൽ കർണാടകയിലേക്ക് മാറ്റാനാണ് നീക്കം. നഗരത്തിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചിരുന്നു. കാട്ടാന മാനന്തവാടി നഗരത്തിന് സമീപം തുടരുകയാണ്. ഇതുവരെ ആന പ്രകോപനമുണ്ടാക്കുകയോ ആക്രമിക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഹാസനിൽ വലിയ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് നാടുകടത്തപ്പെട്ട ആനയായതിനാൽ ആശങ്ക നിലനിൽക്കുകയാണ്.
കർണാടകയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടി ബന്ദിപ്പൂർ വനാതിർത്തിയായ മുലഹൊള്ളയിൽ തുറന്നുവിട്ട ആനയാണ് മാനന്തവാടിയിലെത്തിയത്. 'ഓപ്പറേഷൻ ജംബോ' എന്ന ദൗത്യത്തിലൂടെ കർണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റിൽ നിന്ന് പിടികൂടിയ ആനയാണിതെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിക്കുന്നത്.
ആനയെ ജനുവരി 16-നാണ് കർണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളിൽ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.
കാട്ടാന ഇറങ്ങിയതിനെ തുടർന്ന് മാനന്തവാടിയിൽ സി.ആർ.പി.സി. 144 പ്രകാരമുള്ള നിരോധനാജ്ഞ തുടരുകയാണ്. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാർഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആളുകൾ മാനന്തവാടി ടൗണിൽ വരുന്നത് പരമാവധി ഒഴിവാക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. കുട്ടികളെ സ്‌കൂളിൽ വിടരുതെന്നും സ്‌കൂളിലെത്തിയ കുട്ടികൾ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ആനയെ പിന്തുടരുകയോ ഫോട്ടോ, വിഡിയോ എടുക്കുകയോ ചെയ്യരുത്.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനപാലകരോട് സഹകരിക്കണമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടു. നഗരത്തോട് ചേർന്ന എടവക പഞ്ചായത്തിലെ പായോട് ജനവാസകേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ കാട്ടാനയെ കണ്ടത്. രാവിലെ പാലുമായി പോയ ക്ഷീര കർഷകരാണ് ആനയെ ആദ്യം കണ്ടത്. കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണിത്.
മറ്റൊരു കൊമ്പൻ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോൾ വയനാട്ടിലെത്തിയ ഈ കൊമ്പൻ ഹാസനിലെ കാപ്പിത്തോട്ടത്തിൽ വിഹരിച്ചിരുന്നത്. ഇതിൽ മോഴയാനയെയും മാനന്തവാടിയിലിറങ്ങിയ കൊമ്പനെയുമാണ് റേഡിയോ കോളർ ഘടിപ്പിച്ച് ഉൾക്കാട്ടിലേക്ക് തുരത്തിയിരുന്നത്. 2018നുശേഷമാണ് ആനയുടെ കൊമ്പ് മുറിഞ്ഞത്. ബേലൂർ റേഞ്ചിൽനിന്നായിരുന്നു നേരത്തെ കാട്ടാനയെ പിടികൂടിയിരുന്നത്. മാനന്തവാടിയിൽ ഇറങ്ങിയ ആനയെ പിടികൂടാൻ എല്ലാ സഹായവും കർണാടക നൽകുന്നുണ്ടെന്ന് കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് പറഞ്ഞു.
ഇന്നലെ താൻ കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി സംസാരിച്ചിരുന്നുവെന്നും ആനയുടെ ട്രാക്കിങ് ഡാറ്റ അടക്കം എല്ലാ വിവരങ്ങളും കൈമാറയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കർണാടക - കേരള വനം വകുപ്പുകൾ സംയുക്തമായി വിവരങ്ങൾ പരസ്പരം കൈമാറുന്നുണ്ടെന്നും ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ രമേഷ് കുമാറിനെ ഏകോപനത്തിനായി ചുമതപ്പെടുത്തിയിട്ടുണ്ടെന്നും കർണാടക പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് സുഭാഷ് മാൽഖഡേ പറഞ്ഞു.
നിലവിൽ ആനയെ മയക്കുവെടി വെച്ച് നാട്ടുകാർക്ക് ഭീഷണി ആകാത്ത തരത്തിൽ മാറ്റാൻ ആണ് ശ്രമമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പറഞ്ഞു.അതിന് എല്ലാ സഹായങ്ങളും ബന്ദിപ്പൂർ ടൈഗർ റിസർവിൽ നിന്ന് നൽകുന്നുണ്ട്. റേഞ്ച് ഓഫിസർമാർ മുതൽ ഗാർഡുകളെ സഹായത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട് ഏതെങ്കിലും കാട്ടിലേക്ക് ആനയെ മാറ്റുക എന്നതാണ് ആദ്യം ചെയ്യാൻ ഉള്ളത്.
ആന അപകടകാരിയല്ല. ബന്ദിപ്പൂരിൽ നിന്ന് ഹാസൻ ഡിവിഷനിലെ മദ്ദൂരിലേക്ക് പോയ ആന പിന്നെ നേരെ എതിർവശത്തേക്ക് സഞ്ചരിച്ചാണ് കേരളത്തിൽ എത്തിയത്. നേരത്തെയും ഇത്തരത്തിൽ ചില കാട്ടാനകളുടെ സഞ്ചാരപഥം ശ്രദ്ധയിൽ പെട്ടിരുന്നു. ഭക്ഷണവും മറ്റും അന്വേഷിച്ചാകാം ഇത് ഇങ്ങനെ പല ദിശകളിലേക്ക് യാത്ര ചെയ്യുന്നത്. എത്രയും പെട്ടെന്ന് ആനയെ കാട്ടിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ് ആദ്യലക്ഷ്യമെന്നും രമേഷ് കുമാർ പറഞ്ഞു.