വയനാട്: വയനാട്ടിലെ മാനന്തവാടിയിൽ 12 മണിക്കൂറിലധികം ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാനായത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം അറിയിച്ചു. അനങ്ങാൻ കഴിയാതെ നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാന. കുങ്കിയാനകളെ ഉടൻ കാട്ടാനയ്ക്ക് സമീപമെത്തിച്ച് എലിഫന്റ് ആംബുലൻസിലേക്ക് മാറ്റാനാണ് നീക്കം. കാട്ടാന പൂർണമായി മയങ്ങി കഴിഞ്ഞാൽ മൂന്ന് കുങ്കിയാനകളും ചേർന്ന എലിഫന്റ് ആംബുലൻസിലേക്ക് കയറ്റും.

മാനന്തവാടി ടൗണിലിറങ്ങിയ തണ്ണീർക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് മയക്കുവെടിവച്ചത്. രണ്ടാമത്തെ ശ്രമമാണ് വിജയിച്ചത്. വെടിയേറ്റ ആന മയങ്ങിത്തുടങ്ങി. വെടിയേറ്റെങ്കിലും ആന പരിഭ്രമിച്ച് ഓടിയില്ല. ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് അനിമൽ ആംബുലൻസിൽ കയറ്റാനുള്ള നടപടി തുടരുകയാണ്. കുങ്കിയാനകളായ വിക്രം, സൂര്യ, സുരേന്ദ്രൻ എന്നിവയാണ് ദൗത്യസംഘത്തിലുള്ളത്. 12 മണിക്കൂറിലേറെയായി ആന മാനന്തവാടി ടൗണിലെത്തിയിട്ട്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിറങ്ങിയത്.

ആനയെ പിടികൂടി ബന്ദിപ്പുർ വനത്തിൽ തുറന്നു വിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദാണ് ഉത്തരവിട്ടത്. ഇതോടെ എത്രയും വേഗം ആനയെ വെടിവയ്ക്കാനുള്ള നടപടി ആരംഭിച്ചു. അഞ്ചരയോടെയാണ് ആനയെ വെടിവയ്ക്കാനായത്. മൂന്ന് ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിർത്തി. വെടിയേറ്റ് ആന ഓടിയാൽ തടയാനാണു കുങ്കിയാനകളെ വിന്യസിച്ചത്. എന്നാൽ ആനയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുമുണ്ടായില്ല.

നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ ഇന്നലെ രാത്രിയോടുകൂടി മൂന്ന് ആനകൾ ജനവാസകേന്ദ്രത്തിൽ എത്തിയിരുന്നെന്നു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു. ഇതിൽ രണ്ടെണ്ണത്തെ തിരിച്ച് കാട്ടിലേക്ക് തുരത്തി. എന്നാൽ ഒരെണ്ണത്തെ തുരത്താനായില്ല. ഈ ആനയാണ് മാനന്തവാടിയിൽ എത്തിയത്. വനത്തിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെയായി ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചത്. അതിനാൽ മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് വിടുക എന്നതാണ് സാധ്യമായ ഏക മാർഗമെന്ന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിരുന്നു.

ബന്ദിപ്പുർ ടൈഗർ റിസർവിനു സമീപത്തുനിന്നും പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാമെന്ന് അറിയിപ്പ് ലഭിച്ചുവെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആളുകൾ ആനയെ കാണാൻ എത്തിയത് പ്രശ്‌നം സങ്കീർണ്ണമാക്കി. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്ക് തിരികെ കയറ്റുന്നതിനെക്കുറിച്ചും ആലോചിച്ചു. എന്നാൽ പത്ത് കിലോമീറ്ററോളം ജനവാസമേഖലയിലൂടെ ആനയെ ഓടിച്ചുകൊണ്ടുപോകുക എന്നത് ശ്രമകരമായതിനാലാണ് മയക്കുവെടി വയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.

20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കർണാടക വനമേഖലയിൽ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴിൽ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസൻ ഡിവിഷനിലെ ജനവാസ മേഖലയിൽ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പൻ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോൾ വയനാട്ടിലെത്തിയ ഈ കൊമ്പൻ ഹാസനിലെ കാപ്പിത്തോട്ടത്തിൽ വിഹരിച്ചിരുന്നത്.