- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്; ഓഫിസിനു സംഭവിച്ച പിഴവാണ്'; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ; പൈസ വാങ്ങാതെ അനേകം പരിപാടിക്കു പോയിട്ടുണ്ട്; പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കെ. സച്ചിദാനന്ദൻ; മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ
തിരുവനന്തപുരം: 'അന്താരാഷ്ട്ര സാഹിത്യോത്സവ'ത്തിൽ പങ്കെടുക്കാൻ വിളിച്ചുവരുത്തി കേരള സാഹിത്യ അക്കാദമി അപമാനിച്ചുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്കു പിന്നാലെ ഖേദം പ്രകടിപ്പിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചുള്ളിക്കാടിനെ ഫോണിൽ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു. ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ടെന്നും ഓഫിസിനു സംഭവിച്ച പിഴവാണിതെന്നും മന്ത്രി പറഞ്ഞു.
ഫെസ്റ്റുകൾക്ക് പണം നൽകുന്നുണ്ട്. എന്നാൽ ചോദിക്കുന്നതു മുഴുവൻ കൊടുക്കാനാകില്ല. പണമല്ല, സാഹിത്യകാരന്മാർക്ക് കിട്ടുന്ന പരിഗണനയാണ് വിഷയമെന്നും മന്ത്രി പറഞ്ഞു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച 'അന്താരാഷ്ട്ര സാഹിത്യോത്സവ'ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നെന്നും രണ്ടു മണിക്കൂർ പ്രഭാഷണം നടത്തിയതിനു പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമാണെന്നും ചുള്ളിക്കാട് പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ വന്നതിന് 3500 രൂപ ചെലവുണ്ടെന്നും ബാക്കി തുക സീരിയലിൽ അഭിനയിച്ചു കിട്ടിയ പണത്തിൽനിന്നാണ് നൽകിയതെന്നും കവി പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫെസ്ബുക്കിൽ എഴുതിയത്. നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേ സമയം സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെയുള്ള വിമർശനം കടുപ്പിച്ച് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ രംഗത്തെത്തി. പൈസ വാങ്ങാതെ താൻ അനേകം പരിപാടിക്ക് പോയിട്ടുണ്ടെന്നും പരാതിയുണ്ടെങ്കിൽ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തണമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു. തനിക്ക് കണക്കു പറയാൻ അറിയില്ലെന്നും സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചുള്ളിക്കാടിന്റെ ആവശ്യം ന്യായമാണെന്നും നടപടി എടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
അനേകം മനുഷ്യരുടെ സാഹിത്യത്തോടുള്ള അഗാധമായ സ്‌നേഹവും ഉറക്കമൊഴിച്ചുള്ള പ്രയത്‌നവുമാണ് അക്കാദമിയുടെ സാഹിത്യോത്സവം ഒരു വൻ വിജയമാക്കിയത്. ആർക്കെങ്കിലും യാത്രപ്പടിയേക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ അത് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ശരിയായ വഴിയെന്നും അങ്ങിനെ വന്ന പരാതികൾ എല്ലാം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നും സച്ചിദാനന്ദൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒരു പാവം ഉദ്യോഗസ്ഥ നിയമം യാന്ത്രികമായി പിന്തുടർന്നത് മാത്രമാണ് ചില പരാതികൾക്ക് കാരണമായത്. അതും സാഹിത്യശത്രുക്കൾക്ക് ആയുധമായി കാണുന്നതിൽ വിഷമം തോന്നുന്നു. പണം പ്രധാനമായ ഒരു സമൂഹത്തിന്റെ മൂല്യവ്യവസ്ഥയാണ് ഇതിന് പിറകിലെന്നും അദ്ദേഹം വിമർശിച്ചു.
ഒരു പൈസയും വാങ്ങാതെ അനേകം സാഹിത്യ പരിപാടികൾ കേൾക്കാനും പങ്കെടുക്കാനും പോയിട്ടുള്ള ഒരാൾ എന്ന നിലയിലാണ് ഇത് പറയുന്നതെന്നും തനിക്ക് കണക്ക് പറയാൻ അറിഞ്ഞു കൂടായെന്നും സച്ചിദാനന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചു. എന്നാൽ ചുള്ളിക്കാടിനെ വിമർശിക്കുന്ന ഫേസ്‌ബുക്ക് കുറിപ്പ് മിനിറ്റുകൾക്കകം തന്നെ സച്ചിദാനന്ദൻ പിൻവലിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ബാലചന്ദ്രൻ ചുള്ളുക്കാടിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ നേരിട്ടു പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ പറഞ്ഞു.