ലണ്ടൻ: സി സി ടി വി ക്യാമറകൾ വർത്തമാനകാലത്ത് സുരക്ഷയുടെ ഒരു പര്യായമായി മാറിയിരിക്കുന്ന ഒന്നാണ്. പലയിടങ്ങളിലും നിങ്ങൾ സൈൻ ബോർഡുകൾ കാണാറുണ്ട്, നിങ്ങൾ ക്യാമറയുടെ നിരീക്ഷണ വലയത്തിലാണെന്ന് ഓർമ്മിപ്പിക്കുന്ന ബോർഡുകൾ. അതേസമയം, പലയിടങ്ങളിലും സി സി ടി വി ക്യാമറകൾ സ്വകാര്യതയ്ക്ക് വിഘ്നമാകാറുമുണ്ട്. ഒഴിവുകാലം ആസ്വദിക്കാൻ പോകുന്ന നിങ്ങൾ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നാണ്, നിങ്ങൾ വാടകക്ക് എടുത്ത ഹോട്ടൽ മുറിക്കുള്ളിലോ അല്ലെങ്കിൽ വാടക വീട്ടിലെ കിടപ്പുമുറിയിലോ ഒരു ക്യാമറയുടെ സാന്നിദ്ധ്യം.

എന്നാൽ, ഒഴിവുകാല താമസയിടങ്ങളിൽ ഒളിക്യാമറകൾ കണ്ടുപിടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ് എന്ന് അടുത്ത കാലത്ത് വന്ന റിപ്പോർട്ട് പറയുന്നു. ഇത് സുരക്ഷയ്ക്കൊപ്പം സ്വകാര്യതയെ കുറിച്ചുള്ള ആശങ്കയും വർദ്ധിപ്പിച്ചു. വിനോദ സഞ്ചാരികൾക്ക് വീട് വാടകയ്ക്ക് നൽകുന്ന ബ്രിട്ടണിലെ ഒരു വ്യക്തി പറഞ്ഞത്, ഒളിക്യാമറകൾ ഉപയോഗിച്ച് അതിഥികളുടെ സ്വകാര്യ രംഗങ്ങൾ ചിത്രീകരിക്കാറുണ്ടെന്നും ഇത്തരം വീഡിയോകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട് എന്നുമാണ്.

സോഫയ്ക്കുള്ളിൽ ഒളിപ്പിച്ചുവെച്ച ക്യാമറ ഉപയോഗിച്ചായിരുന്നു അയാൾ ഇത് ചെയ്തിരുന്നത്. ഇത്തരം കൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സ്വകാര്യ കുറ്റാന്വേഷകനായആരോൺ ബോണ്ട് ഒളി ക്യാമറയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി എത്തുന്നത്. സാധാരണയായി, ദുഷ്ടബുദ്ധിയുള്ള ക്രിമിനലുകൾ, ദുരുദ്ദേശത്തോടെ ക്യാമറകൾ സ്ഥാപിക്കുക പൊതുശൗച്യാലയങ്ങളിലും ചേഞ്ചിങ് റൂമുകളിലും ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു.

പൊതുയിടങ്ങളിൽക്യാമറകൾ സ്ഥാപിക്കുന്നത് സാധാരണയായി ലൈംഗിക രംഗങ്ങൾ ഒപ്പിയെടുക്കുന്നതിനാണ് അതിനാൽ തന്നെ കുറച്ച് ഉയരത്തിലോ അല്ലെങ്കിൽ താഴ്ന്നിട്ടോ ആയിരിക്കും. ഇത്തരം പൊതുയിടങ്ങളിൽ അസാധാരണമായതെന്തെങ്കിലും കണ്ടെത്തിയാൽ, ഉടൻ അവിടെ നിന്ന് പിന്മാറുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്യണം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

എന്നാൽ, ഒഴിവുകാലം ആസ്വദിക്കുവാൻ നിങ്ങൾ വാടകയ്ക്ക് എടുത്ത ഹോട്ടൽ മുറികളുടെയൊ വീടുകളുടെയോ കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം എന്നും അദ്ദേഹം പറയുന്നു. അലാം ക്ലോക്കുകൾ, വിളക്കുകൾ, കണ്ണാടികൾ, എയർ ഫിൽറ്ററുകൾ, ടി വി കൾ എന്നിവ മാത്രമല്ല, തീരെ നിഷ്‌കളങ്കം എന്ന് തോന്നുന്ന രീതിയിൽ സ്റ്റാൻഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന പുസ്തകങ്ങൾ വരെ ഒളി ക്യാമറകളുടെ സ്ഥാനമാകാം എന്ന് അദ്ദേഹം പറയുന്നു. സാധാരണ ഘടിപ്പിക്കാറുള്ള സ്ഥാനത്ത് നിന്നും മാറ്റി ഘടിപ്പിച്ച എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അത് നന്നായി പരിശോധിക്കണം.

ഒളിക്യാമറ ഉണ്ടെന്ന് സംശയം തോന്നിയാൽ, നിങ്ങളുടെ ഫോൺ അതിന്ടുത്തായി വയ്ക്കുക. ചില ക്യാമറകൾക്ക് സമീപം മൊബൈലുകളിൽ വൈബ്രേഷൻ ഉണ്ടാകും. അതല്ലെങ്കിൽ, മുറികളിലെ പ്രകാശം അണച്ച്, നിങ്ങളുടെ മൊബൈലിലെ ഫ്ളാഷ് ലൈറ്റ് കത്തിച്ച് അവിടം പരിശോധിക്കുക. ക്യാമറയുണ്ടെങ്കിൽ, അതിന്റെ ഗ്ലാസ്സിൽ തട്ടി നിങ്ങളുടെ ഫ്ളാഷ് ലൈറ്റിലെ പ്രകാശം പ്രതിഫലിക്കുന്നത് കാണാൻ കഴിയും.

ഒഴിവുകാല വസതികളിലും ഹോട്ടലുകളിലും ഒക്കെ, എവിടെയെല്ലാം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ, അവിടെയെല്ലാം അതിനെ കുറിച്ച് മുന്നറിയിപ്പ് നൽകണം എന്നത് നിയമമാണ്. അതുകൊണ്ടു തന്നെ മുന്നറിയിപ്പ് ഇല്ലാത്ത ഇടങ്ങളിലെ ക്യാമറകൾ നിയമവിരുദ്ധവുമാണ്. ഇത്തരം ക്യാമറകൾ കണ്ടെത്തിയാൽ എത്രയും വേഗം അക്കാര്യം അധികൃതരെ അറിയിക്കുക.