കൽപറ്റ: മാനന്തവാടി നഗരത്തിൽനിന്നു വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വച്ചു പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിലെത്തിച്ച തണ്ണീർക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതിൽ വിവാദം തുടരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ബന്ദിപ്പൂർ രാമപുര ക്യാംപിൽ തണ്ണീർക്കൊമ്പന്റെ അന്ത്യം. മരണത്തിലേക്കു നയിക്കാവുന്നത്ര ശാരീരിക അവശതകളൊന്നും കൊമ്പൻ യാത്രയിലുടനീളം പ്രകടിപ്പിച്ചില്ലെന്നു ലോറിയിൽ അനുഗമിച്ച ദൗത്യസംഘാംഗങ്ങൾ പറയുന്നു. ബന്ദിപ്പൂരിലെത്തിച്ച് കാട്ടിലേക്ക് ഇറക്കുന്നതിനിടെ കൊമ്പൻ മുട്ടുകാലിൽ മുന്നോട്ടാഞ്ഞ് ലോറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ഇടതുതുടയിലെ മുഴയിൽ പഴുപ്പു നിറഞ്ഞതുമൂലമുണ്ടായ അണുബാധയും ശ്വാസകോശത്തിലെ ക്ഷയവും ദൗത്യത്തിനിടെയുണ്ടായ സമ്മർദവുമെല്ലാം ഹൃദയാഘാതത്തിലേക്കും തുടർന്നു മരണത്തിലേക്കും നയിച്ചുവെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. ആനയുടെ ശരീരത്തിൽ നിരവധി പെലറ്റുകളും ഉണ്ടായിരുന്നു. ഇത് കാടിനുള്ളിൽ വച്ച് കൊണ്ടതാണെന്നാണ് നിഗമനം. കൃഷിയിടത്തിൽ എത്തിയപ്പോൾ ഏറ്റതാകാം പെലറ്റ് എന്നാണ് നിഗമനം. ഏതായാലും ദുരൂഹമായി തുടരുകയാണ് തണ്ണീർക്കൊമ്പന്റെ മരണം. പരിധിയിൽ കൂടുതൽ പെലറ്റുകൾ ആനയുടെ ശരിരീത്തിലുണ്ടായിരുന്നു. ഇത് മനസ്സിലാക്കാതെ മയക്കു വെടിവച്ചതും മരണമായി.

20 ദിവസത്തിനിടെ പല ഡോസുകളായി 2 തവണയാണ് ആനയെ മയക്കു വെടിവയ്‌ക്കേണ്ടിവന്നത്. കർണാടക വനംവകുപ്പു ഹാസനിലെ ജനവാസകേന്ദ്രത്തിൽനിന്ന് ഈയിടെ മയക്കുവെടി വച്ചു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചുവിട്ടതായിരുന്നു കൊമ്പനെ. അന്ന് ശരീരത്തിൽ പെലറ്റുണ്ടായിരുന്നോ എന്നതും നിർണ്ണായകമാണ്. പെലറ്റുണ്ടായിരുന്നുവെങ്കിൽ അന്ന് മതിയായ ചികിൽസ കൊടുത്തിരുന്നില്ല.

ജനക്കൂട്ടം കണ്ടുള്ള സമ്മർദവും ഹൃദയത്തെ ബാധിച്ചു. കൊമ്പന്റെ ലിംഗത്തിൽ മുറിവുണ്ടായിരുന്നു. ഇടതുതുടയിലെ മുഴയിൽനിന്ന് ഒരു ലീറ്ററോളം ചലം ശേഖരിച്ചതു പരിശോധനയ്ക്കയച്ചിട്ടുണ്ട്. തുടയിലെ മുഴയ്ക്ക് ഒരു മാസത്തോളം പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത സംഘത്തിലെ വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻദാസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കു മയക്കുവെടി വച്ച തണ്ണീർക്കൊമ്പനെ രാത്രി പത്തരയോടെയാണു ലോറിയിൽ കയറ്റി ബന്ദിപ്പൂരിലേക്കു കൊണ്ടുപോയത്.

വെള്ളിയാഴ്ച പുലർച്ചെയാണ് എടവക പഞ്ചായത്തിലെ ജനവാസകേന്ദ്രത്തിലും മാനന്തവാടി നഗരമധ്യത്തിലും ഭീതി വിതച്ച് 25 വയസ്സുള്ള തണ്ണീർക്കൊമ്പനെത്തിയത്. ആനയെ എത്രയും വേഗം ജനവാസമേഖലയിൽനിന്നു മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. മയക്കുവെടി വയ്ക്കും മുൻപ് ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിൽ പാളിച്ചയുണ്ടായന്നു വിമർശനമുണ്ട്. ചെറിയ പാളിച്ച മൃഗത്തിന്റെ ജീവനെടുത്തേക്കാം. മയക്കുവെടി വച്ചു കാട്ടുമൃഗങ്ങളെ പിടിക്കുമ്പോൾ പ്രാഥമികമായി രണ്ടു ഘടകങ്ങളാണു പരിഗണിക്കുക.

മയക്കുവെടിയേറ്റ മൃഗം താഴെ വീഴാതെ 'സ്റ്റാൻഡിങ്' സെഡേഷനാണ് വണ്ടിയിൽ കയറ്റാൻ ആവശ്യമുള്ളത്. സാധാരണ 500-600 മില്ലി ഗ്രാം മരുന്ന് ആണ് ആദ്യ ഡോസിൽ നൽകുക. മൃഗത്തെ നിരീക്ഷിച്ച ശേഷം വീണ്ടും നൽകേണ്ട ഡോസിന്റെ അളവു തീരുമാനിക്കണം. മയങ്ങിയില്ലെങ്കിൽ രണ്ടോ മൂന്നോ തവണ ചെറിയ ഡോസിൽ മരുന്നു വീണ്ടും നൽകേണ്ടി വരും. ഏതാനും ദിവസം മൃഗത്തെ നിരീക്ഷിച്ചാൽ മാത്രമേ അതിന്റെ ആരോഗ്യം സംബന്ധിച്ചു ധാരണ കിട്ടൂ. പ്രദേശത്തെ സ്ഥിതിയും മനസ്സിലാക്കണം. ഇതെല്ലാം തണ്ണീർ കൊമ്പന്റെ കാര്യത്തിലുണ്ടായോ എന്നതും ശ്രദ്ധേയമാണ്.