തിരുവനന്തപുരം : പറഞ്ഞാൽ അനുസരിക്കാത്ത താൽകാലിക വൈസ് ചാൻസലർമാർക്ക് പകരക്കാരെ കണ്ടെത്താൻ രാജ്ഭവൻ നീക്കം തുടങ്ങി. ഇതിന് വേണ്ടി പേരു വിവരങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്കു സർവകലാശാലാ പ്രതിനിധിയെ നൽകണം എന്ന തന്റെ നിർദ്ദേശം അനുസരിക്കാത്ത താൽക്കാലിക വിസിമാരെ തൽസ്ഥാനത്തു നിന്നു നീക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. നിയമോപദേശം തേടിയാണ് ഈ തീരുമാനം.

സർവകലാശാലാ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനു 2 സർവകലാശാലകളുടെ വിസിമാർ സെനറ്റ് യോഗം വിളിച്ചിട്ടുണ്ട്. കേരളയിൽ 16നും കാർഷിക സർവകലാശാലയിൽ 9നും ആണ് യോഗം. കണ്ണൂരിൽ സെനറ്റ് രൂപീകരണം പൂർത്തിയായാൽ ഉടൻ യോഗം വിളിക്കും. അതിന് അപ്പുറത്തേക്ക് ഒരു സർവ്വകലാശാലകളും നടപടികൾ തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബദലിനെ കുറിച്ചുള്ള പരിശോധന. നിയമസഭ പാസാക്കിയ ബില്ലിനൊപ്പം നിൽക്കുന്നവരാണ് ബാക്കി വിസിമാർ. ഗവർണർ ആ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. അതിൽ തീരുമാനം വൈകും. അതുവരെ വിഷയത്തിൽ ഇടപെടാനാണ് ഗവർണറുടെ തീരുമാനം.

സർവകലാശാലയുടെ പ്രതിനിധിയെ നൽകണമെന്നു കേരള, എംജി, കുസാറ്റ്, കണ്ണൂർ, മലയാളം, സാങ്കേതിക, കാർഷിക, ഫിഷറീസ് സർവകലാശാലകളുടെ താൽക്കാലിക വിസിമാരോടാണ് ഗവർണർ ആവശ്യപ്പെട്ടത്. 29നു മുൻപ് യോഗം വിളിച്ച് പ്രതിനിധിയുടെ പേരു നൽകണം. അതിനുള്ള നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സുപ്രീം കോടതി, ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ ഗവർണർ സ്വന്തമായി സേർച് കമ്മിറ്റി രൂപീകരിച്ചു വിസി നിയമനവുമായി മുന്നോട്ടു പോകും. ഇതിനൊപ്പം താൽകാലിക വിസിമാരെ മാറ്റുകയും ചെയ്യും. അവരേയും വിസിമാരായി പരിഗണിക്കില്ല. പട്ടിക കൊടുക്കുന്നവർ പിണറായി സർക്കാരിന് മുന്നിൽ ശത്രുക്കളാകും. ഇതുകൊണ്ടാണ് അവർ പട്ടിക നൽകാത്തത്.

കേരള സർവകലാശാലാ വിസി നിയമനം പരിഗണിച്ച ഹൈക്കോടതി, ഒരു മാസത്തിനുള്ളിൽ സെനറ്റ് കൂടി സേർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നൽകണമെന്ന് വിധിച്ചിട്ടു മാസങ്ങളായി. അങ്ങനെ ചെയ്തില്ലെങ്കിൽ യുജിസി നിയമമനുസരിച്ച് ഗവർണർക്ക് സേർച് കമ്മിറ്റി രൂപീകരിക്കാമെന്ന് അന്നത്തെ വിധിയിൽ പറയുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയെങ്കിലും പിന്നീട് അപ്പീൽ പിൻവലിച്ചു. ഫലത്തിൽ സിംഗിൾ ജഡ്ജിയുടെ വിധി നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ നടപടി എടുക്കാമെന്നാണ് രാജ്ഭവന് കിട്ടിയ നിയമോപദേശം.

സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ച് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു ഗവർണർ വിട്ടിരിക്കുകയാണ്. ഇതിനെതിരെ നൽകിയ കേസ് സുപ്രീം കോടതിയിൽ ഉള്ളതിനാൽ പ്രതിനിധിയെ നൽകേണ്ട കാര്യമില്ലെന്നാണ് ഇടതു സർക്കാരിന്റെ വാദം. എന്നാൽ വിസി നിയമന നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സേർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയുടെ പേരു നൽകാൻ താൽക്കാലിക വിസിമാർ ബാധ്യസ്ഥരാണ്. വീഴ്ച വരുത്തിയാൽ ഗവർണറുടെ നടപടിക്കു പുറമേ കോടതിയലക്ഷ്യത്തിനും സാധ്യത ഉണ്ട്.

സർവകലാശാലാ ഭരണ സമിതികളിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. സെനറ്റിൽ പ്രതിപക്ഷവും ഉണ്ട്. അവർ സർവകലാശാലാ നോമിനിയെ നിർദ്ദേശിച്ചാൽ വിസിമാർക്കു തള്ളാൻ സാധിക്കുമോ എന്ന നിയമ പ്രശ്‌നവും ഉണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഗവർണറുടെ ഇടപെടലുകൾ.