- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലീഷെയിൽ' സച്ചിദാനന്ദന് അടിതെറ്റുമ്പോൾ
തിരുവനന്തപുരം: ശ്രീകുമാരൻ തമ്പിയ്ക്കെതിരായ 'ക്ലീഷെ' വിവാദത്തിൽ കവി സച്ചിദാനന്ദൻ ഒറ്റപ്പെടുന്നു. സംവിധായകനും കവിയുമായ ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പമെന്ന് യുവ ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അറിയിച്ചു. അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് താൻ എഴുതിയ ഏറ്റവും നല്ല വരി പോലും. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി തനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ലെന്നും ഹരിനാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ശ്രികുമാരൻ തമ്പിയുടെ കേരള ഗാനത്തെ വിലയിരുത്തിയിട്ടില്ലെന്ന് ലീലാവതി ടീച്ചറും പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരും അതൃപ്തിയിലാണ്.
ഹരിനാരായണന്റെ വരികളാണ് കേരള ഗാനത്തിന് കേരള സാഹിത്യ അക്കാദമി തിരഞ്ഞെടുത്തത്. ലീലാവതി ടീച്ചറുടെ സമിതിയാണ് തിരഞ്ഞെടുത്തതെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. എന്നാൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം കണ്ടിട്ടോ കേട്ടിട്ടോ ഇല്ലെന്നും സമിതി യോഗത്തിൽ പങ്കെടുത്തില്ലെന്നും ലീലാവതി ടീച്ചർ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹരിനാരാണയനും ശ്രീകുമാരൻ തമ്പിക്ക് പിന്തുണ നൽകുന്നത്. എല്ലാ അർത്ഥത്തിലും സച്ചിദാനന്ദൻ ഈ വിവാദത്തിൽ ഒറ്റപ്പെടുകയാണ്.
'ഏറെ ആദരണീയനായിട്ടുള്ള , ഞങ്ങൾ ഒക്കെ ഏറെ ബഹുമാനിക്കുന്ന കവി ശ്രീകുമാരൻ തമ്പി നേരിട്ടിട്ടുള്ള മാനസിക വിഷമത്തിൽ അദ്ദേഹത്തോട് ഒപ്പം നിൽക്കുന്നു. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന് നേരിട്ട വിഷമം സംബന്ധിച്ച് ഞാൻ അറിയുന്നത് ഇന്നലെയാണ്. ഈ പാട്ടിലേക്ക് എത്തുന്നത്. സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ വിളിച്ച് ഒരു പാട്ട് വേണം എന്ന് പറഞ്ഞപ്പോഴാണ്. പാട്ടിൽ വരേണ്ട വിഷയങ്ങളും പറഞ്ഞു. എന്റെ തൊഴിൽ പാട്ട് എഴുതി കൊടുക്കുന്നതാണ്. ചെയ്യാം എന്നും പറഞ്ഞു. അതിൽ ഒരു ഉപാധിയും അദ്ദേഹം വച്ചു. മേൽ കമ്മിറ്റിയുടെ സ്ക്രീനിങ്ങിന് ശേഷം മാത്രമേ പാട്ടിന് അംഗീകാരം ലഭിക്കൂ എന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. ഒക്ടോബർ 24,25 തീയതികളിലാണ് ഞാൻ പാട്ടെഴുതി കൊടുത്തത്. എഴുതിയ പാട്ട് നോക്കിയ സച്ചിദാനന്ദൻ ചില തിരുത്തലുകൾ ആവശ്യപ്പെട്ടു. അത് ഞാൻ ചെയ്തുകൊടുത്തു. കുറെ ദിവസങ്ങൾക്ക് ശേഷം മേൽ കമ്മിറ്റി കണ്ടു. അവരും ചില തിരുത്തലുകൾ നിർദേശിച്ചതായി സച്ചിദാനന്ദൻ പറഞ്ഞു. തിരുത്തലുകൾ വരുത്തി ഞാൻ പാട്ട് വീണ്ടും കൊടുക്കുകയും ചെയ്തു. വരികൾ ഓകെയാണെന്ന് പറഞ്ഞു. അതിൽ ഇനി സംഗീതം വേണം. ഒരു പാട്ടാകുന്നതുമായി ബന്ധപ്പെട്ട് ഒരു അംഗീകാരം കൂടി വേണമെന്ന് ഞാൻ അറിഞ്ഞു. അതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്നാണ് സച്ചിദാനന്ദനിൽ നിന്ന് എനിക്ക് അറിയാൻ കഴിഞ്ഞത്'- ഹരിനാരായണൻ പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിന്റെ ഏറ്റവും ഉന്നതമായ പാട്ടുകൾ സമ്മാനിച്ച വ്യക്തി ആണ് ശ്രീകുമാരൻ തമ്പി സാർ. വ്യക്തിപരമായും ഗാനരചയിതാവ് എന്ന നിലയിലും ഏറെ ബഹുമാനിക്കുന്നു. ഞാൻ വിശ്വസിക്കുന്നത്, അദ്ദേഹത്തിന്റെ ഏത് വരികളേക്കാളും എത്രയോ താഴെയാണ് ഞാൻ എഴുതിയ ഏറ്റവും നല്ല വരി പോലും. അത്രയ്ക്ക് മേലെയാണ് അദ്ദേഹത്തിന്റെ വരികൾ. അദ്ദേഹത്തിന്റെ വരികളുടെ ഏഴയലത്ത് പോലും എത്താത്ത വരികളാണ് എന്റേത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ശ്രീകുമാരൻ തമ്പിയുടെ പാട്ടുകൾ ഒരു പാഠ പുസ്തമാണ്. അതുകൊണ്ട് വ്യക്തിപരമായി എനിക്ക് അത് ക്ലീഷേ ആയി തോന്നിയിട്ടില്ല. ഈ വിവാദത്തിൽ എന്റെ പേര് വലിച്ചിഴച്ചതിൽ വലിയ വിഷമമുണ്ട്. അദ്ദേഹത്തിന് ഉണ്ടായ വിഷം ഞങ്ങൾക്കൊകെ സങ്കടകരമാണ്. പ്രത്യേകിച്ചും പാട്ട് എഴുത്തുകാരൻ എന്ന നിലയ്ക്ക്. അദ്ദേഹത്തോടൊപ്പം നിൽക്കും'- ഹരിനാരായണൻ കൂട്ടിച്ചേർത്തു.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദനെതിരെ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും രംഗത്തു വന്നിരുന്നു. തന്നോടുള്ള പ്രതികാരം തീർക്കാനായി മാർക്സിസത്തെ ഉപയോഗിക്കുകയാണ് സച്ചിദാനന്ദൻ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദൻ സ്വയം പ്രഖ്യാപിത 'അന്താരാഷ്ട്ര കവി' ആണെന്ന് അദ്ദേഹം പരിഹസിച്ചു. 'സച്ചിദാനന്ദൻ ഇന്ന് പറയുന്നു ശ്രീകുമാരൻ തമ്പിയുടെ പാട്ട് ക്ലീഷേ ആണെന്ന്. എന്തുകൊണ്ടാണ് അദ്ദേഹം ഞാൻ ഫേസ്ബുക്കിൽ പോസ്റ്റിടുന്നതുവരെ ഇത് പറഞ്ഞില്ല? എന്റെ പാട്ട് സ്വീകരിക്കുന്നില്ലെങ്കിൽ അക്കാര്യം അറിയിക്കേണ്ട കടമ അവർക്കുണ്ട്. പല്ലവിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടപ്പോൾ ആദ്യ നാലുവരി മാറ്റിയെഴുതി കൊടുത്തു.' -ശ്രീകുമാരൻ തമ്പി പറഞ്ഞു. ഇതിനൊപ്പമാണ് ഹരിനാരാണന്റെ വാക്കുകളും ചർച്ചകളിൽ എത്തുന്നത്.
'ഞാൻ എന്തെഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദൻ പറയുന്നത്. പക്ഷേ ജനങ്ങൾ അങ്ങനെ പറയുന്നില്ല. സച്ചിദാനന്ദൻ അങ്ങനെ പറയുന്നതിന് പല കാരണങ്ങളുണ്ട്. അദ്ദേഹത്തിന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പാട്ടെഴുതി ഉമ്പായിയുടെ പിറകെ നടന്ന് അദ്ദേഹത്തെ കൊണ്ട് പാടിച്ച് ആസ്വദിച്ചയാളാണ്. അപ്പൊ, ഏതുഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരൻ തമ്പിയുടെ പാട്ടിങ്ങനെ കാതിൽ കേൾക്കുമ്പോൾ അദ്ദേഹത്തിന് ദുഃഖം വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് പാട്ടെഴുതാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികൾ കേരളത്തിലെ ജനങ്ങൾ മുഴുവൻ ഏറ്റുപാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും നാല് വരികൾ 50 കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഓർമ്മിച്ച് പാടുമോ?' -അദ്ദേഹം ചോദിച്ചു.
സാഹിത്യ അക്കാദമിയെ സച്ചിദാനന്ദൻ കയ്യടക്കുന്നുവെന്ന കാര്യത്തിൽ സംശയമെന്താണ് എന്ന് ചോദിച്ച ശ്രീകുമാരൻ തമ്പി പ്രസിഡന്റായ സച്ചിദാനന്ദനും സെക്രട്ടറി അബൂബക്കറും തമ്മിൽ രമ്യതയിലല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവാദമെന്നും പറഞ്ഞു. ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്ത സ്ഥിതിക്ക് ഇനി ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്റെ പാട്ട് സ്വീകരിച്ചില്ല എന്ന് എന്നെ അറിയിക്കേണ്ടത് അബൂബക്കറിന്റെ കടമയാണ്, അദ്ദേഹമത് ചെയ്തില്ല എന്നാണ് സച്ചിദാനന്ദൻ പറഞ്ഞത്. സച്ചിദാനന്ദൻ അബൂബക്കറെ കുറ്റം പറഞ്ഞിരിക്കുകയാണ്. അവര് തമ്മിൽ ചർച്ച നടത്തുന്നില്ല എന്നല്ലേ അതിന്റെ അർഥം.' -തമ്പി പറഞ്ഞു. 'സാഹിത്യ അക്കാദമിയുടെ ചില പുസ്തകങ്ങളിൽ എൽ.ഡി.എഫ്. സർക്കാരിന്റെ നേട്ടങ്ങൾ പരസ്യം പോലെ കൊടുത്തിരുന്നു. അതേക്കുറിച്ചുള്ള ആരോപണത്തിന് 'എനിക്കറിയില്ല' എന്നായിരുന്നു സച്ചിദാനന്ദൻ പറഞ്ഞത്. അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല.'
'കേരള ഗാനം എഴുതണമെന്ന് കേരള സർക്കാർ എന്നോട് പറയുമ്പോൾ സഖാവ് പിണറായി വിജയന് വേണ്ടിയോ സഖാവ് സജി ചെറിയാന് വേണ്ടിയോ അല്ല ഞാനത് എഴുതുന്നത്. കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയാണ് ഞാനെഴുതിയത്. ആദ്യവരികൾ മാറ്റിയാൽ നന്നായിരിക്കുമെന്ന് അബൂബക്കർ എന്നോട് പറഞ്ഞപ്പോൾ, 'താങ്കൾ എത്രയോ മനോഹരഗാനങ്ങൾ എഴുതിയിട്ടുണ്ട്, ഇത് താങ്കൾക്ക് എഴുതാൻ കഴിയും' എന്ന് സച്ചിദാനന്ദൻ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞയാളാണ് ഞാനെഴുതിയത് ക്ലീഷേ ആണെന്ന് പറയുന്നത്.' 'അതുപോലെ സ്വീകരിക്കാൻ പറ്റാത്ത പദമുണ്ടെന്ന് പറയുന്നു. ഏത് പദമാണ് സ്വീകരിക്കാൻ പറ്റാത്തതായി അതിലുള്ളത്? ഒറ്റ പദം പോലും സ്വീകരിക്കാൻ പറ്റാത്തതായി അതിലില്ല. ആരും പ്രയോഗിക്കാത്ത ഒരു പുതിയ പ്രയോഗവും അതിലില്ല. അത്ര ലളിതമാണ്. കൊച്ചുകുട്ടികൾക്ക് വരെ മനസിലാകുന്ന തരത്തിൽ വേണമെന്ന് ആവശ്യപ്പെട്ടതിനാൽ ആ തരത്തിൽ തന്നെയാണ് ഞാനെഴുതിയത്.' -അദ്ദേഹം പറഞ്ഞു.