- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോശം ധനകാര്യമാനേജ്മെന്റ്'
ന്യൂഡൽഹി: കേരളത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. കേരളത്തിന്റേത് അതീവ മോശം ധന മാനേജമെന്റ് ആണെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. എടുക്കുന്ന കടം ശമ്പളവും പെൻഷനും ഉൾപ്പടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് സംസ്ഥാനം ചെലവഴിക്കുന്നുവെന്നും കേന്ദ്രം പറയുന്നു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിന് എതിരെ കേരളം നൽകിയ സ്യൂട്ട് ഹർജിയിലാണ് കോടതിയെ കേന്ദ്രം നിലപാടറിയിച്ചത്.
സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബജറ്റ് പ്രസംഗം നടത്താൻ പോകുന്നതിന്റെ തൊട്ടുമുമ്പാണ് കേരളത്തിലെ ധനകാര്യ സ്ഥിതി സംബന്ധിച്ച വിശദീകരണം അടങ്ങുന്ന കുറിപ്പ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയത്. അടിയന്തരമായി കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സംസ്ഥാന ബജറ്റിന് മുമ്പ് കോടതി പരിഗണിക്കണമെന്ന് കേരളം നേരത്തെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ധനകാര്യ കമ്മിഷനുകൾ ശുപാർശ ചെയ്തതിനേക്കാൾ തുക കേരളത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിക്ക് കൈമാറിയ കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അർഹതപ്പെട്ട കേന്ദ്രനികുതി, ധനകമ്മി ഗ്രാന്റുകൾ, കേന്ദ്ര പദ്ധതികളുടെ പണം എന്നിവ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 2018 - 19-ൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 31 ശതമാനത്തിലധികമായിരുന്നു കടം. 2021 - 22 ആയപ്പോൾ ഈ തുക 39 ശതമാനമായി ഉയർന്നു. ദേശീയ ശരാശരി 29.8 ശതമാനം മാത്രമാണെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ധനകാര്യകമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ പണം നൽകിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയർത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമർപ്പിച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 പേജുള്ള കുറിപ്പ് കേന്ദ്രം നൽകിയത്. പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്മെന്റുള്ള സംസ്ഥാനമാണ് കേരളം. 2018 - 2019ൽ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കിൽ 2021 - 22 ൽ 39 ശതമാനമായി ഉയർന്നെന്ന് കുറ്റപ്പെടുത്തുന്നു.
സംസ്ഥാനങ്ങളുടെ റവന്യൂ ചെലവ് 74 ശതമാനത്തിൽ നിന്നും 82 ശതമാനമായെന്നു കേന്ദ്രസർക്കാർ പറയുന്നു. കേന്ദ്രം നൽകേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പണവും നൽകിയിട്ടുണ്ട് . ഇതിനെല്ലാം പുറമേ ഊർജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷവും നൽകി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്മെന്റ് കാരണം കടത്തിൽ നിന്ന് കടത്തിലേക്ക് നീങ്ങുന്നു . ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. കിഫ്ബിക്ക് സ്വന്തമായ വരുമാനസ്രോതസ്സ് ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽചെയ്ത കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നിലപാടിനെതിരേ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സംസ്ഥാന ബജറ്റിനു മുൻപായി പരിഗണിക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായാണ് കേരളത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടി കേന്ദ്രം പരമോന്നത കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.