മുണ്ടക്കയം: കൂട്ടിക്കലിൽ മലയോര മേഖലയിൽ കനത്ത നാശം വിതച്ച 2021 ഒക്ടോബർ 16നുണ്ടായ പ്രളയത്തിൽ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയ വിമുക്തഭടനായ ജസ്റ്റിൻ ജോർജിന് (31) രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്‌കാരം. പൊലീസിനോ, അഗ്‌നിരക്ഷാസേനയ്‌ക്കോ ദുരന്തമേഖലയിൽ ചെന്നെത്താൻ കഴിയാതിരുന്നപ്പോൾ നാട്ടുകാരെ ഏകോപിപ്പിച്ച് നടത്തിയ അതിസാഹസികമായ രക്ഷാപ്രവർത്തനത്തിനാണ് കരസേന പൂഞ്ച് റജിമെന്റിൽനിന്ന് വിരമിച്ച ഇളങ്കാട് വയലിൽ ജസ്റ്റിൻ ജോർജിനെ രാജ്യം ആദരിച്ചത്.

2021 ഒക്ടോബർ 16 നുണ്ടായ പ്രളയത്തിൽ കൊക്കയാറ്റിലെ മുക്കുളംതാഴെ പ്രളയത്തിൽ ഒറ്റപ്പെട്ട 20 പേരെ വടംകെട്ടി പുല്ലകയാറിന്റെ മറുകരയിൽ എത്തിക്കുന്നതിന് നേതൃത്വം നൽകിയതാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. രാത്രിയായാൽ രക്ഷാപ്രവർത്തനം സാധിക്കില്ലെന്നു മനസ്സിലാക്കിയ ജസ്റ്റിൻ കുത്തിയൊഴുകിയ ആറ്റിൽചാടി ഒഴുകിയെത്തിയ തടി വടത്തിൽ ബന്ധിച്ചുനിർത്തി. അതിന്റെ സഹായത്തോടെയായിരുന്നു സാഹസിക പ്രവർത്തനം. ഏതാനും നാട്ടുകാർ മാത്രമായിരുന്നു രക്ഷാപ്രവർത്തനത്തിൽ ജസ്റ്റിനൊപ്പം പങ്കുചേർന്നത്.



പ്രളയ സമയത്ത് നാടാകെ ഭയന്നുവിറച്ചപ്പോൾ ഒറ്റയാൾ പട്ടാളം പോലെ സ്വന്തം ജീപ്പിൽ മലകയറിയെത്തിയാണ് ജസ്റ്റിൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വിമുക്ത ഭടൻ കൂടിയായ ജസ്റ്റിന്റെ നേട്ടത്തിൽ അഭിമാനിക്കുകയാണ് കൂട്ടിക്കൽ ഗ്രാമം

2021ലെ പ്രളയത്തിന്റെ തുടക്കം മുതൽ ജസ്റ്റിൻ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. രാത്രി ഉരുൾപ്പൊട്ടി വെള്ളപ്പാച്ചിൽ ഉണ്ടായപ്പോൾ ഇളംകാട് പ്രദേശത്തെ ഗ്രാമത്തെ ഒറ്റപ്പെടുത്തി. അഗ്നിരക്ഷാസേന ദുരന്തമുഖത്ത് എത്തുംമുമ്പെ ജസ്റ്റിൻ രക്ഷാചുമതല ഏറ്റെടുക്കുകയായിരുന്നു. ഭയന്നുവിറച്ചുപോയ ജനങ്ങൾക്ക് അതിവേഗം നിർദ്ദേശം നൽകി ധൈര്യപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്വന്തം ജീപ്പിൽ സ്വ്ന്തം ചെലവിലായിരുന്നു രക്ഷാപ്രവർത്തനത്തിനായുള്ള യാത്രകൾ. മറ്റു വാഹനങ്ങൾ കടന്നുപോകാൻ ഭയന്ന വഴിയിലൂടെയെല്ലാം ജസ്റ്റിൻ വാഹനം ഓടിച്ച് ദുരന്ത മുഖങ്ങളിലെത്തി.

പ്രളയ അതിജീവനത്തിനുള്ള പ്രവർത്തനങ്ങളിലും ജസ്റ്റിൻ സജീവമായിരുന്നു. പരിക്കേറ്റവരെ വാഹനം എത്താത്ത സ്ഥലത്തുനിന്ന് ചുമന്നുകൊണ്ടുവന്നാണ് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. അരിയുൾപ്പെടെ സാധനങ്ങൾ, മരുന്നുകൾ എന്നിവ പ്രളയബാധിതർക്ക് എത്തിച്ചുനൽകുകയും ചെയ്തു. വീടുകൾ വൃത്തിയാക്കാനും പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടത്താനും ജസ്റ്റിൻ മുന്നിട്ടിറങ്ങിയിരുന്നു.



ഭാര്യ ജ്യോതി (അദ്ധ്യാപിക, കാർമൽ സ്‌കൂൾ, പാലാ), മകൻ തേജസ് എന്നിവർക്കൊപ്പം പാലായിലാണ് ജസ്റ്റിൻ ഇപ്പോൾ താമസിക്കുന്നത്. രാജ്യത്തിന്റെ പുരസ്‌കാരം എത്തിയതിന്റെ സന്തോഷത്തിലാണ് ജസ്റ്റിനും കുടുംബവും. ഇളങ്കാട് വയലിൽചാക്കോ വർക്കിയുടെയും ജെസിയുടെയും മകനാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഫൈറ്റർ ജെറ്റ് വിമാനമായ തേജസിന്റെ പേരാണ് ഏക മകന് നൽകിയതെന്ന് ജസ്റ്റിൻ പറയുന്നു.

നാടിനൊന്നാകെ കനത്ത നാശം വിതച്ച പ്രളയത്തിന്റെ നടുക്കുന്ന ഓർമ്മകളിലാണ് ഇന്നും കൂട്ടിക്കലുകാർ. അതിശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മലനിരകളിൽ നിന്നും ഒഴുകി എത്തിയ വെള്ളം പുല്ലകയാറിൽ സ്വീകരിക്കാൻ കഴിയുന്നതിലും അധികമായിരുന്നു. അതുകൊണ്ട് തന്നെ ഇളംകാട് ടൗണിനു സമീപം മുക്കുളം താഴെ പുഴ ഗതി മാറി ഒഴുകി ഇളംകാട് ടൗണിനു സമീപം മുതൽ പുല്ലകയാറിന്റെ മറുകരയിലുള്ള ഗ്രാമങ്ങൾ കൂട്ടിക്കൽ വരെ ഒറ്റപ്പെട്ട നിലയിലായിരുന്നു. മുക്കുളം , മുക്കുളം ഈസ്റ്റ്, വടക്കേമല, കൊക്കയാർ, വെംബ്ലി, ഏഴേക്കർ, ഏന്തയ്യാർ ഈസ്റ്റ്, കനകപുരം തുടങ്ങിയ പ്രദേശത്തേക്കുള്ള ഏന്തയ്യാർ മുക്കുളം പാലം തകർന്നുപോയി. വെംബ്ലി പാലവും പുഴയെടുത്തുവെന്ന് നാട്ടുകാർ പറയുന്നു.

മുക്കുളം കൊക്കയാർ വെംബ്ലി മേഖലകളിലായി 100 ഓളം വീടുകളാണ് പ്രളയത്തിൽ തകർന്നത്. പുല്ലകയാറിന്റെ തീരത്ത് ഏഴേക്കർ ഭാഗത്ത് ഉൾപ്പെടെ പുഴ ഗതി മാറി ഒഴുകി നിരവധി വീടുകൾ പൂർണമായും തകർന്നു. പുല്ലകയാറിൽ നിന്നും ഇത്രയും ഉയരത്തിൽ വെള്ളം ടൗണിൽ കയറാൻ കാരണം പ്ലാപ്പള്ളി, കാവാലി പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലുകളാണ് താളുങ്കൽ ചാത്തൻപ്ലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിയെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഓഫിസ് ഭാഗം മുതൽ ചപ്പാത്ത് പാലത്തിന് സമീപം വരെ നിരവധി വീടുകളും തകർന്നു. പാലത്തിന് മറു കരയിൽ കൊക്കയാർ പഞ്ചായത്തിലെ നാരകം പുഴ പ്രദേശങ്ങളിലും വെള്ളം കയറി നിരവധി വീടുകൾ നശിച്ചു.