- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കും എന്നത് പാർട്ടി നയം; യെച്ചൂരിക്കും ബേബിക്കും 'വിദേശ സർവ്വകലാശാല' തീരെ പിടിച്ചില്ല; പിണറായിയുടെ നയ വ്യതിയാനത്തിൽ സിപിഎം ദേശീയ നേതൃത്വം പ്രതിഷേധത്തിൽ; ബജറ്റ് പ്രസംഗത്തിലെ 'കാതൽ' തിരുത്തിയേക്കും
തിരുവനന്തപുരം: വിദേശസർവകലാശാലകൾക്ക് അനുമതിനൽകാനുള്ള സംസ്ഥാനബജറ്റിലെ പ്രഖ്യാപനം പിൻവലിക്കുമോ? സിപിഎം നയത്തിന് എതിരാണ് തീരുമാനം. അതുകൊണ്ട് തന്നെ വിദേശ സർവ്വകലാശാലകൾ എത്തിക്കാൻ പിണറായി സർക്കാരിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പുഷ്പൻ എന്ന ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി' ചർച്ച പോലും സിപിഎമ്മിന് തലവേദനയാണ്. സിപിഎം ദേശീയ നേതൃത്വവും ബജറ്റിലെ ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നില്ല. കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടും എന്നാണ് സൂചന. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം എംഎ ബേബിയും വിദേശ സർവ്വകലാശാലയിൽ നയം മാറ്റണമെന്ന അഭിപ്രായക്കാരാണ്.
സ്വയംഭരണാധികാരത്തോടെയുള്ള വിദേശസർവകലാശാലകൾ രാജ്യത്തെ ഉന്നതവിദ്യാഭ്യാസഘടനയെയും പരമാധികാരത്തെയും ബാധിക്കുമെന്നാണ് സിപിഎമ്മിന്റെ ദേശീയനിലപാട്. വിദേശസർവകലാശാലയ്ക്കുള്ള യുജിസി. നടപടികളെ വിമർശിച്ച് 2023 ജനുവരി ഏഴിന് പി.ബി. പുറപ്പെടുവിച്ച പ്രസ്താവനയിലും ഈ നയമാണ് നിഴലിക്കുന്നത്. പാർട്ടി നയത്തിനു വിരുദ്ധമായി ബജറ്റിൽ നിർദ്ദേശം വന്നത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചു. എന്നാൽ കേരളത്തിലേക്ക് മാത്രമായി സിപിഎം ശക്തി ചുരുങ്ങി. ഈ സാഹചര്യത്തിൽ അതിശക്തനായ മുഖ്യമന്ത്രി പിണറായി വിജയനെ എതിർക്കുക സിപിഎം ദേശീയ നേതൃത്വത്തിന് കരുത്തുമില്ല. ഏകപക്ഷീയമായ പ്രഖ്യാപനം സിപിഎം സംസ്ഥാന നേതൃത്വവും അറിഞ്ഞില്ലെന്നാണ് സൂചന.
ഉന്നത വിദ്യാഭ്യാസ വകുപ്പുമായും കൂടിയാലോചന നടന്നിട്ടില്ല.ഈ നയവ്യതിയാനം ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിന് പരാതികൾ ലഭിച്ചിട്ടുണ്ട്. തിരുത്തൽനടപടി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ പ്രതിഫലിച്ചേക്കും. എസ് എഫ് ഐയും എതിർപ്പുമായി രംഗത്തുണ്ട്. ഇതും സർക്കാരിന് തലവേദനയാണ്. വിദേശസർവകലാശാലയോടുള്ള സമീപനത്തിൽ സിപിഎം. നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റിലെ നിർദ്ദേശം വിശദമായി വായിച്ചിട്ടില്ല. അതു മനസ്സിലാക്കിയശേഷം പാർട്ടി പരിശോധിക്കുമെന്നാണ് പിബി നേതാക്കളുടെ പൊതു അഭിപ്രായം.
ഫീസ് നിശ്ചയിക്കാനും അദ്ധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം നൽകി വിദേശസർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള യുജിസി. നീക്കത്തെ എതിർക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ഇകഴ്‌ത്തുന്ന ഈ നടപടി ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ദുഷിപ്പിക്കും. യുജിസിയുടെ നീക്കം ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളി നേരിടാൻ സഹായകരമല്ലെന്നാണ് പിബി നേരത്തെ വിഷയത്തിൽ നടത്തിയ പ്രതികരണം. 2023ലെ ഈ നിലപാടിൽ നിന്നും മാറേണ്ട സാഹചര്യം നിലവിൽ ഇല്ല. അതുകൊണ്ട് കൂടിയാണ് വിദേശ സർവ്വകലാശാലയിലെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ബാലഗോപാലിനും എതിരെയാകുന്നത്.
തുല്യതയുടെയും സുതാര്യതയുടെയും തത്ത്വങ്ങൾ അടിത്തറയാക്കി പുതിയ യുജിസി. മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കേരളത്തിൽ വിദേശസർവകലാശാലാ കാംപസുകൾ സ്ഥാപിക്കാനുള്ള അവസരങ്ങൾ പരിശോധിക്കും. ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി അല്ലെങ്കിൽ ട്രാൻസ്ഫർ ഡ്യൂട്ടി അല്ലെങ്കിൽ രജിസ്ട്രേഷൻ ചാർജുകളിൽ ഇളവുകൾ, വൈദ്യുതിക്കും വെള്ളത്തിനും സബ്സിഡി നിരക്ക്, നികുതി ഇളവുകൾ, മൂലധനത്തിന്മേലുള്ള നിക്ഷേപ സബ്സിഡി എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ നിക്ഷേപക പോളിസിയുടെ ഭാഗമായിരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.
വിദേശസർവകലാശാലകളുടെ കാര്യത്തിൽ കേന്ദ്രം അന്തിമതീരുമാനമെടുക്കട്ടെ എന്നതാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഈ നയ പ്രഖ്യാപനവും പെട്ടെന്ന് മാറി. വിദേശസർവകലാശാല വന്നാൽ വിദ്യാഭ്യാസരംഗം വാണിജ്യവത്കരിക്കപ്പെടുമെന്നും മന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. നന്നായി പ്രവർത്തിക്കുന്ന വിദേശസർവകലാശാലകളൊന്നും ഇന്ത്യയിൽ കേന്ദ്രങ്ങൾ തുറക്കാൻ തത്പരരാവില്ല. വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന മൂന്നാംകിട സർവകലാശാലകളേ വരാനിടയുള്ളൂവെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ബജറ്റിൽ ബാലഗോപാൽ ഈ നിലപാട് എടുത്തതെന്ന് ആർക്കും പിടികിട്ടുന്നുമില്ല.
വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകളെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നു ശപഥം ചെയ്തതിന്റെ 13ാം വാർഷികത്തിലാണ് അതേ സർവകലാശാലകൾക്കു സ്വാഗതവുമായി പിണറായി സർക്കാർ എത്തിയത്. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെയാണു വിദേശ സർവകലാശാലയ്‌ക്കെതിരായ നയം സ്വീകരിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കെ തന്നെ നയം ഉപേക്ഷിക്കുകയും ചെയ്തുവെന്ന വിമർശനവും ശക്തമാണ്.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തു വിദേശ സർവകലാശാലകൾക്ക് അനുമതി നൽകണമെന്ന അഭിപ്രായം ഉയർന്നപ്പോൾ സിപിഎം അതിനെ വലിയൊരു രാഷ്ട്രീയ വിഷയമാക്കി. അന്നു കേരളത്തിൽ വി എസ് സർക്കാരായിരുന്നു. വിദേശ സർവകലാശാലകൾക്ക് എതിരായ സിപിഎം നയം നിയമസഭാ രേഖകളിലും വേണമെന്നു തീരുമാനിച്ചു. 2010 ജൂലൈ 7നു സി.രവീന്ദ്രനാഥ് ശ്രദ്ധക്ഷണിക്കലായാണു വിഷയം സഭയിൽ ഉന്നയിച്ചത്.
വിദേശ സർവകലാശാലകൾ ഇന്ത്യയിൽ എത്തിയാലുള്ള ദോഷവശങ്ങളും രാജ്യത്തെ സംസ്‌കാരത്തിനു സംഭവിക്കുന്ന അപചയങ്ങളുമൊക്കെ വിസ്തരിച്ച രവീന്ദ്രനാഥിന്റെ വാക്കുകൾ തുടർന്നത് ഇങ്ങനെ: 'തനതു നയത്തിന്റെ കടകവിരുദ്ധമായ സമീപനമാണു വിദേശ സർവകലാശാലകളുടെ വരവ്. അവിശ്വസനീയമെന്നോ വിചിത്രമെന്നോ എന്നേ ഇതിനെ പറയാൻ കഴിയുകയുള്ളൂ. രാജ്യത്തിന്റെ സാധ്യതയെയും ബൗദ്ധിക മികവിനെയും കുറിച്ച് അറിയാത്തതാണ് ഈ തെറ്റായ നീക്കത്തിനു കാരണമെന്നു കരുതുന്നു.'
വിഷയത്തെ താത്വികമായി വിലയിരുത്താൻ ശ്രമിച്ച മന്ത്രി എം.എ. ബേബി പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെ: 'വിദേശ സർവകലാശാലകൾക്ക് ഇന്ത്യയുടെ വാതായനങ്ങൾ തുറന്നുകൊടുക്കുന്നത് ഇന്ത്യയിലെ സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും വളർച്ചയ്ക്ക് ഒട്ടും സ്വീകാര്യമല്ല. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിലുള്ള വ്യത്യസ്ത നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്.'
രവീന്ദ്രനാഥിന്റെ അനുബന്ധ ചോദ്യം: 'വിദേശ സർവകലാശാലകൾ ഇവിടെ വന്നാൽ ഇവിടെ നിന്നു വിദേശത്തു പഠിക്കാൻ പോകുന്നവർ ഇവിടെ തന്നെ പഠിക്കുമെന്ന അഭിപ്രായത്തോടു താങ്കൾ യോജിക്കുന്നോ?' യോജിക്കുന്നില്ലെന്നു ബേബിയുടെ മറുപടി.