ലണ്ടൻ: ബ്രസീലിലെ ആൻഡ്രെലിനൊ വീയിര ഡ സിൽവ ജനിച്ചത് 1901 ഫെബ്രുവരി 3 ന്. മാത്രമല്ല, അത് തെളിയിക്കുന്നതിനുള്ള രേഖകളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. നികുതിദായകന്റെ പേടിസ്വപ്നം എന്ന് ബ്രസീലുകാർ സ്നേഹത്തോടെ കളിയാക്കുന്ന ഡ സിൽവ തന്റെ 123-ാം ജന്മദിനം ആഘോഷിച്ചതിന്റെ ക്ഷീണത്തിലാണിപ്പോൾ. നീണ്ടു പോകുന്ന ജീവിതം ബ്രസീലിയൻ പെൻഷൻ സർവ്വീസിന്റെ ചെലവ് വർദ്ധിപ്പിക്കുന്നു എന്ന് പറഞ്ഞാണ് അദ്ദേഹത്തെ നികുതിദായകന്റെ പേടിസ്വപ്നം എന്ന് ജനങ്ങൾ വിളിക്കുന്നത്.

സർക്കാർ നൽകിയത് എന്ന് കരുതപ്പെടുന്ന ഒരു തിരിച്ചറിയൽ കാർഡിലാണ് ഇയാളുടെ പൂർണ്ണമായ പേരും, മാതാപിതാക്കളുടെ പേരും ജന്മദിനവും രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, ബയോമെട്രിക് പരിശോധനകൾക്ക് വേണ്ടിയായിരിക്കാം, ഒരു വിരലടയാളവും അതിൽ പതിപ്പിച്ചിട്ടുണ്ട്. ആ കാർഡ് വിശ്വാസയോഗ്യമാണെങ്കിൽ, 123 വയസ്സ് തികച്ച ആൻഡ്രെലിനൊയാണ് ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി.

എന്നാൽ, തന്റെ പ്രായത്തിന്റെ കാര്യം അദ്ദേഹം ഗിന്നസ് ബുക്കിനെ അറിയിച്ചിട്ടില്ല. സംഭവബഹുലമായ ഇരുപതാം നൂറ്റാണ്ടിലെ ഓരോ സംഭവങ്ങളും അനുഭവിച്ചറിഞ്ഞ ആൻഡ്രെലിനോക്ക് പറയുവാൻ കഥകൾ ഏറെയാണ്. രണ്ട് ലോക മഹായുദ്ധങ്ങൾ, കമ്മ്യുണിസത്തിന്റെ ഉയർച്ചയും പതനവും, അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ വധം എന്നിങ്ങനെ നിരവധി സംഭവങ്ങൾ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തയാളാണ് ആൻഡ്രെലിനോ.

ബീറ്റിൽസിന്റെ സംഗീത വിരുന്ന് ആസ്വദിച്ച ആൻഡ്രെലിനോ ഡയാന രാജകുമാരിയുടെ അപകടമരണവും കണ്ടു. ലക്ഷക്കണക്കിന് ജീവനുകളെടുത്ത കോവിഡും പക്ഷെ ആൻഡ്രെലിനോവിനെ സ്പർശിക്കാതെ കടന്നുപോയി. പെൻഷണർ ആയ ഇയാൾ വിവാഹിതനുമാണ്. ഏഴ് മക്കളാണ് ഇയാൾക്കുള്ളത്. അതിൽ അഞ്ചുപേർ മാത്രമാണ് ഇപ്പോഴും ജീവനോടെയുള്ളത്. 13 പേരക്കുട്ടികളും 16 കൊച്ചു പേരക്കുട്ടികളും അതിൽ ഒരു കൊച്ചു പേരക്കുട്ടിക്ക് ഒരു കുട്ടിയും ഉണ്ട്.

ലോകത്തിലെ ഏറ്റവും പ്രായമേറിയ മനുഷ്യൻ എന്ന് വെളിപ്പെടുത്തിയതിന് ശേഷം ആൻഡ്രെലിനോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബ്രസീലിലെ സാമൂഹ്യ സുരക്ഷാ ഏജൻസിയായ ഐ എൻ എസ് എസ്സിന്റെ പേടിസ്വപ്നമാണ് ആൻഡൊലിനയെന്നാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത്. പതിറ്റാണ്ടുകളായി ജനങ്ങളുടെ നികുതി പണത്തിൽ നിന്നും പെൻഷൻ ലഭിക്കുന്നതിനാലാണ് അങ്ങനെയൊരു പേര് വീണത്.

2022-ൽ തന്റെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത്, ഐ എൻ എസ്സ് സിന്റെ പേടിസ്വപ്നം എന്നെഴുതിയ ഒരു കേക്ക് അദ്ദേഹത്തിന് ആരോ സമ്മാനമായി അയച്ചു കൊടുക്കുകയും ചെയ്തത്രെ. അതിന് പ്രതികരണമായി നിങ്ങൾ ഐ എൻ എസ്സ് എസ്സിന്റെ പേടിസ്വപ്നമല്ല, മറിച്ച് ഐ എൻ എസ്സ് എസ്സിന് ലഭിച്ച വരദാനമാണ് താങ്കൾ എന്ന സന്ദേശമായിരുന്നു സാമൂഹ്യ സുരക്ഷാ ഏജൻസി അയച്ചുകൊണ്ടുത്തത്. മാത്രമല്ല, ഇനിയും അനേകം ജന്മദിനങ്ങൾ ആശംസിക്കുകയും ചെയ്തു.

അദ്ദേഹം സുഖമായിരിക്കുന്നു, നാളുകൾ കഴിയുന്തോറും കൂടുതൽ ശക്തിയാർജ്ജിക്കുന്നു എന്നായിരുന്നു ഈ വർഷത്തെ ജന്മദിനാഘോഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ പേരക്കുട്ടി അനൈന ലെമെസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. മറ്റൊരു വർഷം കൂടി തങ്ങൾക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ അദ്ദേഹം സംതൃപ്തനാണെന്നും അവർ എഴുതി. സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തന്റെ മുത്തച്ഛൻ, ജന്മനാട്ടിൽ പ്രശസ്തനായെന്നും, അദ്ദെഹം പുറത്തിറങ്ങുമ്പോഴൊക്കെ സെൽഫി എടുക്കാനായി ആളുകൾ കൂടാറുണ്ട് എന്നും പേരക്കുട്ടി പറയുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു വീഡിയോയിൽ ആൻഡ്രെലിനോ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം കളിപറഞ്ഞ് ചിരിച്ചുല്ലസിച്ച് അടുക്കളയിൽ പാചകം ചെയ്യുന്ന രംഗമുണ്ട്. കോവിഡ് കാലത്ത് ഡെങ്കു പിടിപെട്ടതിനെ തുടർന്ന് അഞ്ചു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതല്ലാതെ, അദ്ദേഹം ആശുപത്രി കണ്ടതായി ഓർക്കുന്നില്ലെന്നാണ് പേരക്കുട്ടികൾ പറയുന്നത്.

ആൻഡ്രെലിനോയുടെ പ്രായം ഔദ്യോഗികമായി പരിശോധിച്ച് ഉറപ്പിക്കാത്തതിനാൽ നിലവിൽ ഗിന്നസ് ബുക്ക് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടീയ വ്യക്തി 2023-ൽ 116-ാം ജന്മദിനം ആഘോഷിക്കുന്ന മറിയ ബ്രാന്യാസ് മൊറേറ എന്ന സ്പാനിഷ് മുത്തശ്ശിയാണ്. 1907 മാർച്ച് 4 ന് ആണ് ബ്രാന്യാസ് ജനിച്ചത്. നിലവിൽ കാറ്റലോണിയയിലെ ഒരു നഴ്സിങ് ഹോമിലാണ് അവർ ഉൾലത്. 2023 ജനുവരി 7 ന് ആയിരുന്നു അവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്ക് അംഗീകരിച്ചത്.