തൃശ്ശൂർ: ശ്രീകുമാരൻ തമ്പിയുടെ കേരള ഗാന വിവാദത്തിൽ രൂക്ഷമായ വിമർശനം നേരിട്ടതോടെ പുതിയ ന്യായീകരണവുമായി സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ വീണ്ടും രംഗത്തു വരുമ്പോൾ അതും ഗൗരവത്തോടെ എടുത്ത് സംസ്ഥാന സർക്കാർ. തമ്പിയോട് കേരളഗാനം ആവശ്യപ്പെട്ടത് സാഹിത്യ അക്കാദമിയോ താനോ അല്ലെന്നാണ് സച്ചിദാനന്ദന്റെ ഇപ്പോഴത്തെ വാദം. സർക്കാരിനെ വിവാദത്തിലാക്കാക്കുന്നതാണ് പുതിയ വാദം. സർക്കാരിനെതിരെ ഒന്നും പറയരുതെന്ന നിർദ്ദേശമാണ് ലംഘിക്കപ്പെട്ടത്.

സാംസ്‌കാരിക വകുപ്പാണ് ഗാനം ആവശ്യപ്പെട്ടത്. വകുപ്പ് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ തമ്പിയെ ബന്ധപ്പെട്ടതും ഗാനം ആവശ്യപ്പെട്ടതും. ഇതുവരെയും ഒരു ഗാനവും സെലക്ട് ചെയ്തിട്ടില്ല. നൂറുകണക്കിന് ഗാനങ്ങൾ ലഭിച്ചു. ഇപ്പോഴും ആളുകൾ അയച്ചുകൊണ്ടിരിക്കുന്നു. സച്ചിദാനന്ദൻ ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചു. നേരത്തെ ഗാനം തിരഞ്ഞെടുത്തുവെന്നായിരുന്നു പറഞ്ഞത്. വിവാദമായപ്പോൾ അത് മാറ്റി. ഇതെല്ലാം അക്കാദമിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സർക്കാർ പക്ഷം.

നേരത്തെ സച്ചിദാനന്ദൻ പറഞ്ഞതിന് കടകവിരുദ്ധമായ നിലപാടാണിത്. ശ്രീകുമാരൻ തമ്പിയുടെ ഗാനം ഡോ എം. ലീലാവതി അധ്യക്ഷയായ സ്‌ക്രീനിങ് കമ്മിറ്റി തള്ളി എന്നും പകരം ബി.കെ. ഹരിനാരായണന്റെ ഗാനം സ്വീകരിച്ചു എന്നുമാണ് സച്ചിദാനന്ദൻ അന്ന് പറഞ്ഞത്. ഇത് ഏറെ വിവാദമായി. വിമർശനം കടുത്തതോടെയാണ് പുതിയ ന്യായീകരണമെന്നാണ് സൂചന. വിവാദത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സച്ചിദാനന്ദനെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും തീർത്തും അതൃപ്തിയിലാണ്. സച്ചിദാനന്ദനെ മാറ്റാത്തത് മ്റ്റ് വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടി വേണ്ടിയാണ്.

തമ്പിയുടെ ഗാനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സാംസ്‌കാരിക വകുപ്പാണെന്നും താൻ സെലക്ട് കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണെന്നുമാണ് സച്ചിദാനന്ദന്റെ ഇന്നലത്തെ പോസ്റ്റ്. ഇതോടെ ഉത്തരവാദിത്വം സാംസ്‌കാരിക വകുപ്പിന് മേലാക്കി ഒഴിയാനുള്ള ശ്രമമാണ് സച്ചിദാനന്ദന്റേത്. ഇത് സർക്കാരും സിപിഎമ്മും ഗൗരവത്തോടെ എടുക്കും. വീണ്ടും ഇത്തരം പ്രസ്താവനകൾ ഇറക്കരുതെന്ന് താക്കീത് ചെയ്യും. ഗാനം തിരിഞ്ഞെടുത്തില്ലെന്ന സന്ദേശം നൽകാനാണ് നിർദ്ദേശിച്ചത്. എന്നാൽ എല്ലാം സർക്കാരിന്റെ തലയിൽ ചാർത്തുകയായിരുന്നു സച്ചിദാനന്ദൻ.

സാഹിത്യ അക്കാദമിയിൽ സർക്കാർ ഇടപെടുന്നുവെന്നതിന് തെളിവായി സച്ചിദാനന്ദന്റെ വിലയിരുത്തൽ മാറാൻ ഇടയുണ്ട്. ശ്രീകുമാരൻ തമ്പിയെ അധിക്ഷേപിച്ചതിനെതിരെ രൂക്ഷമായ പ്രതികരണമാണ് സാംസ്‌കാരിക ലോകത്തു നിന്നും ഉണ്ടായത്. ഡോ. എം. ലീലാവതിയും ഹരിനാരായണനും ഉൾപ്പെടെയുള്ളവർ സച്ചിദാനന്ദന്റെ വാദങ്ങൾ തള്ളി നേരത്തെ രംഗത്ത് വന്നിരുന്നു.