ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ചരിത്രസമരമാണ് കേരളം ഡൽഹിയിൽ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. സംസ്ഥാനങ്ങളെ തുല്യതയോടെ പരിഗണിക്കുന്ന പുലരിക്കുവേണ്ടിയുള്ള പുതിയ സമരത്തിന്റെ തുടക്കമാണിത്. ഇന്നത്തെ ദിവസം ഇന്ത്യാചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ദിവസമായി മാറുമെന്നും ജന്തർമന്തറിലെ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ നിരന്തര അവഗണനക്കെതിരെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ പ്രതിഷേധത്തിന് വൻ പിന്തുണയാണ് കിട്ടിയത്. കേരള ഹൗസിൽ നിന്നും ജന്തർമന്തറിലേക്ക് മാർച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. കേരളത്തിന്റെ മൂന്നരക്കോടി ജനതയുടെ രോഷമാണ് ഡൽഹിയിൽ ഉയരുക. നാടിന്റെ മുന്നേറ്റത്തിനായി ഡൽഹി ജന്തർമന്തറിൽ ഉയരുന്ന ശബ്ദം ജനാധിപത്യ ഇന്ത്യയിൽ കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ഉജ്വല ഏടാകും. കേരളത്തിന്റെ മുന്നോട്ടുപോക്കിനും അതിജീവനത്തിനും അനിവാര്യമായതോടെയാണ് സംസ്ഥാനം പ്രക്ഷോഭത്തിനൊരുങ്ങിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി മാനും പങ്കെടുത്തു.

ജന്തർമന്തറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ പങ്കെടുത്തു. പ്രതിഷേധം ഉച്ചവരെ തുടരും. എൻഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നൽകിയിരുന്നു. ഡൽഹി മലയാളികളുടെ പ്രതിനിധികളും പങ്കെടുക്കും. സഹകരണ ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന ഏടായി സമരം മാറുമെന്നാണ് പ്രതിപക്ഷ പ്രതിഷേധം. അതിശക്തമായ വിമർശനമാണ് കേന്ദ്രത്തിനെതിരെ പിണറായി ഉയർത്തിയത്.

വിവിധ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന നിയമനിർമ്മാണങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. പദ്ധതികൾക്ക് ബ്രാൻഡിങ് അടിച്ചേൽപ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സർക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാൻഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങൾ വലിയ വിഹിതത്തിൽ പണം ചെലവാക്കുന്ന പദ്ധതികൾക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിർബന്ധമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ഇല്ലെങ്കിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നൽകില്ലെന്ന് പറയുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ശിക്ഷയായി മാറുകയാണ്. ഇത് ലോകത്തൊരിടത്തും കാണാൻ കഴിയാത്ത പ്രതിഭാസമാണ്. വിവിധ ഇനങ്ങളിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ഭരണഘടനയെ ദുർവ്യാഖ്യാനംചെയ്ത് വായ്പയെടുക്കൽ പരിമിതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിനുമേൽ ബോധപൂർവ്വം സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്റേത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾ പിന്തുടരാത്തതിനാൽ കേരളത്തെ അവഗണിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളാൽ തിരസ്‌കരിക്കപ്പെട്ട നയങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റെ ഇത്തരം വിവേചനങ്ങൾ കേരള ജനതയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'2018-ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേന്ദ്രസർക്കാർ കേരളത്തോട് വിവേചനം കാണിച്ചിരുന്നു. അന്ന് പ്രളയ പാക്കേജുകളൊന്നും കേരളത്തിന് പ്രത്യേകമായി ഏർപ്പെടുത്തിയില്ല. ആ ഘട്ടത്തിൽ അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്കുവരെ പണം പിടിച്ചുപറിച്ചു. പ്രളയഘട്ടത്തിൽ കേരളത്തിന് സഹായം ലഭ്യമാക്കാൻ പല വിദേശരാജ്യങ്ങളും മുന്നോട്ടുവന്നിരുന്നു. എന്നാൽ, അവ സ്വീകരിക്കുന്നതിൽനിന്ന് കേരളത്തെ തടഞ്ഞു. എത്ര മനുഷ്യത്വരഹിതമാണ് കേന്ദ്രസമീപനമെന്ന് വ്യക്തമാക്കുന്നതാണിത്. ഇടക്കാല ബജറ്റിലും കേരളത്തോടുള്ള അനീതി പ്രകടമാണ്. എയിംസ്, കെ റെയിൽ, ശബരിപാത തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായി പോലും നടിച്ചില്ല', മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ ഒരുമയെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ഉണ്ടാകുമ്പോൾ അതിനെ പ്രതിരോധിക്കാൻ കൂടുതൽ ശക്തമായി മുന്നോട്ടുപോകണം. അവഗണന നേരിടുന്ന സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്. ഇന്നലെ കർണാടകയും ഇന്ന് കേരളവും പ്രതിഷേധിക്കുന്നു. ഇതിനെ ഉത്തരേന്ത്യ-ദക്ഷിണേന്ത്യ എന്ന വിഭജനമായി ചിത്രീകരിക്കാനാണ് ബിജെപി. ശ്രമിക്കുന്നത്. ബിജെപി.യാണ് രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.