കൊച്ചി: ഹൈക്കോടതിയിൽ വിചിത്രമായ ആവശ്യവുമായി അർദ്ധ സൈനികരിൽ വിരമിച്ചവരും. പള്ളിപ്പുറത്തെ സിആർപിഎഫ്. ഗ്രൂപ്പ് കാന്റീനെ മദ്യം ലഭിക്കുന്ന സ്‌കീമിൽനിന്ന് ഒഴിവാക്കിയതിനെതിരേ സിഐ.എസ്.എഫിൽനിന്ന് വിരമിച്ചവർ ഹൈക്കോടതിയെ സമീപിച്ചത് കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിച്ച്.

മദ്യം നൽകുന്നതിൽ തങ്ങളെ ഒഴിവാക്കിയത് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. സേനയിലെ മറ്റ് വിഭാഗങ്ങൾക്കെല്ലാം മദ്യം ലഭിക്കുമ്പോൾ തങ്ങളെ മാത്രം ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. സിഐ.എസ്.എഫിനെ മദ്യം ലഭിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്നതിൽ ഡയറക്ടർ ജനറലിന്റെ നിലപാട് അറിയിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

സിഐ.എസ്.എഫിനും കാന്റീൻവഴി മദ്യം ലഭിച്ചിരുന്നു. ഇത് നിർത്തലാക്കി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇന്ത്യയിലെ പ്രധാനപ്പെട്ട സർക്കാർ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും സുരക്ഷക്കായി രൂപീകരിച്ച സായുധ സുരക്ഷാവിഭാഗമാണ് കേന്ദ്ര വ്യവസായ സുരക്ഷാസേന(സിഐ.എസ്.എഫ്.). ലോകത്തിലെ ഏറ്റവും വലിയ സായുധ സുരക്ഷ സേനയാണിത്. 1969ൽ രൂപീകരിച്ച ഈ കേന്ദ്ര വ്യവസായ സുരക്ഷാസേനയിൽ ഇപ്പോൾ 142,526 പേരാണുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന സേനയുടെ ആസ്ഥാനം ന്യൂഡൽഹിയിലാണ്. ഇന്ത്യയിലുടനീളമുള്ള 300 വ്യാവസായിക യൂണിറ്റുകൾ, സർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് സിഐഎസ്എഫ് സുരക്ഷ നൽകുന്നു.