ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രീം കോടതിയിൽ കേരളത്തിന്റെ സത്യവാങ്മൂലം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രത്തിനെതിരെ കേരളം മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ വാദങ്ങൾ തെറ്റാണെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 275 പേജുള്ള വിശദമായ സത്യവാങ്മൂലമാണ് കേരളം നൽകിയത്.

കേരളം കടമെടുക്കുന്നത് കാരണം സമ്പദ്വ്യവസ്ഥ തകരുമെന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് കേരളം വിമർശനം ഉന്നയിക്കുന്നു. രാജ്യത്തെ മൊത്തം കടത്തിന്റെ അറുപത് ശതമാനവും കേന്ദ്രത്തിന്റേതാണ്. ഇതിന്റെ 1.75 ശതമാനം മാത്രമാണ് കേരളത്തിന്റെ കടമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റ ധന മാനേജ്മെന്റും മോശമാണ്. സങ്കുചിത മനസ്ഥിതിയോടെയാണ് കേന്ദ്രം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അമർത്യ സെൻ ഉൾപ്പടെയുള്ള വിദഗ്ദ്ധർ കേരള മോഡലിനെ പ്രകീർത്തിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ സാഹചര്യം വിലയിരുത്താൻ കഴിയില്ല. പല വസ്തുതകളും മറച്ചുവച്ചുകൊണ്ടാണ് കേന്ദ്രം ആരോപണം ഉന്നയിക്കുന്നതെന്നും കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ വിശദമായ കുറിപ്പ് നൽകിയിരുന്നു. ഈ കുറിപ്പിൽ പറയുന്ന കാര്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് കേരളം സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുള്ളത്.

കേന്ദ്രത്തിന്റെ ധനമാനേജ്മെന്റ് മോശമാണ്. സമ്പദ്വ്യവസ്ഥ തകരുന്നത് കടമെടുക്കുന്നത് കാരണമല്ല. കേന്ദ്രത്തിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും മറുപടി സത്യവാങ്മൂലത്തിൽ കേരളം പറയുന്നു.

അതേ സമയം കേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പ്രസ്താവന തെറ്റെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

നികുതി വിഹിത ശതമാനം കണക്കാക്കിയതിൽ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് കേരള സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്റിൽ ഉൾപ്പെടുത്തി. ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു.

യുപിഎ കാലത്തെക്കാൾ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സർക്കാർ നൽകിയെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവകാശവാദമുന്നയിച്ചത്.കേരളത്തിന് കഴിഞ്ഞ പത്ത് വർഷം കേന്ദ്രം നൽകിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കെന്ന പേരിലാണ് പാർലമെന്റിൽ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'യുപിഎയുടെ പത്തുകൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്കിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കിൽ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ കണക്കുകളിൽ കൃത്യമമുണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.