ന്യൂഡൽഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന മൂന്നു പേർക്കു കൂടി. അന്തരിച്ച മുൻ പ്രധാനമന്ത്രിമാരായ പി.വി.നരസിംഹ റാവു, ചൗധരി ചരൺ സിങ്, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ എന്നിവർക്കാണു ഭാരതരത്‌ന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കൃഷി, കർഷക ക്ഷേമം, രാഷ്ട്രനിർമ്മാണം, സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നിവയിലെ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്താണ് പരമോന്നത സിവിലയിൻ ബഹുമതി.

'നമ്മുടെ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. വിശിഷ്ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന നരസിംഹ റാവു ഇന്ത്യയെ വിവിധ തലങ്ങളിൽ സേവിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം ചെയ്ത പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചു, രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകി. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലയളവ് ഇന്ത്യയെ ആഗോളവിപണിയിലേക്ക് തുറന്നുകൊടുത്ത സുപ്രധാന നടപടികളാൽ അടയാളപ്പെടുത്തി. സാമ്പത്തിക വികസനത്തിന്റെ പുതിയൊരു യുഗം അദ്ദേഹം വളർത്തിയെടുത്തു.' നരസിംഹ റാവുവിനെ കുറിച്ച് പ്രധാനമന്ത്രി 'എക്സി'ൽ കുറിച്ചു.

കൃഷിയിലും കർഷകക്ഷേമത്തിലും രാഷ്ട്രത്തിന് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ച്, ഡോ. എം.എസ്. സ്വാമിനാഥന് ഭാരതരത്‌ന നൽകി ആദരിക്കുന്നത് അത്യന്തം സന്തോഷകരമായ കാര്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

'വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഇന്ത്യയെ കാർഷികമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിക്കുകയും ഇന്ത്യൻ കാർഷിക മേഖലയെ നവീകരിക്കുന്നതിനുള്ള മികച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾക്കിടയിൽ പഠനത്തിനും ഗവേഷണത്തിനും പ്രോത്സാഹനവും ഉപദേഷ്ടാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അമൂല്യമായ പ്രവർത്തനത്തെ ഞങ്ങൾ തിരിച്ചറിയുന്നു. ഡോ. സ്വാമിനാഥന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യൻ കാർഷിക മേഖലയെ മാറ്റിമറിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്തു. എനിക്ക് അടുത്തറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം, അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾക്ക് ഞാൻ എപ്പോഴും വില കല്പിച്ചിരുന്നു.' പ്രധാനമന്ത്രി വ്യക്തമാക്കി.

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ.കെ.അഡ്വാനി, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ എന്നിവർക്കും കഴിഞ്ഞ ഫെബ്രുവരി 3 ന് ഭാരതരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മൂന്ന് പേരെ കൂടി പ്രഖ്യാപിച്ചത്. മൂന്നു പേർക്കും മരണാനന്തര ബഹുമതിയായാണ് വിശിഷ്ടപദവി സമ്മാനിച്ചത്.

അസാധാരണമായ രീതിയിലാണ് ഇത്തവണത്തെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് എല്ലാ വിഭാഗത്തെയും പരിഗണിച്ച് അഞ്ച് പേരെ ഇത്തവണ തിരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.