- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജഡേജ കുടുംബത്തിലേത് 'രാഷ്ട്രീയ' പോരോ? റിവാബ വീണ്ടും വിവാദത്തിൽ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കും ഭാര്യ റിവാബ ജഡജയ്ക്കും എതിരെ കടുത്ത വിമർശനമുയർത്തി പിതാവ് അനിരുദ്ധ്‌സിൻഹ് ജഡേജ രംഗത്ത് വന്നതോടെ ബിജെപി എം എൽഎ കൂടിയായ റിവാബ വീണ്ടും വിവാദത്തിൽ. വിവാഹ ശേഷം കാര്യങ്ങളെല്ലാം മാറിപ്പോയതായും ജാംനഗറിൽ താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും അനിരുദ്ധ്‌സിങ് ജഡേജ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതോടെയാണ് ജഡേജ കുടുംബത്തിലെ അസ്വാരസ്യം പുറത്തായത്.
മരുമകളും ബിജെപി എംഎഎൽഎയുമായ റിവാബ ജഡേജയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങൾക്കും കാരണമെന്നും ഒരേ നഗരത്തിൽ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അനിരുദ്ധ്‌സിങ് ജഡേജ അഭിമുഖത്തിൽ പറഞ്ഞത്.
മകൻ രവീന്ദ്ര ജഡജേയുമായും മരുമകൾ റിവാബയുമായും എനിക്കിനി യാതൊരു ബന്ധവുമില്ല. ഞാനവരെയും വിളിക്കാറില്ല, അവരെന്നെയും വിളിക്കാറില്ല. ജഡേജയുടെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നാ മാസം കഴിഞ്ഞപ്പോൾ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഞാനിപ്പോൾ ജാംനഗറിൽ ഒറ്റക്കാണ് താമസിക്കുന്നത്. റിവാബയാകട്ടെ ഇതേ നഗരത്തിലെ സ്വന്തം ബംഗ്ലാവിലും. ജഡേജയും ഇതേ നഗരത്തിലാണ് താമസിക്കുന്നത്. പക്ഷെ ഞാനവനെ കാണാറില്ല. അവനെ മയക്കാൻ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് എനിക്കറിയില്ല എന്നായിരുന്നു അനിരുദ്ധ് ജഡേജ പറഞ്ഞത്.
"ഞാനോ, ജഡേജയുടെ സഹോദരിയോ പറയുന്നതു തെറ്റാണെന്നു തോന്നാം, പക്ഷേ കുടുംബത്തിലെ 50 അംഗങ്ങൾക്കും എങ്ങനെയാണു തെറ്റിപ്പോകുക. കുടുംബത്തിലെ ആരുമായും ബന്ധമില്ല, വെറുപ്പു മാത്രമാണ് ഉള്ളത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി". റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നത്. അവർ എല്ലാത്തിലും ഇടപെടുമെന്നും ജഡേജയുടെ പിതാവ് പറയുന്നു. ഇതോടെ വീണ്ടും വിവാദത്തിലായിരിക്കുകയാണ് ബിജെപി എംഎൽഎയും രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ.
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ കുടുംബം ക്രിക്കറ്റുമായി ബന്ധമില്ലാത്ത കാരണങ്ങളാൽ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. 2016ലായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജ മുതിർ കോൺഗ്രസ് നേതാവ് ഹരി സിങ് സോളങ്കിയുടെ മകളും മെക്കാനിക്കൽ എഞ്ചിനീയറുമായ റിവാബയെ വിവാഹം കഴിക്കുന്നത്.
രവീന്ദ്ര ജഡേജയുടെ കുടുംബവും കോൺഗ്രസ് പശ്ചാലത്തമുള്ളവരും ജഡേജയുടെ സഹോദരി നയ്‌നാബ സജീവ കോൺഗ്രസ് പ്രവർത്തകയുമാണ്. എന്നാൽ 2018ൽ റിവാബ സമുദായ സംഘടനയായ രജ്പുത് കർണി സേനയുടെ ഗുജറാത്ത് ഘടകത്തിന്റെ വനിതാ അധ്യക്ഷയായതോടെ ജഡേജയുടെയും റിവാബയുടെയും കുടുംബം ഒരുപോലെ ഞെട്ടി. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പത്മാവതിനെതിരെയും ദീപിക പദുക്കോണിനെതിരെയുമെല്ലാം ഉത്തർപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലുമെല്ലാം പ്രതിഷേധിച്ചത് കർണിസേനയുടെ നേതൃത്വത്തിലായിരുന്നു.
പത്മാവതിനെതിരെ 2018ൽ കർണി സേനയുടെ നേതൃത്വത്തിൽ നടത്തിയ രാജ്യവ്യാപക പ്രതിഷേധങ്ങളിലൂടെ റിവാബ ഭാവി നേതാവായി. 2019ൽ റിവാബ ബിജെപിയിൽ അംഗത്വമെടുത്തതിന് പിന്നാലെ രവീന്ദ്ര ജഡേജയുടെ സഹോദരി നെയ്‌ന കോൺഗ്രസിൽ ചേർന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രജപുത്രർക്കിടയിൽ റിവാബയ്ക്കുള്ള സ്വാധീനം കണക്കിലെടുത്ത് റിവാബയെ ബിജെപി നോർത്ത് ജാംനഗറിൽ സ്ഥാനാർത്ഥിയാക്കി.
നിലവിലെ എം എൽ എ ആയിരുന്ന ബിപേന്ദ്ര സിങ് ജഡേജയെ തഴഞ്ഞാണ് ബിജെപി റിവാബയെ സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിപേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിലെത്തി. നോർത്ത് ജാംനഗറിൽ റിവാബക്കെതിരെ മത്സരിച്ചു. എന്നാൽ തെരഞ്ഞെടുപ്പിൽ ബിപേന്ദ്ര സിങ് ജഡേജയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി വൻ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചു കയറിയത്. റിവാബക്ക് 88,835 വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാമത് എത്തി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കർഷൻബായ് കാർമുറിന് 35,265 വോട്ടുകളും ബിപേന്ദ്ര സിങ് ജഡേജക്ക് 23, 274 വോട്ടുകളും മാത്രമാണ് ലഭിച്ചത്.
സിറ്റിങ് എംഎൽഎയെ അട്ടിമറിച്ച് വൻ വിജയം നേടിയതോടെ റിവാബ ഗുജറാത്തിൽ ബിജെപിയുടെ തിളങ്ങുന്ന മുഖങ്ങളിലൊന്നാവുകയും ചെയ്തു. വളരെ ഫാഷനിബിളായി വസ്ത്രം ധരിച്ചിരുന്ന റിവാബ രാഷ്ട്രിത്തിലിറങ്ങിയതോടെ വസ്ത്രധാരണത്തിലും മാറ്റം വരുത്തി. സാരി കൊണ്ട് തല മറച്ചല്ലാതെ റിവാബയെ പൊതുവേദികളിൽ കാണാറില്ല. 1990ൽ രാജ്‌കോട്ടിൽ ജനിച്ച റിവാബ രാജ്‌കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദമെടുത്തശേഷം 2016ലാണ് രവീന്ദ്ര ജഡേജയെ വിവാഹം കഴിക്കുന്നത്. കോൺഗ്രസ് പശ്ചാത്തലമുള്ള കുടുംബങ്ങൾ എന്നതും ഇരുവരുടെയും വിവാഹത്തിന് കാരണമായിരുന്നു.
എന്നാൽ വിവാഹശേഷം തന്റെ രാഷ്ട്രീയ മോഹങ്ങൾ വ്യക്തമാക്കിയ റിവാബയുടെ നിലപാട് ജഡേജയുടെ മാതാപിതാക്കൾക്ക് അംഗീകരിക്കാനാവാഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. കോൺഗ്രസ് കുടുംബത്തിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറുകയും തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎ ആകുകയും ചെയ്തതോടെ കുടുംബവുമായി അകന്നുവെന്ന ആക്ഷേപമാണ് നിലനിൽക്കുന്നത്. അന്നുമുതൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് ജഡേജയുടെ പിതാവിന്റെ തുറന്നു പറച്ചിലിലൂടെ ഇപ്പോൾ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നതും.