- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ
ന്യൂഡൽഹി: 2019 ഡിസംബറിൽ പാസാക്കിയ പൗരത്വഭേദഗതി നിയമം ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎഎ കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനമായിരുന്നു. എന്നാൽ അതിൽ നിന്ന് കോൺഗ്രസ് പിന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടി നൗ ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎ വിജ്ഞാപനം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്. സിഎഎ സംബന്ധിച്ച് ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് നമ്മുടെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിഎഎയിൽ ആരുടേയും പൗരത്വം എടുത്ത് കളയാൻ വ്യവസ്ഥയില്ല.
ബംഗ്ലാദേശിലും പാക്കിസ്ഥാനിലും അഫ്ഗാനിസ്താനിലും പീഡനം അനുഭവിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ളതാണ് സിഎഎയെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനമായിരുന്നു സിഎഎ. രാജ്യം വിഭജിക്കപ്പെടുകയും ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ, അഭയാർത്ഥികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. ഇപ്പോളവർ പിന്മാറിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
സിഎഎ വിജ്ഞാപനം ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി വരും. ആർക്കും അതിൽ യാതൊരു സംശയവും വേണ്ട. ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വ നിയമംഭേദഗതി ചെയ്തത്. പൗരത്വം നൽകാനാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കുമെന്നും എൻഡിഎ 400 കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. കോൺഗ്രസും സഖ്യപാർട്ടികളും പ്രതിപക്ഷത്തിരിക്കാൻ തിരുമാനിച്ചെന്നും കൂടുതൽ പാർട്ടികൾ വരുംദിനങ്ങളിൽ എൻഡിഎയിൽ ചേരുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
രാജ്യവിഭജനത്തിന് ഉത്തരവാദിയായ നെഹ്‌റുവിന്റെ ഇളമുറക്കാർക്ക് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാൻ ധാർമികതയില്ല. പരസ്യമായി കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് രാഹുലിന്റെ നയം. പ്രധാനമന്ത്രിയുടെ ജാതി പറയുമ്പോൾ, കോൺഗ്രസിന് വിഭാഗവും ജാതിയും തമ്മിലുള്ള വ്യത്യാസം അറിയില്ല. താൻ ഒബിസി ആണെന്നും ഒബിസി ഒരു ജാതിയല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ജാതിയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് അങ്ങേയറ്റം സങ്കടകരമാണ്' അമിത് ഷാ പറഞ്ഞു.
ഞങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കി. അതിനാൽ രാജ്യത്തെ ജനങ്ങൾ ബിജെപിക്ക് 370 സീറ്റുകൾ നൽകും. 2024 ലെ തിരഞ്ഞെടുപ്പ് എൻഡിഎയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള തിരഞ്ഞെടുപ്പായിരിക്കില്ല എന്നും മറിച്ച് വികസനത്തിനും മുദ്രാവാക്യം വിളിക്കുന്നവർക്കും ഇടയിലായിരിക്കും എന്നും അമിത് ഷാ പറഞ്ഞു. യു പി എ ഭരണത്തിന്റെ 10 വർഷത്തിന് ശേഷം തങ്ങളുടെ സർക്കാർ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ച എന്നും രാജ്യത്ത് വിദേശ നിക്ഷേപം കൊണ്ടുവന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.
ശ്രീരാമൻ ജനിച്ച സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കണമെന്ന് രാജ്യത്തെ ജനങ്ങൾ 500-550 വർഷമായി വിശ്വസിച്ചിരുന്നതായി ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാൽ, പ്രീണന രാഷ്ട്രീയവും ക്രമസമാധാനപാലനവും ചൂണ്ടിക്കാട്ടി രാമക്ഷേത്ര നിർമ്മാണം അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
2014 ഡിസംബർ 31-ന് മുൻപ് പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി വിഭാഗങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ളതാണു നിയമം. 2019ലാണ് ബിൽ പാർലമെന്റ് പാസാക്കിയത്. 2019 ഡിസംബർ 12നു രാഷ്ട്രപതി അംഗീകാരം നൽകി. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ 83 പേരാണ് മരിച്ചത്. ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയിൽ നിരവധി തവണ ആഭ്യന്തരമന്ത്രാലയം സാവകാശം തേടിയിരുന്നു.