മാനന്തവാടി: വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി പ്രദേശവാസിയെ ചവിട്ടിക്കൊന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി വനമേഖലയിൽ വിടാനാണ് ഉത്തരവിലുള്ളത്. ആനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. അതേ സമയം കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി മാനന്തവാടി സബ് കളക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്. ആനയെ വെടിവച്ചു കൊല്ലണമെന്നാണു പ്രതിഷേധക്കാരുടെ ആവശ്യം.

പടമല സ്വദേശി അജീഷ് ആണ് രാവിലെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന, ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ നാല് താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തിയതോടെ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകാമെന്നും മരിച്ച അജിയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാമെന്നും കളക്ടർ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും ചർച്ചയ്ക്ക് എത്തിയവർ തള്ളി.

പ്രതിഷേധത്തെ തുടർന്നു നഗരം സ്തംഭിച്ച അവസ്ഥയിലാണ്. അതിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആദ്യഗഡു അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച കൈമാറും. ആവശ്യങ്ങൾ രേഖാമൂലം അറിയിക്കണമെന്ന എംഎൽഎയുടെ ആവശ്യം ബന്ധുക്കൾ അംഗീകരിച്ചില്ല. വനംമന്ത്രി അജീഷിന്റെ ബന്ധുക്കളെ വിളിക്കുമെന്നാണു റിപ്പോർട്ട്.

സംഭവം നടന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കൽ കോളജിൽനിന്നു മൃതദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങിയത്. പിന്നീട് കലക്ടർ പ്രതിഷേധം നടക്കുന്ന സ്ഥലത്തെത്തി. മനുഷ്യ ജീവന് വിലയില്ലേയെന്ന ചോദ്യവുമായി കലക്ടറെ സംസാരിക്കാൻ അനുവദിക്കാതെ തടിച്ചുകൂടിയ ജനക്കൂട്ടം രൂക്ഷമായി പ്രതികരിച്ചു. പ്രതിഷേധങ്ങൾക്കിടയിലും അജീഷിന്റെ മൃതദേഹം കണ്ടു കലക്ടർ മടങ്ങി. വലിയ പ്രതിഷേധമായിരുന്നു കലക്ടർക്കെതിരെ ജനക്കൂട്ടം ഉയർത്തിയത്. മാനന്തവാടി ടൗണിൽ വ്യാപാരികളുടെ ഹർത്താൽ നടക്കുകയാണ്.

മെഡിക്കൽ കോളജിലേക്കു വരികയായിരുന്ന വയനാട് എസ്‌പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാർ ഗോ ബാക്ക് വിളികൾ ഉയർത്തി. എസ്‌പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്നു പോകാൻ നാട്ടുകാർ പറഞ്ഞു. വാഹനത്തിൽനിന്നിറങ്ങിയതിനു പിന്നാലെ എസ്‌പിക്കു നേരെ പ്രതിഷേധമുയർന്നു. രണ്ടു സംഘമായാണു പ്രതിഷേധം നടന്നത്. എസ്‌പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരു സംഘവും ഗാന്ധിപ്രതിമയുടെ മുന്നിൽ മൃതദേഹവുമായി മറ്റൊരു സംഘവും പ്രതിഷേധിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിനും ജില്ലാ പ്രസിഡന്റ് സംഷാദ് മരയ്ക്കാരും സ്ഥലത്ത് എത്തി.

കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം.ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നിൽ പെട്ടത്. എന്നാൽ ആന ജനവാസമേഖലയിൽ കയറിയതിന് ഒരു മുന്നറിയിപ്പോ അനൗസ്‌മെന്റോ വനം വകുപ്പ് നൽകിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവം നടന്നയുടൻ മാനന്തവാടി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് 144 പ്രഖ്യാപിച്ചത്. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീർക്കൊമ്പൻ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ റേഡിയോ കോളർ സിഗ്‌നൽ കർണ്ണാടകം തന്നില്ലെന്നാണ് കേരളത്തിന്റെ പരാതി.റേഡിയോ കോളർ സിഗ്‌നൽ കിട്ടാൻ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വ്യക്തമാക്കുന്നു. വനംമന്ത്രാലയത്തിന്റെ കേന്ദ്രീകൃത മോണിറ്ററിങ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‌വേഡും നൽകിയാൽ ട്രാക്കിങ് വിവരം ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേയുടെ മറുപടി. വനംവകുപ്പിന്റെ വീഴ്ചയിൽ തർക്കങ്ങൾ തുടരുമ്പോഴും ഒരു ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യം മാത്രം ബാക്കിയാണ്.