- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായം ഭാര്യയ്ക്ക് സ്ഥിരം ജോലി നൽകും; കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കും; പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാർ; കാട്ടാന 'ബേലൂർ മാഗ്ന'യെ മയക്കുവെടി വച്ച് പിടികൂടാൻ ദൗത്യസംഘം
മാനന്തവാടി: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാൻ തീരുമാനമായതോടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാരും ബന്ധുക്കളും അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ്കളക്ടറുടെ ഓഫീസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കൈമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നൽകണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട് സർക്കാറിലേക്ക് ശുപാർശ നൽകാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികൾ പ്രയത്‌നിക്കുമെന്നും യോഗത്തിൽ ധാരണയായതായി തഹസിൽദാർ (ലാൻഡ് ട്രിബ്യൂണൽ) എം.ജെ. അഗസ്റ്റിൻ അറിയിച്ചു.
അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകൾ എഴുതിത്ത്ത്ത്ത്തള്ളുന്ന ആവശ്യത്തിൽ സർക്കാർതലത്തിൽ അനുകൂല പരിഗണന നൽകും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി. മയക്കുവെടി വെക്കാനുള്ള ദൗത്യം ഇന്നുതന്നെ തുടങ്ങുമെന്ന് വനംമന്ത്രി അറിയിച്ചു. മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്തും.
ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും താൽക്കാലിക ജോലിയും നൽകി കണ്ണിൽ പൊടിയിടാനാണ് അധികാരികളുടെ ശ്രമമെന്ന് ബന്ധുക്കളും നാട്ടുകാരും നേരത്തെ ആരോപിച്ചിരുന്നു. 25 ലക്ഷവും സ്ഥിര ജോലിയും മക്കളുടെ സൗജന്യ വിദ്യാഭ്യാസവും കടം എഴുതിത്ത്ത്ത്ത്തള്ളലും ഉടൻ അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.
മാനന്തവാടി എംഎൽഎ ഒ.ആർ.കേളു, ബത്തേരി എംഎൽഎ ഐ.സി.ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, മറ്റ് ജനപ്രതിധികൾ, ജില്ലാ കലക്ടർ, സബ് കലക്ടർ, ജില്ലാ പൊലീസ് മേധാവി, വനം, റവന്യൂ വകുപ്പ് അധികൃതർ തുടങ്ങിയവർ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു.
മാനന്തവാടിയിൽ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്നത് 'ബേലൂർ മഗ്‌ന' എന്ന കാട്ടാനയാണെന്ന് കർണാടക വനംവകുപ്പ് അറിയിച്ചു. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബർ 30നാണ് കർണാടക വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്.
റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്.
അജീഷ് പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. ഈ സമയം വീട്ടിൽ രണ്ടു കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കർണാടക റേഡിയോ കോളർ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയിൽ തന്നെ തുടരുന്നതിനാൽ മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. ആനയെ മയക്കുവെടിവച്ച് പിടികൂടി വനമേഖലയിൽ തുറന്നുവിടാൻ വനംവകുപ്പ് ഉത്തരവിറക്കി.
ദൗത്യസംഘത്തെ സഹായിക്കാനായി മുത്തങ്ങയിൽ നിന്ന് മൂന്ന് കുങ്കിയാനകളെയും ആന ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള സ്ഥലത്തേക്ക് എത്തുകയാണ്. അജീഷിനെ ആക്രമിച്ച പ്രദേശത്തുനിന്ന് ഏറെ അകലെയല്ലാതെ തന്നെയാണ് ആന നിലയുറപ്പിച്ചിട്ടുള്ളത് എന്നാണ് വിവരം. മയക്കുവെടി വെക്കാൻ അനുയോജ്യമായ പ്രദേശത്താണോ ആന നിൽക്കുന്നതെന്ന കാര്യത്തിൽ മാത്രമാണ് പരിശോധന വേണ്ടത്. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനം.
ഇതിനായി മുത്തങ്ങയിലെ ആനപന്തിയിൽ വലിയ മരത്തടികളാൽ കൊട്ടിൽ ഒരുക്കുന്ന പ്രവർത്തനങ്ങളും നടന്നുവരികയാണ്. ബത്തേരി നഗരത്തിൽ ഇറങ്ങി ഒരാളെ ആക്രമിച്ച പി എം-2 എന്ന മോഴയാനയെയാണ് ഏറ്റവുമൊടുവിൽ മയക്കുവെടി വെച്ച് മുത്തങ്ങയിലേക്ക് മാറ്റിയത്. ഏതാനും ദിവസം മുമ്പ് കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മറ്റൊരു മോഴയാന മാനന്തവാടി നഗരത്തിലെത്തി ഭീതി വിതച്ചിരുന്നു. തണ്ണീർക്കൊമ്പൻ എന്ന് പേരിൽ അറിയപ്പെടുന്ന ഈ ആനയെ കേരള വനവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി കർണാടകയിലെ രാമപുര ആനക്ക്യാമ്പിലേക്ക് എത്തിച്ചെങ്കിലും പിന്നീട് ചരിയുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇറങ്ങിയ ആനയെ മയക്കു വെടിവെച്ച് പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് ഏറ്റവും ഒടുവിൽ തീരുമാനമെടുത്തിരിക്കുന്നത്.
കാട്ടാന ആക്രമണത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം കനക്കുകയാണ് വയനാട്ടിൽ. റേഡിയോ കോളർ ഘടിപ്പിച്ച രണ്ടാമത്തെ കാട്ടാന എത്തി വയനാട്ടിൽ ഒരാൾ കൊല്ലപ്പെടുന്നത് വരെ ഇക്കാര്യം പലരുമറിഞ്ഞില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആദ്യം കർണാടകയുടെയും ഇപ്പോൾ കേരള വനം വകുപ്പിന്റെയും നിരീക്ഷണത്തിലുള്ള ആന പുലർച്ചെ നാലുമണിയോടെ തന്നെ ജനവാസ മേഖലകളിലേക്ക് കടന്നുവെന്ന വിവരം വനവകുപ്പിന് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ കൃത്യമായി ട്രാക്ക് ചെയ്യാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തിൽ കലാശിച്ചിരിക്കുന്നത്.