- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഒരു ഓന്തിനെ കൊന്നാൽ പോലും വനംവകുപ്പ് കേസെടുക്കും; ഒരു മനുഷ്യൻ മരിച്ചിട്ട് അന്വേഷിക്കാൻ ആരും വരുന്നില്ല; ജീവൻ നഷ്ടമായിട്ട് വാഗ്ദാനങ്ങൾ നൽകിയിട്ടെന്തുകാര്യം'; ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് അജീഷിന്റെ പിതാവ്
മാനന്തവാടി പടമലയിൽ കർഷകനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന സംഭവത്തിൽ വനംവകുപ്പിനേയും മന്ത്രി എ.കെ ശശീന്ദ്രനേയും രൂക്ഷമായി വിമർശിച്ച് കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആനയുടെ വോട്ടുകൾ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്ന് മന്ത്രി ഓർക്കണം. സർക്കാർ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കരുത്. വോട്ടിന്റെ സമയമാകുമ്പോൾ ഓടി വന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവൻ നഷ്ടമായശേഷം വാഗ്ദാനങ്ങൾ നൽകിയിട്ടെന്തുകാര്യം. അജീഷിന്റെ അമ്മ അസുഖമായി കിടക്കുകയാണ്. എട്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. ഞങ്ങൾക്ക് ജീവിക്കണ്ടേ ആനയിറങ്ങിയിട്ടും വനംവകുപ്പ് വിവരമറിയിച്ചില്ലെന്നും ജോസഫ് പറഞ്ഞു.
വന്യമൃഗങ്ങളുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഒരു ഓന്തിനെ കൊന്നാൽ പോലും വനംവകുപ്പ് കേസെടുക്കും. ഒരു മനുഷ്യൻ മരിച്ചിട്ട് എന്താണ് കാര്യമെന്ന് അന്വേഷിക്കാൻപോലും ആരും വരുന്നില്ല. അവർക്ക് ശമ്പളം മതി. ജനങ്ങളെ ഇഞ്ചിഞ്ചായി കൊല്ലാനാണ് ഇവരുടെ പരിപാടിയെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ 7.10-ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കർണാടകയിൽ ജനവാസമേഖലയിൽനിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളർ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്.
തൊഴിലാളികളെ കൂട്ടാനായി പാൽവെളിച്ചം ഭാഗത്തേക്ക് പോകുമ്പോഴാണ് അജി ആനയുടെ മുന്നിലകപ്പെട്ടത്. ആനയേക്കണ്ട് സമീപത്തുണ്ടായിരുന്ന പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജിയെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
കർഷകനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത് വനംവകുപ്പിന്റെ അനാസ്ഥ മൂലമെന്നാണ് ആരോപണം. നാട്ടുകാരും ബന്ധുക്കളുമാണ് വനംവകുപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ഈ മാസം രണ്ടിനാണ് കർണാടകയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആന തണ്ണീർക്കൊമ്പൻ മാനന്തവാടിയിൽ എത്തിയത്. കർണാടകയിൽ നിന്നു വന്ന ആനയാണെന്നും അതിനാൽ ആനയുടെ സ്വഭാവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു വനംവകുപ്പ് പറഞ്ഞത്.
പിന്നീട് ആനയെ മയക്കുവെടി വച്ച് പിടികൂടിയെങ്കിലും ചരിഞ്ഞു. ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട് സിസിഎഫ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിൽ കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട മറ്റൊരു മോഴയാന കൂടി വയനാട് വന്യജീവി സങ്കേതത്തിനു സമീപത്തായി ചുറ്റിത്തിരിയുന്നുണ്ടെന്ന് വ്യക്താക്കിയിരുന്നു.
എന്നാൽ ഈ ആനയെക്കുറിച്ച് പഠിക്കാനും റോഡിയോ കോളറിൽനിന്നും സിഗ്‌നൽ കേരള വനംവകുപ്പിനും കൂടി ലഭ്യമാക്കുന്നതിനും ആവശ്യമായ ക്രമീകരണം നടത്തിയിരുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്‌നൽ കേരള വനംവകുപ്പിനും ലഭിച്ചിരുന്നെങ്കിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുന്നതിനെ പ്രതിരോധിക്കാമായിരുന്നു.
ആനയെ പ്രതിരോധിക്കാൻ സാധിച്ചില്ലെങ്കിൽ ജനങ്ങൾക്കു മുന്നറിയിപ്പെങ്കിലും നൽകാമായിരുന്നു. കർണാടക വനംവകുപ്പിന്റെയും കേരള വനംവകുപ്പിന്റെയും കടുത്ത അനാസ്ഥയാണ് പടമല പനച്ചിയിൽ അജീഷിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് ആരോപണം.
വനംവകുപ്പിൽ വിശ്വാസമില്ലാതെ ജനങ്ങൾ
ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിൽ എത്തിക്കാമെന്ന് കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനം ആയെങ്കിലും ആളുകൾക്ക് അതിൽ വിശ്വാസം പോര. രാത്രിയിൽ ആനയെ ഓടിച്ച് ബന്ദിപ്പൂർ കാട്ടിലേക്കു കയറ്റുമെന്നാണ് ആളുകൾ പറയുന്നത്. ആന ബന്ദിപ്പൂർ വനത്തിൽ എത്തിയാൽ, തങ്ങളുടെ പരിധിയിൽ അല്ലാത്തതിനാൽ ആനയെ വെടിവയ്ക്കാൻ സാധിക്കില്ലെന്ന നിലപാട് കേരള വനംവകുപ്പിനു സ്വീകരിക്കാം. അതിനാൽ ജനം ഇത്തവണ വളരെ കരുതലോടെയാണ് നീങ്ങുന്നത്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി നാല് കുങ്കിയാനകളെയാണ് ഒരുക്കിനിർത്തിയിരിക്കുന്നത്.
വിക്രം, സൂര്യ എന്നീ ആനകൾ പടമല പ്രദേശത്ത് എത്തി. ഭരത്, സുരേന്ദ്രൻ എന്നീ ആനകളെയും എത്തിക്കും. ആനയെ വെടിവച്ചുകൊല്ലണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചായിരുന്നു ഒരു മണിക്കൂറോളം കലക്ടറെ നടുറോഡിൽ നിർത്തിയത്. പതിവുരീതിയിൽ മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തു കൊണ്ടുപോയി തള്ളുന്ന പരിപാടി വേണ്ട എന്നാണ് നാട്ടുകാർ പറഞ്ഞത്. ഇതോടെയാണ് കാട്ടിൽ തുറന്നുവിടുന്നതിനു പകരം മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റാം എന്ന് തീരുമാനമായത്. എന്നാൽ വനംവകുപ്പ് വാക്ക് പാലിക്കുമെന്ന് ജനത്തിനു വിശ്വാസമില്ല.
ചോദ്യചിഹ്നമായി റേഡിയോ കോളർ
ഒരു തവണ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കളർ ഘടിപ്പിച്ചു വിട്ട ആനയാണ് മാനന്തവാടിയിൽ ഒരാളെ കൊന്നത്. ഇതോടെ മയക്കുവെടിവച്ച് ആനയെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിടുന്ന ശ്രമകരമായ പ്രവൃത്തി എന്തിനാണെന്ന ചോദ്യം ഉയരുന്നു. ആനയെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനോ നാട്ടിലിറങ്ങുന്നത് തടയുന്നതിനോ സാധിക്കുന്നില്ല. മാത്രമല്ല, ഇതേ ആന തന്നെ ആളുകളെ കൊല്ലുന്ന സ്ഥിതിവിശേഷവും ഉണ്ടാകുന്നു. റേഡിയോ കോളർ ഘടിപ്പിച്ചതുകൊണ്ട് വലിയ പ്രയോജനമുണ്ടായില്ലെന്നാണ് മുൻസംഭവങ്ങളും തെളിയിക്കുന്നത്.