- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓപ്പറേഷൻ 'ബേലൂർ മഖ്‌ന' നീളാൻ സാധ്യത; ദൗത്യസംഘം അടുത്തെത്തിയതോടെ ആന സ്ഥാനം മാറി; മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയെന്ന് സൂചന; ദൗത്യസംഘം ആനയെ പിന്തുടരുന്നു; മയക്കുവെടി വയ്ക്കുക എല്ലാ സാഹചര്യവും അനുകൂലമാകുമ്പോൾ മാത്രം; ബാവലിയിൽ നാട്ടുകാരുടെ പ്രതിഷേധം; വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശം
മാനന്തവാടി: മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങി കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്ന 'ബേലൂർ മഖ്‌ന' എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ രണ്ടാം ദിനവും ദൗത്യസംഘത്തിന് പ്രതിസന്ധി. ആന നടന്നു നീങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആന ദൗത്യസംഘത്തിനു മുന്നിൽനിന്ന് മറഞ്ഞതായാണ് വിവരം. ആന മണ്ണുണ്ടി കോളനി പരിസരം ലക്ഷ്യമാക്കി നീങ്ങുകയാണ്, ദൗത്യസംഘം ആനയെ പിന്തുടരുന്നുണ്ട്.
ബാവലയിൽനിന്ന് റോഡ് മാർഗം വന്ന ദൗത്യസംഘം മണ്ണുണ്ടി കോളനി ഭാഗത്തേക്ക് പോയി. ഇവിടെനിന്ന് വനത്തിന് അകത്തേക്ക് മാറിയാണ് നിലവിൽ കാട്ടാനയുടെ ലൊക്കേഷൻ. ആന തുടർച്ചയായി സ്ഥലം മാറിക്കൊണ്ടിരിക്കുന്നത് ദൗത്യം വൈകാൻ കാരണമാകുന്നു. ആന ഏറെനേരം ഒരു സ്ഥലത്ത് നിൽക്കാത്തതും ദൗത്യത്തിൽ പ്രതിസന്ധിയാകുന്നുണ്ട്. നേരം വൈകി ഇരുൾ വീണാൽ ഇന്ന് ദൗത്യം പൂർത്തിയാക്കാനാകുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
നാല് കുങ്കിയാനകളും സ്ഥലത്തെത്തി. റോഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലെത്തി. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. നാല് വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.
ജനങ്ങൾക്കു ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. മയക്കുവെടിവച്ചശേഷം ആനയെ മുത്തങ്ങയിലേക്കു കൊണ്ടുപോകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണോ എന്നതിൽ പിന്നീട് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കികളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്. കർണാടകയിൽനിന്നു പിടികൂടി കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്.
ബാവലിയിൽ മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പ്രദേശത്ത് ഒരുക്കിയിയിരുന്നു. വനംവകുപ്പിന് പുറമെ റെവന്യു, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ബാവലിയിൽ ജനങ്ങൾ അനാവാശ്യമായി പുറത്തിറങ്ങരുതെന്ന കർശന ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നാൽ ദൗത്യം വൈകിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നു.
കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബർ 30നാണ് കർണാടക വനംവകുപ്പ് 'ബേലൂർ മഖ്‌ന'യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.
ആനയെക്കണ്ട് അജീഷ് സമീപത്തുള്ള പായിക്കണ്ടത്തിൽ ജോമോന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്ന് വീട്ടിലേക്കുള്ള പടവുകൾ കയറി ഗേറ്റ് പൊളിച്ചെത്തിയ ആന അജീഷിനെ ചുഴറ്റിയെറിഞ്ഞശേഷം ചവിട്ടുകയായിരുന്നു.
അതേ സമയം സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനജീവിതം ദുസഹമായി എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജെബി മേത്തർ കേന്ദ്ര വനം പരിസ്ഥി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് നൽകിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയത്.
ജനങ്ങളുടെ സുരക്ഷക്കും, ഉപജീവനത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗ ശല്യം ഭീഷണി ആകുന്നത്. കഴിഞ്ഞ ആഴ്ചകളിൽ പാലക്കാടും വയനാടും നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എംപി കാര്യങ്ങൾ വിശദീകരിച്ചത്. പാലക്കാട് കാട്ടുപന്നിയുടെ അക്രമണത്തിൽ മരണപ്പെട്ട ഒരു സ്ത്രീയുടെ സംഭവവും കാട്ടാന ആക്രമങ്ങളും മനുഷ്യവാസ പ്രദേശങ്ങളിൽ പുലി ഇറങ്ങി മനുഷ്യർ മരണപ്പെട്ട സാഹചര്യങ്ങളും എംപി വ്യക്തമാക്കിയിരുന്നു. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും ജെബി മേത്തർ കേന്ദ്ര മന്ത്രിക്ക് നൽകിയ നിവേദത്തിൽ ആവശ്യപ്പെട്ടിരുന്നു.