മാനന്തവാടി: വയനാട് പടമലയിൽ കർഷകനും ട്രാക്ടർ ഡ്രൈവറുമായ യുവാവിനെ ചവിട്ടിക്കൊന്ന 'ബേലൂർ മഖ്‌ന' എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യ സംഘം. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റു ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്. സ്ഥലത്ത് നിന്ന് മടങ്ങാൻ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥതയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഞായറാഴ്ചത്തെ ദൗത്യം അവസാനിപ്പിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തങ്ങൾ എന്ത് വിശ്വസിച്ച് ഒരു രാത്രി ആനയപ്പേടിച്ച് കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഡി.എഫ്.ഒ. സ്ഥലത്തെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ വാഹനത്തിന് മുന്നിൽ കിടന്നും നാട്ടുകാർ പ്രതിഷേധിച്ചു. ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണ്ണുണ്ടി കോളനിയിൽ എത്തി.

പ്രദേശത്തുനിന്ന് മോഴയാന നീങ്ങിക്കൊണ്ടിരിക്കുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. നേരത്തെ ബാവലി മേഖലയിൽ ഉണ്ടായിരുന്ന കാട്ടാന പിന്നീട് മണ്ണുണ്ടി കോളനി ഭാഗത്തേക്ക് മാറി. ഇവിടെ ഉൾവനത്തിലേക്ക് കാട്ടാന കയറിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചത്. ആന കൊടുംകാട്ടിലേക്ക് നീങ്ങിയതോടെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഉപേക്ഷിച്ചേക്കും. ആനയെ ട്രാക്ക് ചെയ്യാൻ തീവ്രശ്രമം നടത്തിയിരുന്നു. ദൗത്യം സിഗ്നൽ കിട്ടുന്ന മുറയ്ക്ക് നാളെ പുനരാരംഭിക്കുമെന്നാണ് ദൗത്യസംഘം അറിയിച്ചത്.

അതേ സമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷി(47)ന് കുടുംബവും നാട്ടുകാരും കണ്ണീരോടെ വിടചൊല്ലി. മൂന്ന് മണിയോടെ അന്തിമ ശുശ്രൂഷകൾ ആരംഭിച്ചു. മൂന്നരയോടെ ശുശ്രൂഷകൾ പൂർത്തിയായി. തുടർന്ന് വീട്ടിൽനിന്ന് വിലാപയാത്രയായി മൃതദേഹം അരക്കിലോമീറ്റർ അകലെയുള്ള പടമല സെന്റ് അൽഫോൻസ പള്ളിയിലെത്തിച്ചു.

അജീഷിന്റെ മാതാപിതാക്കളായ ജോസഫും എൽസിയും ഭാര്യ ഷീബയും മക്കളായ അൽനയും അലനും പ്രിയപ്പെട്ടവന്റെ അപ്രതീക്ഷിത വേർപാട് താങ്ങാനാകാതെ വിതുമ്പുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. വേണ്ടപ്പെട്ടവർ അന്തിമചുംബനം നൽകിയതോടെ അജീഷിന്റെ മൃതദേഹവുമായി പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. നൂറുകണക്കിനാളുകൾ വിലാപയാത്രയിൽ പങ്കുചേർന്നു.

ബേലൂർ മഖ്ന എന്ന കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലേക്ക് നാട്ടുകാരുടെ വലിയ ഒഴുക്കായിരുന്നു. അജീഷിനെ അവസാനമായി ഒരുനോക്കുകാണാൻ ശനിയാഴ്ച രാത്രിമുതൽതന്നെ വീട്ടിലേക്ക് ആളുകൾ എത്തിക്കൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി രാത്രി ഒമ്പതരയോടെയാണ് അജീഷിന്റെ മൃതദേഹം ചാലിഗദ്ദയിലെ വീട്ടിലെത്തിച്ചത്.

ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി അജീഷിനെ ആന ചവിട്ടിക്കൊന്നത്. കർഷകനും ട്രാക്ടർ ഡ്രൈവറുമായിരുന്നു അജീഷ്. ആനയെ കണ്ട് അജീഷ് അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പടവുകൾ കയറിയെത്തിയ ആന വീടിന്റെ ഗേറ്റ് തകർത്ത് അജീഷിനെ ചുഴറ്റിയെറിഞ്ഞ ശേഷം ചവിട്ടുകയായിരുന്നു.

അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ധനസഹായം നൽകുക.

അതേസമയം, ഭരണാധികാരികൾക്കെതിരെ വിമർശനവുമായി മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം രംഗത്തെത്തി. വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നൽകി പരിഹരിക്കാനാകില്ല. വിഷയം വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ നിയമസഭയിലും ലോക്‌സഭയിലും ഉന്നയിക്കണം. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള ശുശ്രൂഷയിലാണ് ബിഷപ്പിന്റെ വിമർശനം.

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ സർക്കാരിനെതിരെ മാർത്തോമ സഭാധ്യക്ഷൻ ഡോ. തിലഡോഷ്യസ് മെത്രാപൊലീത്തയും വിമർശനം ഉന്നയിച്ചിരുന്നു.. സർക്കാർ സംവിധാനങ്ങളെല്ലാം ഉള്ളപ്പോഴും ജീവൻ കൈമോശം വരുന്ന സാഹചര്യമാണ് ഉള്ളത്. എത്ര പണം നഷ്ടപരിഹാരം കൊടുക്കാൻ കഴുയുമെന്നല്ല ചിന്തിക്കേണ്ടതെന്ന് പറഞ്ഞ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്ത, തൊട്ടടുത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് ഉണ്ടെന്നും ഓർമ്മപ്പെടുത്തി.

നേരത്തെ ബാവലി സെക്ഷനിലെ വനമേഖലയിലായിരുന്നു കാട്ടാന. ഇതേത്തുടർന്ന് ഇവിടേക്ക് ഡോക്ടർമാരടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ പോകുകയും ആനയുള്ള പ്രദേശം വളയുകയുംചെയ്തുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇവിടെനിന്ന് രാവിലെ കാട്ടാനയുണ്ടായിരുന്ന മണ്ണുണ്ടി കോളനി ഭാഗത്തേക്ക് ആന മാറിയെന്നാണ് പുതിയ വിവരം.

ബാവലയിൽനിന്ന് റോഡ് മാർഗം വന്ന ദൗത്യസംഘം മണ്ണുണ്ടി കോളനി ഭാഗത്തേക്ക് പോയി. ഇവിടെനിന്ന് വനത്തിന് അകത്തേക്ക് മാറിയാണ് കാട്ടാനയുടെ ലൊക്കേഷൻ കാണിച്ചത്. ആന തുടർച്ചയായി സ്ഥലം മാറിക്കൊണ്ടിരിക്കുന്നത് ദൗത്യം വൈകാൻ കാരണമായിരുന്നു. ആന ഏറെനേരം ഒരു സ്ഥലത്ത് നിൽക്കാത്തതും ദൗത്യത്തിൽ പ്രതിസന്ധിയാകുന്നുണ്ട്. നേരം വൈകി ഇരുൾ വീണതോടെ ഇന്നത്തേക്ക് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.

കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിരുന്നു. റോഡിയോ കോളറിൽനിന്നു ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തിലാണ് ആനയുടെ സമീപത്തെത്തിയത്. എന്നാൽ ദൗത്യസംഘം എത്തിയപ്പോഴേക്കും ആന കാട്ടിലേക്കു നീങ്ങി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ മാനന്തവാടിയിലുണ്ട്. അഞ്ച് ഡിഎഫ്ഒമാരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്. 4 വെറ്റിനറി ഓഫിസർമാരും സംഘത്തിനൊപ്പമുണ്ട്.

ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളാണ് സ്ഥലത്തുള്ളത്. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കികളാണ് ദൗത്യസംഘത്തെ സഹായിക്കുന്നത്. കർണാടകയിൽനിന്നു പിടികൂടി കാട്ടിൽവിട്ട മോഴയാനയാണ് ഇന്നലെ രാവിലെ മാനന്തവാടിയിൽ എത്തിയത്. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസമേഖലകളിൽ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബർ 30നാണ് കർണാടക വനംവകുപ്പ് 'ബേലൂർ മഖ്‌ന'യെ മയക്കുവെടിവച്ചു പിടികൂടിയത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കേരള അതിർത്തിക്കു സമീപത്തുള്ള മൂലഹള്ളി വനമേഖലയിൽ തുറന്നുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഇന്നലെ രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പടമല പനച്ചിയിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ദയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുൻപിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.