- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഹാറിൽ 'വിശ്വാസം' തെളിയിച്ച് നിതീഷ് കുമാർ
പട്ന: നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കും റിസോർട്ട് രാഷ്ട്രീയത്തിനൊമൊടുവിൽ ബിഹാറിൽ നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേടി. വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ 129 പേർ ബിഹാറിലെ എൻഡിഎ സർക്കാരിനെ പിന്തുണച്ചു. ഇതോടെ വിശ്വാസ പ്രമേയം പാസായി. ആർജെഡി, കോൺഗ്രസ്, ഇടത് എംഎൽഎമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. സ്പീക്കർ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിന്റെ നടപടികൾ നേരത്തെ ആരംഭിച്ചത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
ആദ്യം വോട്ടെടുപ്പ് നടന്നത് നിലവിലെ സ്പീക്കർ മാറ്റുന്നത് സംബന്ധിച്ചായിരുന്നു. ആർജെഡി നേതാവായ അവധ് ബിഹാരി ചൗധരിയെ സ്പീക്കർ സ്ഥാനത്തു നിന്ന് നീക്കുന്നതിനെ പിന്തുണച്ച് 125 എംഎൽഎമാർ വോട്ട് ചെയ്തു. 112 എംഎൽഎമാർ സ്പീക്കറെ പിന്തുണച്ച് വോട്ട് ചെയ്തു. ഇതോടെ നിയമസഭയിലെ ആദ്യ പരീക്ഷണത്തിൽ എൻഡിഎ പക്ഷം വിജയിക്കുകയായിരുന്നു.
മുഖ്യപ്രതിപക്ഷ പാർട്ടിയായ ആർജെഡിക്ക് കനത്ത തിരിച്ചടി നൽകി വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി അവരുടെ മൂന്ന് എംഎൽഎമാർ ഭരണപക്ഷത്തോടൊപ്പം ചേർന്നു. ആർജെഡി എംഎൽഎമാരായ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് നിയമസഭയിലെത്തി ഭരണപക്ഷത്തിനൊപ്പം ചേർന്നത്. വിശ്വാസവോട്ടെടുപ്പിനായി ഇന്ന് നിയമസഭ ചേർന്നതോടെ ചേതൻ ആനന്ദ് മറ്റു രണ്ട് ആർജെഡി എംഎൽഎമാർക്കൊപ്പം ഭരണപക്ഷത്ത് ഇരിക്കുന്നതാണ് കണ്ടത്.
വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കർക്കെതിരെ ഭരണപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകൾക്കാണ് പാസായത്. മഹാസഖ്യ സർക്കാരിൽ സ്പീക്കറായിരുന്ന അവാദ് ബിഹാരി ചൗധരി സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ജെഡിയു-ബിജെപി സഖ്യം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. തുടർന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ 129 എംഎൽഎമാരുടെ പിന്തുണ നേടിയാണ് നിതീഷ് സർക്കാർ ബിഹാർ നിയമസഭയുടെ വിശ്വാസം നേടിയത്.
ഇന്ത്യ സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാർ എൻ.ഡി.എ. സഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ബിഹാറിൽ വൻ നാടകീയതയാണ് അരങ്ങേറിയത്.
ജെഡിയുവിന്റെ ബിജെപിയുടെയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ആർജെഡി എംഎൽഎമാരും ഇടതുപക്ഷ എംഎൽഎമാരും മുൻ മുഖ്യമന്ത്രി തേജസ്വി യാദവിന്റെ വീട്ടിലാണ് തമ്പടിച്ചത്. ദിവസങ്ങൾക്ക് മുന്നേ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റിയ കോൺഗ്രസ് എംഎൽഎമാരെ ഇന്നലെ രാത്രിയോടെ പട്നയിലേക്കെത്തിച്ചത്.
ഞായറാഴ്ച രാത്രിയിൽ തേജസ്വി യാദവിന്റെ വീടിന് മുന്നിൽ നാടീകയത സൃഷ്ടിച്ച് വൻപൊലീസ് സന്നാഹം നിലയുറപ്പിച്ചു. അഞ്ച് ജെഡിയു എംഎൽഎമാരെ കാണാനില്ലെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു പൊലീസ് സംഘം തേജസ്വിയുടെ വീട്ടിലേക്കെത്തിയത്. ആർജെഡി എംഎൽഎ ചേതൻ ആനന്ദിനെ കാണാനില്ലെന്ന സഹോദരന്റെ പരാതിയിലാണ് തേജസ്വിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പൊലീസിന്റെ വിദശീകരണം.
നിയമസഭയിൽ അതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ച് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രസംഗിച്ചു. ഒമ്പത് തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രംകുറിച്ചതിന് നിതീഷ് കുമാറിനെ അഭിനന്ദിക്കുന്നുവെന്ന പരിഹാസത്തോടെ തേജസ്വി യാദവ് പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ സത്യപ്രതിജ്ഞ ചെയ്യുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കാത്തതാണ്. നിതീഷ് ഇനിയും മറുകണ്ടം ചാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്യാരണ്ടി നൽകാൻ സാധിക്കുമോയെന്നും തേജസ്വി ചോദിച്ചു. നിതീഷിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാതെ തലപ്പാവ് അഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായെന്നും തേജസ്വി പറഞ്ഞു.
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 122 സീറ്റുകളായിരുന്നു ആവശ്യം. ബിജെപി.-78, ജെ.ഡി.യു.-45, ഹിന്ദുസ്ഥാനി അവാം മോർച്ച -4, സ്വതന്ത്ര എംഎൽഎ. സുമിത് സിങ് എന്നിങ്ങനെ എൻ.ഡി.എ.യ്ക്ക് 128 സീറ്റുകളുണ്ടായിരുന്നു. ആർ.ജെ.ഡി. -79, കോൺഗ്രസ് -19, സിപിഐ (എം.എൽ) -12, സിപിഐ.എം- 2, സിപിഐ - 2, എ.ഐ.എം.ഐ.എം -1 എന്നിങ്ങനെയായിരുന്നു പ്രതിപക്ഷത്തിന് 115 സീറ്റുകളുണ്ടായിരുന്നത്.
243 അംഗ സഭയിൽ ഭൂരിപക്ഷത്തിന് 122 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇതിനോടകം തന്നെ 127 എംഎൽഎമാരുടെ പിന്തുണ എൻഡിഎ പക്ഷത്തിനുണ്ട്. ഇതിന് പുറമേയാണ് മൂന്ന് എംഎൽഎമാർ കൂടി കൂറുമാറിയത്. ജനുവരി 28നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.