വയനാട്: മാനന്തവാടി പടമലയിൽ കർഷകനായ അജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്‌നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല. ആന പിടുത്തത്തിൽ കേമന്മാരായ വനം വകുപ്പിന്റെ വടക്കൻ ജില്ലകളിലെ സകല വിദഗ്ധരും ഒരുമിച്ച് അണിനിരന്നിട്ടും മൂന്നാം ദിവസവും ദൗത്യം പരാജയമായി. രാവിലെ മുതൽ ആനയെ പിടിക്കാൻ ഊർജിതശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. നേരം ഇരുട്ടിയതോടെ വെടിവയ്ക്കാൻ സാധിക്കാത്ത സാഹചര്യമായി.

എന്നാൽ ദൗത്യം രാത്രിയിലും തുടരുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. രണ്ട് കിലോമീറ്റർ ചുറ്റളവിൽ ആന സഞ്ചരിക്കുകയാണ്. കൊങ്ങിണി നിറഞ്ഞ കാടായതിനാൽ ആനയെ വെടിവയ്ക്കാൻ സാധിക്കില്ല. ആന മണ്ണുണ്ടി കോളനിക്കു സമീപമെത്തിയെങ്കിലും ജനവാസ മേഖലയിലായതിനാൽ വെടിവയ്ക്കാൻ സാധിക്കുമായിരുന്നില്ല. വെടിവച്ചാൽ ആന ഒരു കിലോമീറ്ററോളം ഓടും. അതിനാൽ ജനവാസ മേഖലയിൽ വച്ച് വെടിവയ്ക്കാൻ സാധിക്കില്ല.

ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. മോഴയുടെ കലിയും പ്രതിസന്ധിയാണ്. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. അതിനിടെ, അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വന്യമൃഗശല്യം പരിഹരിക്കുന്നതിൽ അധികാരികൾ ഗുരുതര വീഴ്ചവരിച്ചതായി കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.

200 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ദൗത്യത്തിലുള്ളത്. രാത്രിയിലും ദൗത്യം തുടരും ആന കർണാടകത്തിലേക്ക് പോകുന്നതും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും തടയുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെ വെല്ലുവിളി. ആനയുടെ 100 മീറ്റർ അടുത്തു വരെ ദൗത്യസംഘം എത്തിയിരുന്നു. 30 മീറ്റർ അടുത്തെത്തിയാലെ വെടി വയ്ക്കാൻ സാധിക്കൂ. ആ ഒരു സ്ഥലത്ത് നിൽക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതു വലിയ വെല്ലുവിളി ആകയെന്നും ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു. അതേസമയം ജനങ്ങൾ സംഘടിച്ച് ദൗത്യം നടക്കുന്ന ബാവലിക്കടുത്ത് റോഡിൽ നിൽക്കുകയാണ്.

ഇന്നലെ വൈകിട്ട് ദൗത്യം നിർത്തിവച്ച് വനത്തിൽനിന്നു തിരിച്ചിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചിരുന്നു. ജനരോഷം ശക്തമായതോടെയാണ് എത്രയും വേഗം ആനയെ വെടിവച്ച് പിടികൂടി മുത്തങ്ങ ക്യാംപിലേക്കു കൊണ്ടുപോകാൻ വനംവകുപ്പ് ശ്രമിച്ചത്. ഇന്ന് വെടിവയ്ക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു വനംവകുപ്പ്.

ഇന്നലെ രാവിലെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. എന്നാൽ കുങ്കിയാനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആന കാട്ടിൽ മറയുകയായിരുന്നു. വെടിവയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇന്നു രാവിലെ ബേലൂർ മഖ്‌നയുടെ കൂടെ മറ്റ് ആനകളും ഉണ്ടായിരുന്നതിനാൽ വെടിവയ്ക്കാൻ സാധിച്ചില്ല. അതിരാവിലെ തന്നെ ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. കാട്ടാനയുടെ ഈ സമയത്തെ ലൊക്കേഷൻ തിരിച്ചറിഞ്ഞതോടെ ദൗത്യ സംഘം പത്തു ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം തുടർന്നു.

മണ്ണുണ്ടി ഭാഗത്ത് കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ശ്രമം തുടർന്നു. എന്നാൽ 12:30 ഓടെ ആനയുടെ സിഗ്‌നൽ കിട്ടാതായി. വയനാട് വന്യജീവി സങ്കേതത്തിലെ കുറ്റിക്കാടുകളും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും എല്ലാമാണ് ദൗത്യം ദുഷ്‌കരമാക്കിയതെന്ന് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂർ സൗത്ത്, നോർത്ത് ആർആർടി മണ്ണാർക്കാട് ആർആർടി, കോഴിക്കോട് ആർആർടി വിഭാഗത്തിലെ 200 ഓളം ജീവനക്കാർ സംഘത്തിലുണ്ട്.

ഈ ദൗത്യത്തിൽ നാലു കുങ്കിയാനകളെയും ഉപയോഗിക്കുന്നുണ്ട്. ഏകദേശം 100 മീറ്റർ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യമുണ്ടായി. ദൗത്യസംഘത്തിൽ നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം നിലമ്പൂർ സൗത്ത്, നോർത്ത് ആർആർടി, മണ്ണാർക്കാട് ആർആർടി, കോഴിക്കോട് ആർആർടി വിഭാഗത്തിലെ 200 ഓളം ജീവനക്കാർ പങ്കെടുക്കുന്നുണ്ട്.

ഉന്നതതല ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അനുകൂല സാഹചര്യം ലഭിച്ചാൽ ഉടൻ ആനയെ മയക്കുവെടി വയ്ക്കാൻ ദൗത്യ സംഘം സജ്ജമാണ്. സിസിഎഫ് കെ.എസ്.ദീപ, ഡിഎഫ്ഒമാരായ, മാർട്ടിൻ ലോവൽ, സജ്‌ന കരീം, വെറ്ററിനറി സർജൻ അജേഷ് മോഹൻദാസ് എന്നിവർ സ്ഥലത്തുണ്ട്.

ശനിയാഴ്ച രാവിലെയാണ് പടമല ചാലഗദ്ധ പനച്ചിയിൽ അജിയെ കാട്ടാന വീട്ടുമുറ്റത്തെത്തി ചവിട്ടിക്കൊന്നത്. ഇതിനു പിന്നാലെ മൃതദേഹവുമായി മാനന്തവാടി ടൗണിൽ വൻ പ്രതിഷേധം നടന്നു. എംഎൽഎ, കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെയുൾപ്പെടെ ജനം റോഡിൽ തടഞ്ഞു. ഒടുവിൽ ആനയെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ ക്യാംപിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ഉച്ചതിരിഞ്ഞ് 3:15 ഓടെ അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുന്നിലായിരുന്നു അജീഷിന്റെ മകൾ അലനയുടെ വൈകാരികമായ പ്രതികരണം. മൃഗാശല്യം പരിഹരിക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായി അജീഷിന്റെ ബന്ധുക്കളും ആരോപിച്ചു. കേരളത്തിനുണ്ടായ വീഴ്ചയിൽ കർണാടകയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും വനംവകുപ്പ് ഇക്കാര്യത്തിൽ സമ്പൂർണ്ണ പരാജയം എന്നും സതീശൻ ആരോപിച്ചു. താമരശ്ശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലും അജീഷിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി എത്തിയിരുന്നു.