ലണ്ടൻ: ഒരു കുട്ടി പ്രതിഭ ഇപ്പോൾ ബ്രിട്ടനിൽ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാൺ'. കേവലം 12-മത്തെ വയസ്സിൽ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയ ഈ പ്രതിഭ തന്റെ 21-ാം വയസ്സിൽ പി എച്ച് ഡി നേടിക്കൊണ്ട് ബ്രിട്ടനിലെ, പി എച്ച് ഡി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. നേരത്തെ അസ്ട്രോഫിസിക്സിൽ പി എച്ച് ഡി നേടിയ ഒരു 22 കാരന്റെ സ്വന്തമായിരുന്നു ഈ റെക്കോർഡ്.

യാഷ ആസ്ലി എന്ന് ഈ യുവ പ്രതിഭക്ക് ഡോക്ടറേറ്റ് ലഭിച്ചത് അപ്ലൈഡ് മാത്തമാറ്റിക്സിലാണ്. യൂണിവേഴ്സിറ്റി ഓഫ് ലസ്റ്ററിൽ നിന്നായിരുന്നു ഇയാൾക്ക് പി എച്ച് ഡി ലഭിച്ചത്. കൗമാരത്തിലേക്ക് കടന്നപ്പോൾ തന്നെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ച ഈ വിദ്യാർത്ഥിക്ക് പിന്തുണയുമായി അക്കൗണ്ടന്റായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ചു. മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക എന്നത് മാത്രമായി പിന്നീട് ആ പിതാവിന്റെ ജോലി.

ഒരിക്കൽ മനുഷ്യ കാൽക്കുലേറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ട യാഷക്ക് തന്റെ ഭാവിയെ കുറിച്ച് അല്പം ആശയക്കുഴപ്പമുണ്ട്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലോ ഡാറ്റാ മൈനിങ് മേഖലയിലോപ്രവർത്തിക്കണമെന്നാണ് ആഗ്രഹമെങ്കിലും, അക്കാര്യത്തിൽ ഒരു വ്യക്തമായ തീരുമാനം എടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും യാഷ പറയുന്നു.

ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ അഭിമാനമുണ്ട് എന്ന് പറഞ്ഞ യാഷാ അതിനായി സഹായിച്ച എല്ലാ ലക്ചറർമാർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ഇത്രയും പെട്ടെന്ന് പി എച്ച് ഡി എടുക്കാൻ ആകുമെന്ന് കരുതിയിരുന്നില്ല എന്ന് പറഞ്ഞ യാഷ, തീർച്ചയായും ഏറെ സന്തോഷവാനാണെന്നും പറഞ്ഞു. എന്നാൽ, മകനു വേണ്ടി ജോലി വരെ ഉപേക്ഷിച്ച് താങ്ങായി കൂടെ നിന്ന പിതാവ് പറയുന്നത് മകന്റെ നേട്ടത്തിൽ സന്തോഷം ഏറെയുണ്ടെങ്കിലും അദ്ഭുതം ഒട്ടുമില്ലെന്നാണ്. അവൻ അത് നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും ആ പിതാവ് പറയുന്നു.

കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നില്ലെങ്കിൽ യാഷ ഈ നേട്ടം ഇതിനു മുൻപെ കൈവരിക്കുമായിരുന്നു എന്നും പിതാവ് മൂസ്സ പറയുന്നു. ഒൻപത് വയസ്സുള്ളപ്പോഴാണ് യാഷ ജി സി എസ് ഇ യും എ ലെവലും പാസ്സാകുന്നത്. ഫ്രഞ്ച്, പേർഷ്യൻ ഭാഷകളിലും ഈ യുവാവിന് അസാധ്യമായ വഴക്കമുണ്ട്. 1979-ൽ ഇറാനിൽ നിന്നും ബ്രിട്ടനിലെത്തിയ മൂസ പറയുന്നത്, താൻ യു എൻ ഐയെ സമീപിച്ച് യൂണിവേഴ്സിറ്റി ഫീസ് ഒഴിവാക്കി തരണമെന്ന് അഭ്യർത്ഥിച്ചു എന്നാണ്.

ഫീസ് നൽകുവാനുള്ള വരുമാനം ഇല്ലാതിരുന്നതിനാലായിരുന്നു അത്. സ്ഥലം എം പിയുമായി ബന്ധപ്പെട്ടും ഇക്കാര്യം അഭ്യർത്ഥിച്ചു. മാസങ്ങളുടെ പ്രയത്നത്തിന് ശേഷം, നാഷണൽ ഇൻഷുറൻസ് നമ്പർ ഇല്ലാതെ തന്നെ യാഷക്ക് സ്റ്റുഡന്റ് ലോൺ നൽകാൻ സ്റ്റുഡന്റ് ഫിനാൻസ് തയ്യാറായി.15 വയസ്സുള്ളപ്പോഴായിരുന്നു യാഷ തന്റെ ഹോണേഴ്സ് ഡിഗ്രി നേടിയത്. അതും ഫസ്റ്റ് ക്ലാസ്സ് തന്നെ നേടുകയും ചെയ്തു. 13 വയസ്സുള്ളപ്പോൾ യൂണിവേഴ്സിറ്റി ഒരു ടൂട്ടോറിയൽ നടത്തുന്ന ജോലി യാഷക്ക് നൽകിയിരുന്നു.

ആഴ്‌ച്ചയിൽ ഒരിക്കൽ ഉള്ള ക്ലാസ്സുകളിൽ തന്നെക്കാൾ മുതിർന്ന വിദ്യാർത്ഥികളെ ലക്ചറർമാർ നൽകുന്ന പ്രോബ്ലങ്ങൾ സോൾവ് ചെയ്യാൻ സഹായിക്കലായിരുന്നു ജോലി. തികച്ചും അസാധാരണമായ ബുദ്ധിപാടവം ചെറുപ്പം മുതൽക്കെ പ്രദർശിപ്പിച്ചിരുന്ന ആളായിരുന്നു യാഷ എന്ന് പിതാവ് പറയുന്നു. യാഷയെ പഠിപ്പിക്കാൻ ഉതകുന്ന അത്രയും അറിവ് തനിക്കില്ലെന്ന് യാഷയുടെ പ്രൈമറി അദ്ധ്യാപിക ഒരിക്കൽ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.