- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മുക്കിൽ നിന്നും ചോരയൊലിച്ച കുഞ്ഞുമായി ഒരമ്മ കയറി ഇറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ; ഒടുവിൽ ചികിത്സ ലഭിച്ചത് സ്വകാര്യ ആശുപത്രിയിൽ
തിരുവനന്തപുരം: മൂക്കിൽനിന്ന് ചോരയൊലിച്ച നിലയിൽ കുഞ്ഞുമായി ശനിയാഴ്ച ഒരമ്മ കയറിയിറങ്ങിയത് നാല് സർക്കാരാശുപത്രികളിൽ. നാല് ആശുപത്രികളിൽ നിന്നും ചികിത്സ ലഭിക്കാതെ വന്നതോടെ സ്വകാര്യ ആശുപത്രിയാണ് ആ അമ്മയ്ക്കും മകൾക്കും ആശ്രയമായത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന ഈ കുടുംബം കയ്യിൽ പണമില്ലാതിരുന്നതിനാലാണ് സർക്കാർ ആശുപത്രികളിൽ കയറി ഇറങ്ങിയത്. എന്നാൽ മെഡിക്കൽ കോളേജ് അടക്കം നാല് ആശുപത്രികളിലും കുട്ടിക്ക് ചികിത്സ ലഭിച്ചില്ല. ഒടുവിൽ നഗരത്തിലെ ഒരു സ്വകാര്യാശുപത്രിയിൽ അഭയം പ്രാപിക്കുക ആയിരുന്നു.
കരമന നീറമൺകര ശങ്കർ നഗറിലെ അനുഷായാണ് മകൾ ഗൗരിനന്ദയുമായി ആശുപത്രികൾ കയറിയിറങ്ങിയത്. മാസ്‌ക് മുഴുവൻ രക്തവുമായി കൈകൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചാണ് കുഞ്ഞ് ട്യൂഷൻ സെന്ററിൽനിന്ന് പത്തുമണിയോടെ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് അനുഭ പറയുന്നു. മൂക്കിൽ നിന്നും നിർത്താതെ ചോരയൊലിക്കുന്നത് കണ്ട് ഭയന്ന അനുഷ ഏകദേശം 11 മണിക്ക് അടുത്ത ബന്ധുവിനെയും കൂട്ടി ഓട്ടോയിൽ തൈക്കാട് ഗവൺമെന്റ് ആശുപത്രിയിലെത്തി്. കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നു. ഡോക്ടറെ കണ്ടപ്പോൾ പനിക്കുള്ള മരുന്ന് കുറിച്ചുതന്നശേഷം ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി. ഡോക്ടറെ കാണാൻ പറഞ്ഞു.
ഓട്ടോയിൽ അവിടെയെത്തിയപ്പോൾ സമയം ഏതാണ്ട് 12.45 ആയി. എന്നാൽ, ഒ.പി. സമയം കഴിഞ്ഞതായും നിന്നിട്ട് കാര്യമില്ലെന്നും സെക്യൂരിറ്റി അറിയിച്ചു. എത്രയുംവേഗം എസ്.എ.ടി. ആശുപത്രിയിൽ കൊണ്ടുപോകാനായിരുന്നു നിർദ്ദേശം. ഓട്ടോയിൽ എസ്.എ.ടി.യിലെത്തുമ്പോൾ സമയം 1.40 ആയിട്ടുണ്ടാകും. ചില മരുന്നുകൾ കുറിച്ചുനൽകിയതല്ലാതെ പരിശോധനകൾ നടത്തിയില്ല. മെഡിക്കൽ കോളേജിൽ പോകാനായിരുന്നു നിർദ്ദേശം.
2.15-ഓടെ മെഡിക്കൽ കോളേജിലെത്തി. അത്യാഹിത വിഭാഗത്തിലെത്തി കാര്യം പറഞ്ഞപ്പോൾ ഇ.എൻ.ടി. ഡോക്ടറില്ല, തിങ്കളാഴ്ചയേ ഉണ്ടാകൂവെന്നായിരുന്നു മറുപടി. അതോടെ ആകെ തകർന്നു പോയ ഇവർ ഓട്ടോയിൽത്തന്നെ അടുത്തുള്ള സ്വകാര്യാശുപത്രിയിൽ പോയി. എക്‌സ്റേ എടുക്കാൻ ഡോക്ടർ കുറിപ്പെഴുതി. പരിശോധനാഫലം വന്നപ്പോൾ സയനസ് അണുബാധയാണെന്ന് കണ്ടെത്തി. തുടർന്ന് മരുന്നും വാങ്ങി അഞ്ചുമണിയോടെ വീട്ടിലെത്തി. കൈയിൽ കാശുണ്ടായിട്ടല്ല എങ്കിലും പറയാം സർക്കാരാശുപത്രിയെന്ന് കേൾക്കുമ്പോൾ ഇനി പോകാൻ മടിക്കുമെന്നാണ് ഇവർ പറയുന്നത്. ചോരയൊലിക്കുന്ന കുഞ്ഞുമായി അത്രയ്ക്കാണ് തീതിന്നത്. ഓട്ടോയ്ക്ക് മാത്രം 900 രൂപ ചെലവായി. സ്വകാര്യാശുപത്രിയിലെ ചെലവ് വേറെയും. എങ്കിലും മകൾക്ക് അസുഖം ഭേദമായ സന്തോഷത്തിലാണ് ഇവർ.