അബുദാബി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഖസ്ർ അൽ വത്വൻ പ്രസിഡൻഷ്യൽ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നൽകി. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണറും നൽകി.

അധികാരമേറ്റതിനുശേഷം മോദിയുടെ ഏഴാമത് യു.എ.ഇ. സന്ദർശനമാണിത്. ഇത്തവണത്തെ സന്ദർശനത്തിൽ ദുബായിലും അബുദാബിയിലുമായി ഒട്ടേറെ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂട്ടിക്കാഴ്ച നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാൻ തന്റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതിൽ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വർധിച്ചെന്നും മോദി പറഞ്ഞു.

'നിങ്ങൾ നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ നന്ദി പറയുന്നു. നിങ്ങളെ കാണാൻ ഞാൻ ഇവിടെ വരുമ്പോഴെല്ലാം, എന്റെ കുടുംബത്തെ കാണാൻ വന്നതായിട്ടാണ് എപ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഞങ്ങൾ അഞ്ചു തവണ കണ്ടുമുട്ടി, അത് വളരെ അപൂർവ്വമാണ്, അത് ഞങ്ങളുടെ അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു' യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.

'എന്റെ ക്ഷണം സ്വീകരിച്ച് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്കായി എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് വന്നതിന് നന്ദി പറയുന്നു. നിങ്ങൾ ആ പരിപാടി പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയി, അതിന്റെ പ്രശസ്തി വർദ്ധിച്ചു' - ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് പ്രധാനമന്ത്രി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമായും മോദി ചർച്ച നടത്തും.

പ്രവാസി സമൂഹം മോദിക്കായി ഒരുക്കുന്ന സ്വീകരണ പരിപാടിയായ അഹ്‌ലൻ മോദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും. വൈകീട്ട് 6.30-ന് അബുദാബി സായിദ് സ്‌പോർസ് സിറ്റി സ്റ്റേഡിയത്തിൽ നടക്കും. വിശ്വാമിത്ര (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയത്തിൽ വിവിധ സംസ്ഥാനങ്ങളുടെ തനതായ കലകൾ യോജിപ്പിച്ച് ആവിഷ്‌കരിക്കുന്ന കലാവിരുന്നിൽ എഴുന്നൂറിലേറെ കലാകാരന്മാർ പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇയിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും പരിപാടിക്കെത്തും.

65,000-ത്തിലേറെ പേർ പങ്കെടുക്കും. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെയാണ് പരിപാടി. 150-ലേറെ ഇന്ത്യൻ സംഘടനകളും യു.എ.ഇ.യിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളും പരിപാടിക്കെത്തും. 90 മിനിറ്റോളം നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് അരങ്ങേറുക.

അതേസമയം യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം അഹ്‌ലൻ മോദിയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പകുതിയാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മോശം കാലാവസ്ഥ പരിഗണിച്ച് പരിപാടിയിലെ ജനപങ്കാളിത്തം 80,000 ത്തിൽ നിന്ന് 35,000 പേരിലേക്ക് ചുരുക്കിയതായി പ്രവാസി കമ്മ്യൂണിറ്റി നേതാവ് സജീവ് പുരുഷോത്തമനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമർപ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വംനൽകും. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ.

ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ പ്രവേശനം. പൊതുജനങ്ങൾക്കുള്ള പ്രവേശനം മാർച്ച് ഒന്നുമുതലാണ്. അബുദാബി-ദുബായ് പ്രധാന ഹൈവേക്ക് സമീപം അബു മുറൈഖയിലാണ് യു.എ.ഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ഈ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ഖത്തറിലേക്ക് പോകും.

ദുബായിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. 'ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 25-ലേറെ സർക്കാർ തലവന്മാരാണ് പങ്കെടുക്കുന്നത്.