- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒളിച്ചുകളിച്ച് പിടി തരാതെ മൂന്നാം ദിനവും ബേലൂർ മഖ്ന
മാനന്തവാടി: വയനാട് മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്ന കൊലയാളി ആന ബേലൂർ മഖ്നയെ മയക്കുവെടിവച്ചു പിടികൂടാനുള്ള മൂന്നാം ദിവസത്തെ ദൗത്യവും ഫലം കാണാതെ അവസാനിച്ചു. ആന മണ്ണുണ്ടി ഭാഗത്തുനിന്ന് നീങ്ങിയതോടെ ദൗത്യസംഘം ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചിരുന്നു. ആനയുടെ ദൃശ്യം വനംവകുപ്പിന് ലഭിച്ചിരുന്നു. മൂന്ന് കുങ്കി ആനകളെ മണ്ണുണ്ടി വനത്തിലെത്തിച്ചെങ്കിലും ദൗത്യം പൂർത്തിയാക്കാനായില്ല.
രാവിലെ കാട്ടിക്കുളം ഇരുമ്പുപാലത്തിന് അടുത്തെത്തിയ ആനയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം കാട്ടിൽ പ്രവേശിച്ചിരുന്നു. എന്നാൽ ആനയെ വെടിവയ്ക്കാനായില്ല. തിരിച്ചിറങ്ങിയ ദൗത്യസംഘത്തെ നാട്ടുകാർ പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു.
ചെരിഞ്ഞതും അടിക്കാട് നിറഞ്ഞതുമായ സ്ഥലത്തായിരുന്നു ആന നിലയുറപ്പിച്ചത്. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ ആന അടിക്കാടിനുള്ളിലേക്കു കയറുന്നതു ദൗത്യസംഘത്തിന് വെല്ലുവിളിയായി. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള 200 പേരടങ്ങുന്നതാണ് ദൗത്യസംഘമാണ് വയനാട്ടിലുള്ളത്.
ശനിയാഴ്ച അജീഷിനെ ആന ചവിട്ടിക്കൊന്ന പടമലയിൽ ഇന്ന് പുലർച്ചെയും ആനയെത്തിയിരുന്നു. അഞ്ചരയോടെ എത്തിയ ആന കപ്പയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. അതേസമയം, വന്യജീവി ആക്രമണങ്ങൾക്കെതിരെ വയനാട്ടിൽ പ്രതിഷേധം തുടരുകയാണ്. കാട്ടാനയെ പിടികൂടാൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങൾ കണ്ണിൽ പൊടിയിടലാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം.
പുൽപ്പള്ളി ഫോറസ്റ്റ് ഓഫിസിലേക്കും നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. വനംമന്ത്രിയുടെ വസതിയിലേക്ക് തിരുവനന്തപുരത്ത് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.
കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ബേലൂർ മഖ്ന എന്ന കാട്ടാന കർഷകനായ അജീഷിനെ വീട്ടുമുറ്റത്തിട്ട് ചവിട്ടിക്കൊന്നതു ശനിയാഴ്ചയാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചു.
ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായില്ല. മറ്റ് ആനകളിൽ നിന്ന് വ്യത്യസ്തനായ മോഴയാനയായതാണ് ദൗത്യം സങ്കീർണമാക്കുന്നത്. മയക്കുവെടി വച്ചാൽ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. മയങ്ങാനെടുക്കുന്ന അര മണിക്കൂറോളം സമയം ആന ഓടാനും സാധ്യതയുണ്ട്. ഇങ്ങനെ ഓടിയാൽ ആന ആക്രമിക്കാൻ സാധ്യത കൂടുതലാണ്. ഇപ്പോൾ ആന നിൽക്കുന്ന സ്ഥലത്തിനു സമീപത്തായി നിരവധി വീടുകളുള്ളതും ദൗത്യം ദുഷ്കരമാക്കുന്നു.
എഫ്ആർഎഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ വയനാട്ടിൽ സ്വകാര്യ ബസുൾപ്പെടെ സർവീസ് നടത്തുന്നില്ല. ഏതാനും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലുള്ളത്.
അതേസമയം പടമല മേഖലയിൽ ഇന്ന് പുലർച്ചെയും ആനയെത്തുകയും മരിച്ചീനിയും വാഴയും ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. ഞായറാഴ്ച രാവിലെ തുടങ്ങിയ ദൗത്യം മൂന്നാം ദിവസമായിട്ടും വിജയിപ്പിക്കാനായിട്ടില്ല.