വർക്കല/നേമം: മുന്നോട്ടു നീങ്ങിയ ജനശതാബ്ദി ട്രെയിനിന്റെ അടിയിൽ പെട്ടിട്ടും അഞ്ചു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ലോക്കോ പൈലറ്റ് കണ്ടതിനെ തുടർന്ന് ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാൽ കുഞ്ഞിന് ജീവൻ തിരികെ കിട്ടി. വർക്കല റെയിൽവേ സ്റ്റേഷനിലാണ് കണ്ട് നിന്നവരെയെല്ലാം ഭീതിയിലാഴ്‌ത്തിയ സംഭവം നടന്നത്.

അതേസമയം തിരുവനന്തപുരം കാക്കാമൂലയിൽ വീട്ടുകാരെ മുൾമുനയിൽ നിർത്തിയതാവട്ടെ രണ്ടേകാൽ വയസ്സുകാരൻ. ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ ഒരു കിലോമീറ്റർ ഒറ്റയ്ക്കു നടന്നു രണ്ടേകാൽ വയസ്സുകാരൻ വീട്ടിലെത്തി. വെള്ളായണി കാക്കാമൂലയിലാണ് സംഭവം. ഭാഗ്യത്തിന്റെ നൂലിഴയിൽ പിഞ്ചു മക്കൾ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും ഒപ്പം നടുക്കത്തിലുമാണ് രണ്ടു കുടുംബങ്ങൾ.

തിങ്കളാഴ്ച രാത്രി 8.45 നാണ് ട്രെയിനിൽ നിന്നും കുട്ടി പ്ലാറ്റ് ഫോമിലേക്ക് വീണത്. മുത്തശ്ശിയും അമ്മയുമൊത്ത് തിരുവനന്തപുരത്തേക്ക് പോകാനാണ് അഞ്ചു വയസ്സുകാരി വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ജനശതാബ്ദി എക്സ്‌പ്രസ് നിർത്തിയിട്ടിരുന്നു. റിസർവേഷൻ ഉള്ള ട്രെയിനാണെന്നറിയാതെ എൻജിനടുത്തുള്ള കോച്ചിൽ കയറി. വിവരമറിഞ്ഞപ്പോൾ ഇവർ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടി. കുട്ടിയുടെ അമ്മ സുരക്ഷിതയായി പുറത്തു ചാടിയെങ്കിലും മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്‌ഫോമിൽ തലയടിച്ചു വീണു. ഇതിനിടെ കുട്ടി ട്രെയിനിന്റെ അടിയിൽ അകപ്പെടുകയും ചെയ്തു.

ഈ സമയം എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. ഇതിനിടെ യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുത്തു. എന്നാൽ നിസ്സാര പരിക്കുകളോടെ കുട്ടി രക്ഷപ്പെടുക ആയിരുന്നു.

കാക്കാമൂല കുളങ്ങര 'സുഷസ്സിൽ' ജി.അർച്ചനസുധീഷ് ദമ്പതികളുടെ മകനാണ് ഡേ കെയറിൽ നിന്ന് അധികൃതർ അറിയാതെ പുറത്തിറങ്ങി വഴിയറിയാതെ തപ്പിത്തടഞ്ഞ് ഒടുവിൽ സുരക്ഷിതനായി വീട്ടിലെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അദ്ധ്യാപികമാർ ഉൾപ്പെടെ 4 പേരാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ സമീപത്ത് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ ഒരു അദ്ധ്യാപിക മാത്രമാണ് ഡേകെയറിൽ ഉണ്ടായിരുന്നത്. മുതിർന്ന കുട്ടികളെ ശുചിമുറിയിലേക്കു വിട്ട സമയത്താണ് രണ്ടേകാൽ വയസ്സുകാരൻ പുറത്തേക്കിറങ്ങിയത്.