മാനന്തവാടി: മാനന്തവാടി പടമല പനച്ചിയിൽ കർഷകനെ ചവിട്ടികൊന്ന കാട്ടാനയായ ബേലൂർ മഖ്‌നയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷ കവചമൊരുക്കി മറ്റൊരു മോഴയാന. ഈ ആന മയക്കുവെടി സംഘത്തെ ആക്രമിക്കാൻ തിരിയുന്ന വിഡിയോ പുറത്തുവന്നു. ബുധനാഴ്ചയാണ് ബേലൂർ മഖ്‌നയ്ക്കൊപ്പമുള്ള മോഴയാന മയക്കുവെടി സംഘത്തിനു നേരെ തിരിഞ്ഞത്. ആർആർടി സംഘം തുടരെ വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്.

ബേലൂർ മഖ്നയെന്ന മോഴയെ പിടികൂടാൻ ശ്രമിച്ച ദൗത്യസംഘത്തിനുനേരെ മറ്റൊരു മോഴയാന പാഞ്ഞടുക്കുകയായിരുന്നു. ബാവലി വനമേഖലയിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയ ശേഷം ആർ.ആർ.ടി. ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബേലൂർ മഖ്നയെ പിടികൂടാനായി ദൗത്യസംഘം മുന്നോട്ട് പോകുന്നതും ഇതിനിടെ മോഴയാന പിന്നാലെ ഓടി വന്നതോടെ സംഘം തിരിച്ചോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു തവണ വെടിവെച്ചിട്ടും ആന പിന്തിരിയാതിരുന്നതോടെ വീണ്ടും ആകാശത്തേക്ക് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബേലൂർ മഖ്നയ്ക്ക് കവചമൊരുക്കുന്ന രീതിയിലായിരുന്നു രണ്ടാമത്തെ മോഴയാനയുടെ പ്രവൃത്തി.

മറ്റൊരാന കൂടെയുള്ളതാണു ബേലൂർ ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഏറെ ദുഷ്‌കരമാക്കുന്നതെന്ന് വനംവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വനംവകുപ്പ് മോഴയെ വെടിയുതിർത്ത് ഓടിക്കുന്നതിന്റെ ദൃശ്യം പുറത്തുവിട്ടത്. 200 പേരടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടിക്കാൻ നാലു ദിവസമായി ബാവലി, കാട്ടിക്കുളം എന്നിവിടങ്ങളിലെ കാടുകളിലൂടെ ശ്രമം നടത്തുന്നത്.

അടിക്കാട് നിറഞ്ഞ പ്രദേശത്താണ് ബേലൂർ മഖ്‌ന നിലയുറപ്പിച്ചത്. ഇതിനിടെയാണ് രണ്ട് ദിവസമായി മറ്റൊരു മോഴയാനയും കൂടെ കൂടിയത്. ഇതോടെ മയക്കുവെടി വയ്ക്കൽ ദൗത്യം ഏറെ ശ്രമകരമായി നീണ്ടുപോകുകയാണ്.

ശനിയാഴ്ചയാണ് പടമല പനച്ചിയിൽ അജീഷനെ ചവിട്ടിക്കൊന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. ഞായാറാഴ്ച രാവിലെ മയക്കുവെടി വയ്ക്കാൻ ആരംഭിച്ച ശ്രമം ബുധനാഴ്ചയും വിജയിച്ചില്ല. കർണാടക വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ആനയാണ് ബേലൂർ മഖ്‌ന.

ആന ബാവലി വനമേഖലയിൽ ഉണ്ടെന്നാണ് നിഗമനം. കേരള കർണാടക അതിർത്തി ആണ് ബാവലി. അതിനാൽ തന്നെ ആന കർണാടക വനമേഖലയിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. റേഡിയോ കോളറിൽ നിന്ന് സിഗ്‌നലുകൾ ലഭിക്കാത്ത സാഹചര്യത്തിൽ തെർമൽ ക്യാമറയും തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. രണ്ട് സംഘം ആർആർടികളാണ് ആണ് നിലവിൽ വനത്തിൽ തിരച്ചിൽ നടത്തുന്നത്. അതേസമയം ആനയെ മയക്കു വെടിവെച്ച് നീക്കാത്തതിന്റെ അമർഷത്തിലാണ് നാട്ടുകാർ.