അബുദാബി: പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം വിശ്വാസി സമൂഹത്തിനായി സമർപ്പിച്ചു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് സമർപ്പിച്ചത്.

ക്ഷേത്രം നിർമ്മിച്ച തൊഴിലാളികളെ സന്ദർശിച്ച് സംസാരിച്ച പ്രധാനമന്ത്രി പിന്നീട് ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകമെന്ന് കൊത്തി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിർ. ഇന്ന് പുലർച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മറ്റു പ്രത്യേക പൂജകൾ നടന്നു.

ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് ഇന്ന് ക്ഷേത്രത്തിലേക്ക് പ്രവേശനത്തിന് അനുമതി നൽകിയത്. സന്ദർശനത്തിന് ഓൺലൈനായി നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ മാസം 18ന് ക്ഷേത്രം തുറന്നുകൊടുക്കും. വിദേശ സന്ദർശകരിൽ നിന്ന് ധാരാളം റജിസ്‌ട്രേഷനുകൾ ഉള്ളതിനാൽ പൊതുജനങ്ങൾക്ക് മാർച്ച് ഒന്ന് മുതൽ ക്ഷേത്രം സന്ദർശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏഴ് ആരാധന മൂർത്തികളെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമർപ്പണ ചടങ്ങ് നടന്നത്. 2015 ലാണ് അബുദബിയിൽ ക്ഷേത്ര നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകിയത്. ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചത്. 2018ലാണ് ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടത്. ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റൻ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം.

ക്ഷേത്രത്തിന്റെ ഉയരം 32 മീറ്ററാണ് . ശിലാരൂപങ്ങൾ കൊണ്ട് നിർമ്മിച്ച 96 തൂണുകൾ ക്ഷേത്രത്തിനകത്തുണ്ട്. ഇന്ത്യയിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ഭൂകമ്പങ്ങളിൽ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ രൂപകൽപന. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകൾ ഉൾക്കൊണ്ടുള്ള ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകൾ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്.

ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങൾക്കുള്ള ആഗോള വേദി, സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, പഠന മേഖലകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്‌ക് ഉൾപ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമ്മിതികളുടെ രൂപങ്ങളും വെണ്ണക്കല്ലിൽ കൊത്തിയിട്ടുണ്ട്.

ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കൊണ്ടുവന്ന അര ഡസൻ മരങ്ങൾ ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിൽ സ്ഥിതിചെയ്യുന്നു. അവിടെ പുരാതന ഇന്ത്യയിലെ പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവയെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുന്നതിനായി മൂന്ന് ജലാശയങ്ങൾ നിർമ്മിച്ചിട്ടുണ്ട്. യുഎഇയിലെ ബൊഹ്റ സമൂഹം സമ്മാനിച്ച 'വാൾ ഓഫ് ഹാർമണി'യും ക്ഷേത്രത്തിലെ നിരവധി ആകർഷണങ്ങളിൽ ഉൾപ്പെടുന്നു.

രാജസ്ഥാനിൽ നിന്നുള്ള 2,500 കരകൗശലത്തൊഴിലാളികൾ കൈകൊണ്ട് നിർമ്മിച്ച 30,000-ലധികം കൊത്തുപണികളുള്ളതാണ് ക്ഷേത്ര ഘടന. ആന, മയിൽ, പശു എന്നിവയുടെ കൊത്തുപണികൾ ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട കഥകൾ ചിത്രീകരിക്കുമ്പോൾ, ഓറിക്‌സ്, ഗസൽ, ഒട്ടകം, പരുന്തുകൾ, ഈന്തപ്പന എന്നിവ അറബ് സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. കെട്ടിടത്തിന് പുറത്തുള്ള തൂണുകളിലെ കൊത്തുപണികൾ ഹിന്ദുപുരാണവുമായി ബന്ധപ്പെട്ട കഥകൾ പറയുന്നു. ക്ഷേത്രത്തിനുള്ളിലെ മഹാ സ്തംഭത്തിൽ വെളുത്ത ഇറ്റാലിയൻ മാർബിൾ കൊണ്ട് നിർമ്മിച്ച 400 മിനിയേച്ചർ ഉൾപ്പെടുന്നു. മധ്യ താഴികക്കുടം പ്രകൃതിയുടെ അഞ്ച് ഘടകങ്ങളെ പ്രതീകപ്പെടുത്തുന്നു - ഭൂമി, വെളിച്ചം, തീ, വായു, ബഹിരാകാശം. ഏഴ് എമിറേറ്റുകളിൽ നിന്ന് ശേഖരിച്ച മണൽ കൊണ്ട് മറുവശത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു മൺകൂന സമുച്ചയത്തിന് യുഎഇ പ്രതീതി ജനിപ്പിക്കും.

സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയനേതാവായിരുന്ന സ്വാമി മഹാരാജിന്റെ സ്വപ്നമാണ് ഇന്ന് പ്രധാനമന്ത്രി സാക്ഷാത്കരിച്ചത്. 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് അബുദാബിയിൽ ഒരു ഹിന്ദു ക്ഷേത്രം എന്ന നിർദ്ദേശം ഉയർന്നുവന്നത്. തുടർന്നാണ് ദുബായ്-അബുദാബി ഹൈവേയിൽ ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്.

52 രാജ്യങ്ങളിലായി 1200 ഓളം ക്ഷേത്രങ്ങൾ പണിത 'ബോച്ചാസൻ വാസി അക്ഷർ പുരുഷോത്തം സൻസ്ഥ 'എന്ന പ്രസ്ഥാനമാണ് ക്ഷേത്ര നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഗംഗ, യമുന നദികളെ പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്ന രണ്ട് ജലധാരകൾ, സരസ്വതി നദിയെ പ്രതിനിധാനം ചെയ്യുന്ന പ്രകാശ കിരണവും ക്ഷേത്ര സമുച്ചയത്തിലുണ്ട്.