ന്യൂഡൽഹി: കർഷകരുടെ ഡൽഹി ചലോ മാർച്ചുമായി ബന്ധപ്പെട്ട് സമരം പരിഹരിക്കുന്നതിനായി കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ വ്യാഴാഴ്ച ചർച്ച നടത്തും. അതുവരെ കർഷകർ സമാധാനപരമായി തലസ്ഥാനത്ത് തുടരുമെന്നും ബാരിക്കേഡുകൾ മറികടക്കാൻ ശ്രമം നടത്തില്ലെന്നും കർഷക സംഘടനാ പ്രതിനിധി സർവൻ സിങ് പൻധേർ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് ചർച്ച നടക്കുക. കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി കൃഷിവകുപ്പ് മന്ത്രി അർജുൻ മുണ്ട, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിത്യാനന്ദ റായ് എന്നിവർ കർഷക സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തും.

കർകർഷകരും കേന്ദ്രവും തമ്മിൽ ഇന്ന് നടത്താനിരുന്ന ഓൺലൈൻ ചർച്ച മാറ്റിവയ്ക്കുകയായിരുന്നു. ഓൺലൈൻ യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാൻ പറ്റാത്തതിനാലാണ് ചർച്ച മാറ്റിവെച്ചത്. നാളെ വൈകുന്നേരം അഞ്ച് മണിക്ക് ചണ്ഡീഗഡിൽ വെച്ച് ചർച്ച നടക്കും. ചർച്ചയിലെ തീരുമാനം അനുസരിച്ച് ഡൽഹിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കർഷക നേതാക്കളെ നേരിട്ട് കണ്ടു. സംഘർഷമുണ്ടാക്കാനല്ല സമരമെന്നും നാളെ സമാധാനപരമായി അതിർത്തികളിൽ ഇരിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു.

രണ്ടുദിവസമായി തലസ്ഥാനത്തേക്ക് നടത്തുന്ന കർഷക മാർച്ച് തടയാൻ പൊലീസ് വിപുലമായി ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭുവിൽ ബുധനാഴ്ച കർഷകർക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് മാറ്റി. ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് പോകാൻ ശംഭു അതിർത്തിയിൽ ട്രാക്ടറുകളിൽ തമ്പടിച്ചിരിക്കുകയാണ്.

പല ഇടങ്ങളിലും പൊലീസ് വലിയതോതിൽ കണ്ണീർവാതകപ്രയോഗം നടത്തി. അതിർത്തിയിൽ അർധസൈനികവിഭാഗവും പൊലീസും ബാരിക്കേഡുകൾ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്. കർഷകരെ ഒരുവിധത്തിലും ഡൽഹിയിലേക്ക് കടത്തിവിടില്ലെന്നാണ് പൊലീസ് സ്വീകരിച്ച നിലപാട്. കണ്ണീർവാതകപ്രയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ നനഞ്ഞ തുണികളും മുഖാവരണങ്ങളുമടക്കം കർഷകർ ഉപയോഗിക്കുന്നുണ്ട്.

അതിനിടെ, മാർച്ചിനെ നേരിടാൻ കോൺക്രീറ്റ് ബാരിക്കേഡുകൾക്കും കണ്ണീർവാതക ഷെല്ലുകൾക്കും പുറമെ ലോങ് റേഞ്ച് അക്വാസ്റ്റിക് ഡിവൈസ് (എൽആർഎഡി) ആയുധങ്ങൾ കർഷകർക്കുനേരെ പൊലീസ് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ജനകൂട്ടത്തെ നിയന്ത്രിക്കാനാണ് ഉഗ്രശബ്ദത്തോടെ പ്രവർത്തിക്കുന്ന ഇത്തരം ഉപകരണങ്ങൾ പൊലീസ് പ്രയോഗിക്കുന്നത്. പ്രതിഷേധക്കാരുടെ കേൾവിശക്തിക്ക് ഇത് തകരാർ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച കണ്ണീർ വാതക ഷെല്ലുകൾ ഡ്രോണുകളിൽ ഘടിപ്പിച്ച് പൊലീസ് കർഷകർക്കുനേരെ പ്രയോഗിച്ചിരുന്നു. ബുധനാഴ്ചയും ഇതേമാർഗ്ഗം സ്വീകരിച്ചെങ്കിലും പട്ടങ്ങൾ പറത്തിയാണ് കർഷകർ ഡ്രോണുകളെ നേരിട്ടത്. തങ്ങൾക്കുമുകളിലൂടെ കണ്ണീർവാതക ഷെല്ലുകളുമായി പറക്കുന്ന ഡ്രോണുകളെ പട്ടം പറത്തി പിടികൂടാനാണ് കർഷകർ ശ്രമിച്ചു. പട്ടങ്ങളുടെ നീളത്തിലുള്ള ചരട് ഡ്രോണുകളുടെ റോട്ടറുകൾക്കിടയിൽ കുടുക്കി അവയുടെ നിയന്ത്രണം തകർക്കുക എന്ന തന്ത്രമാണ് പ്രതിഷേധക്കാർ പയറ്റിയത്.

വായ്പപ്പലിശയിളവ്, താങ്ങുവില നിയമപരമാക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി കർഷകസംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ചിനെ പഞ്ചാബ്-ഹരിയാണ അതിർത്തികളിൽ പൊലീസ് തടയാൻ ശ്രമിച്ചതോടെ ചൊവ്വാഴ്ച സംഘർഷമുടലെടുത്തിരുന്നു. 24 പൊലീസ് ഉദ്യോഗസ്ഥർക്കും 30-ലധികം സമരക്കാർക്കും ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഖനോരി അതിർത്തിയിലും കുരുക്ഷേത്രയിലും പൊലീസുമായി കർഷകർ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാരെ അകറ്റി നിർത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടർച്ചയായി ഗ്രനേഡ് പൊട്ടിച്ചു.

ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് രാവിലെ കർഷകർ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും ഡൽഹിയിലേക്ക് തിരിച്ചത്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. ട്രാക്ടർ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടഞ്ഞു. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിലാണ് ആദ്യം സംഘർഷമുണ്ടായത്. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് നേരത്തേയും സർക്കാർ അറിയിച്ചിരുന്നു. ആദ്യ രണ്ടു ചർച്ചകളിൽ പരിഹാരം നിർദേശിക്കാൻ കേന്ദ്രത്തിനു കഴിഞ്ഞില്ലെന്നു കാണിച്ച് കർഷകർ ക്ഷണം നിരസിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മൂന്നു വർഷം മുൻപ് ഇതേകാര്യം പറഞ്ഞതാണെന്നും അതിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന ഉറപ്പ് ലഭിക്കണമെന്നും കർഷകർ പറയുന്നു. സംഘർഷത്തിൽ ഇതുവരെ 60 പേർക്കു പരുക്കേറ്റതായി കർഷക സംഘടനകൾ വ്യക്തമാക്കി. 24 ഉദ്യോഗസ്ഥർക്കു പരുക്കേറ്റതായി പൊലീസും അറിയിച്ചു.

കർഷകരുടെ സമരത്തിന് ഡൽഹി സർക്കാരിന്റെ പഞ്ചാബ് സർക്കാരിന്റെ പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്. ഹരിയാന അതിർത്തികൾ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് അടച്ചിരിക്കുകയാണ് .7 ജില്ലകളിൽ നിരോധനാജ്ഞയും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലും സമരത്തെ നേരിടാൻ കേന്ദ്ര സർക്കാർ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കർഷകസമരം ശക്തമാകുന്നതിനിടെ ഡൽഹി കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ. നിർദ്ദേശം പുറപ്പെടുവിച്ചു. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരത്തെതന്നെ വീട്ടിൽനിന്ന് പുറപ്പടണമെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ഡൽഹി മെട്രോയെ ആശ്രയിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

രാവിലെ 10.30 നാണ് പരീക്ഷ ആരംഭിക്കുന്നത്. 45 മിനിറ്റ് മുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ എത്തണമെന്നാണ് സിബിഎസ്ഇ പുറത്തിറക്കിയ നിർദ്ദേശത്തിൽ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 15 മുതൽ സി.ബി.എസ്.ഇ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.