മാനന്തവാടി: ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിനത്തിലും ലക്ഷ്യത്തിലെത്തിക്കാനാവാതെ ദൗത്യസംഘം. രാവിലെ പനവല്ലിക്കടുത്ത് മാനിവയലിലായിരുന്ന കാട്ടാന ഉച്ചയോടെ കുതിരക്കോട് വനമേഖലയിലേക്ക് മാറി. പിന്നീട് മറ്റൊരു മോഴയാനക്കൊപ്പം ചേർന്ന് സഞ്ചാരം തുടരുകയാണ്. ഇരു കാട്ടാനകളേയും വേർപെടുത്തിയ ശേഷമേ മയക്കുവെടി വെക്കാൻ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാൻ സാധ്യമായ ഭൂപ്രദേശത്ത് ബേലൂർ മഖ്നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്. ഏതാണ്ട് 20 കിലോമീറ്ററോളമാണ് കഴിഞ്ഞരാത്രി മുതൽ ബേലൂർ മഖ്ന സഞ്ചരിച്ചത്.

ബുധനാഴ്ച രാത്രിയോടെയാണ് രണ്ടാനകളും കാട്ടിക്കുളം- തോൽപ്പെട്ടി റോഡ് മുറിച്ചുകടന്ന് മാനിവയൽ മേഖലയിലേക്ക് പോയത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യത്തിനായി കർണാടകയിൽനിന്നുള്ള 25 അംഗ സംഘവും എത്തിയിട്ടുണ്ട്. ബേലൂരിൽനിന്ന് കാട്ടാനയെ പിടികൂടിയ സംഘമാണ് കേരള വനംവകുപ്പിന്റെ സംഘത്തോടൊപ്പം സഹകരിക്കുന്നത്. ബേലൂരിൽനിന്ന് പത്തുദിവസത്തെ പരിശ്രമങ്ങൾക്കൊടുവിലായിരുന്നു കാട്ടാനയെ കർണാടകയിലെ ദൗത്യസംഘം പിടികൂടിയത്. നിലവിൽ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.

രാത്രിയിൽ തന്നെ വനപാലകർ മാനിവയലിലെ ആളുകൾക്ക് പുറത്തിറങ്ങരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. രാവിലെയും മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ കുതിരക്കോട്, ആലത്തൂർ, ബേഗൂർ, ചേലൂർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

മാനിവയലിലെ വനത്തിൽ അടിക്കാടുകൾ നിറഞ്ഞതും കുത്തനെയുള്ളതുമായ സ്ഥലമായതിനാൽ ഇവിടെ വച്ച് ആനയെ മയക്കുവെടി വയ്ക്കുക ദുഷ്‌കരമാകുമെന്നാണ് നാട്ടുകാർ പറഞ്ഞു. ബേലൂർ മഖ്‌നയ്‌ക്കൊപ്പം ഇന്നലെ മറ്റൊരു മോഴയാനയുമുണ്ടായിരുന്നു. വെടിവയ്ക്കാൻ പോയ സംഘത്തിനു ബേലൂർ മഖ്‌നയ്‌ക്കൊപ്പമുണ്ടായിരുന്ന മോഴയാന പാഞ്ഞടുത്തിരുന്നു. വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്.

രണ്ട് ആനകളും ഒരുമിച്ചുള്ളതാണ് ദൗത്യം ദുഷ്‌കരമാക്കുന്നത്. ബേലൂർ മഖ്‌നയ്ക്കു മയക്കുവെടിയേറ്റാൽ കൂട്ടാളി പ്രകോപിതനായി ദൗത്യസംഘത്തിനു നേരെ തിരിയാം. മഖ്‌ന പലപ്പോഴും മുൾക്കാടുകൾക്കുള്ളിലാണെന്നതും പ്രശ്‌നമാണ്. മുൻപ്, കർണാടക സംഘം 12 ദിവസം ശ്രമിച്ചശേഷമാണ് ഇതിനെ മയക്കുവെടി വയ്ക്കാനായത്. ദൗത്യസംഘം 2 തവണ പുലിയുടെ മുന്നിൽപെടുകയും ചെയ്തിരുന്നു.

വന്യമൃഗ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രക്ഷോഭം തുടരുകയാണ്. സിപിഐ കിസാൻ സഭ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കത്തിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാട്ടിലിറങ്ങി അക്രമം കാണിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുക, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വന്യജീവി ആക്രമണത്തിനെതിരെ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.

അതേ സമയം വയനാട്ടിലെ വന്യജീവി ശല്യത്തിന് പരിഹാരമായി വയനാട്ടിൽ സിസിഎഫ് റാങ്കിലുള്ള സ്‌പെഷൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചു. പ്രത്യേക അധികാരങ്ങളോട് കൂടിയ ഓഫീസറെ ആയിരിക്കും നിയമിക്കുക. വന്യജീവി ശല്യത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് നിയമനം നടത്തുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേർത്ത വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. രണ്ട് ആർആർടി ടീമിനെക്കൂടി നിയമിക്കുമെന്ന് യോഗത്തിൽ അറിയിപ്പുണ്ട്. വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിലും സൗജന്യ ചികിത്സ നൽകാനും തീരുമാനമായി.അതേ സമയം കാട് പിടിച്ചു കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ വൃത്തിയാക്കണമെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.