- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
210 കോടിയുടെ ക്രൗഡ് ഫണ്ടിംഗിൽ സംശയം; അസാധാരണ നടപടിയുമായി ആദായ നികുതി വകുപ്പ്; കോൺഗ്രസിന്റേയും യൂത്ത് കോൺഗ്രസിന്റേയും അക്കൗണ്ടുകൾ മരവിപ്പിച്ചു; നിത്യവൃത്തിക്ക് പോലും പണമില്ലാതെ കോൺഗ്രസ്; രാഹുലിന്റെ ന്യായ് യാത്ര അടക്കം പ്രതിസന്ധിയിൽ; ജനാധിപത്യത്തെ തകർത്തെന്ന് മാക്കൻ
ന്യൂഡൽഹി: കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷറർ അജയ് മാക്കൻ. ആദായനികുതി വകുപ്പാണ് ഇത്തരത്തിൽ നടപടിയെടുത്തത്. തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് ട്രഷറർ അജയ് മാക്കനാണ് ഈ വിവരം പുറത്തുവിട്ടത്. അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുമ്പോൾ പാർട്ടിയുടെ പ്രവർത്തനം അവതാളത്തിലാകും.
'ഞങ്ങൾ നൽകുന്ന ചെക്കുകൾ ബാങ്കുകൾ മാറ്റിനൽകുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്കോൺഗ്രസിനോടും കോൺഗ്രസിനോടും നൽകാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്' അജയ് മാക്കൻ പറഞ്ഞു.
പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിക്കും. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രചരണ യാത്രയ്ക്ക് പോലും വെല്ലുവിളിയാകും. തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കാനാകില്ല. ജനാധിപത്യം ഇന്ത്യയിൽ പൂർണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു.
വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും അടക്കം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏത് കേസിലാണ് നടപടിയെന്നത് ഇപ്പോൾ വ്യക്തമല്ല. കോൺഗ്രസ് കോടതി സമീപിക്കാനും സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ കേസിൽ വ്യക്തത വരും.
210 കോടിയുടെ ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ഇതിൽ വ്യക്തത വരുത്താനാണ് ഐടി നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചെക്കുകളും മറ്റും പാസാക്കരുതെന്ന് ബാങ്കുകൾക്ക് ഐടി വകുപ്പ് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ