ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും ആദായ നികുതി വകുപ്പിനും തിരിച്ചടി. കോൺഗ്രസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ താൽകാലികമായി പുനഃസ്ഥാപിച്ചു. ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണൽ (ഐടിഎടി) അക്കൗണ്ടുകൾ പുനഃസ്ഥാപിച്ച് നൽകിയത്. അക്കൗണ്ടുകൾ മരവിപ്പിച്ചതായി ആരോപിച്ച് കോൺഗ്രസ് ട്രഷറർ വാർത്താസമ്മേളനം നടത്തി മിനിറ്റുകൾക്കകമാണ് ഐടിഎടിയുടെ നടപടി.

തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ജനാധിപത്യം മരവിപ്പിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 'ഞങ്ങൾ നൽകുന്ന ചെക്കുകൾ ബാങ്കുകൾ മാറ്റിനൽകുന്നില്ലെന്ന് ഇന്നലെ വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അറിയാൻ കഴിഞ്ഞു. കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 210 കോടിരൂപയാണ് യൂത്ത്‌കോൺഗ്രസിനോടും കോൺഗ്രസിനോടും നൽകാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ അക്കൗണ്ടുകളിലെ ക്രൗഡ് ഫണ്ടിങ് പണമാണ് മരവിപ്പിച്ചിരിക്കുന്നത്' അജയ് മാക്കൻ പറയുകയുണ്ടായി. നിയമ പോരാട്ടം തുടങ്ങുമെന്നും പറഞ്ഞിരുന്നു.

പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ഇതു ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് അതിവേഗ നടപടി എടുത്തത്. പണമില്ലാത്തത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രചരണ യാത്രയ്ക്ക് പോലും വെല്ലുവിളിയാകുമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കാനാകില്ലെന്ന സ്ഥിതി വന്നു. ജനാധിപത്യം ഇന്ത്യയിൽ പൂർണ്ണമായി നിലച്ചിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് തീയതി രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നടപടിയെന്നും കോൺഗ്രസ് ആരോപിക്കുകയും ചെയ്തു. അതിന് ശേഷം ട്രിബ്യൂണൽ ഇടപെട്ടത് കോൺഗ്രസിന് ആശ്വാസമായി.

വൈദ്യുതി ബില്ലടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും അടക്കം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളേയും ഇത് ബാധിക്കും, ന്യായ് യാത്ര മാത്രമല്ല, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും അജയ് മാക്കൻ കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അദായ നികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏത് കേസിലാണ് നടപടിയെന്നത് ഇപ്പോൾ വ്യക്തമല്ല. അതിനിടെയാണ് ആശ്വാസം എത്തുന്നത്.

210 കോടിയുടെ ക്രൗഡ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. ഇതിൽ വ്യക്തത വരുത്താനാണ് ഐടി നടപടിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ചെക്കുകളും മറ്റും പാസാക്കരുതെന്ന് ബാങ്കുകൾക്ക് ഐടി വകുപ്പ് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്. തൽകാലത്തേക്കാണ് ഇത് മരവിപ്പിക്കുന്നത്. അടുത്ത ആഴ്ച കോൺഗ്രസിന്റെ ഹർജിയിൽ വാദം കേൾക്കും. അതിന് ശേഷം അന്തിമ തീരുമാനം എടുക്കും.

കോൺഗ്രസിനൊപ്പം പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും ഈ വിഷയം ചർച്ചയാക്കും. തിരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാനാണ് ഇതെല്ലാം കോൺഗ്രസിനെതിരെ ബിജെപി സർക്കാർ ചെയ്യുന്നതെന്നാണ് ഉയരുന്ന ആരോപണം.