മാനനന്തവാടി: വയനാട് പുൽപ്പള്ളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിൽ ജനകീയ പ്രതിഷേധം അക്രമാസക്തമായി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. സ്ത്രീകളടക്കം പ്രതിഷേധ രംഗത്തുണ്ട്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പുൽപ്പള്ളിയിൽ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്.

അനുനയ ശ്രമങ്ങളൊന്നും വിജയിക്കാതെ വന്നതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. എന്നാൽ, ആദ്യഘട്ടത്തിൽ പൊലീസ് ലാത്തി വീശിയെങ്കിലും ഉടൻ തന്നെ പിന്മാറേണ്ടി വന്നു. അത്രയധികം ജനങ്ങളാണ് ന?ഗരമധ്യത്തിൽ സമരവുമായി ഇരമ്പിയെത്തിയിരിക്കുന്നത്. സ്ത്രീകളും, യുവതീയുവാക്കളും വൈദികന്മാരുമടക്കമുള്ളവർ പ്രദേശത്തുണ്ട്. പൊലീസ് നടപടിയിൽ ചില നാട്ടുകാർക്കും ഉദ്യോഗസ്ഥർത്തും പരിക്കുകളുണ്ട്. വനംവകുപ്പിന് നേരെയുണ്ടായ പ്രതിഷേധത്തിന് പിന്നാലെയാണ് നിലവിൽ പുൽപ്പള്ളി പ്രദേശത്ത് ജനങ്ങൾ പൊലീസിനെതിരെ തിരിഞ്ഞിരിക്കുന്നത്.

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പള്ളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുള്ള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽകെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പൊലീസിനെതിരെയുമാണ് ജനരോഷം ആളിക്കത്തുന്നത്.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ച് പ്രതിഷേധിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഏറെനേരം നീണ്ടുനിന്നു. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്. ആയിരക്കണക്കിനു പേരാണ് ഇവിടെ എത്തിച്ചേർന്നിരിക്കുന്നത്.

വനംവകുപ്പിന് എതിരെ കനത്ത പ്രതിഷേധമാണു നടക്കുന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറുകയും ചെയ്തു. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടി. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാർ.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്ത്ത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർ നടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്.

മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടിൽ എത്തിക്കും. പോളിന്റെ വീടിന് മുൻപിൽ വൻ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. പോളിന്റെ മൃതദേഹം ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ രാവിലെ 9.40ന് ആണ് പുൽപ്പള്ളിയിൽ എത്തിച്ചത്. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്തു വയനാട് കലക്ടറേറ്റിന് മുന്നിൽ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

ഇന്നലെ രാവിലെ 9.15നും 9.30നും ഇടയിലാണു കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്ഷനിൽ ഡ്യൂട്ടിക്കിടെ പോളിനെ കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. പോളിനെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടമല ചാലിഗദ്ദയിൽ കർഷകൻ അജീഷിനെ, കർണാടക തുരത്തിയ മോഴയാന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് ഏഴ് കിലോമീറ്റർ മാത്രമകലെയാണ് പോൾ ആക്രമണത്തിനിരയായത്. ആനക്കൂട്ടത്തിൽ അഞ്ച് ആനകളുണ്ടായിരുന്നു. ഇവയിലൊന്നാണ് പോളിനെ ആക്രമിച്ചത്.

വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. എൽ.ഡി.എഫും, യു.ഡി.എഫും ബിജെപി.യുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച രാവിലെ ആറുമണി മുതലാണ് ജില്ലയിൽ ഹർത്താൽ തുടങ്ങിയത്. ജില്ലാ കവാടമായ ലക്കിടി, മാനന്തവാടി തുടങ്ങി മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്സി എന്നിവയൊന്നും നിരത്തിലിറങ്ങിയിട്ടില്ല. ആശുപത്രി ആവശ്യത്തിനായി പോകുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താലിൽ എല്ലാ രീതിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.

ചികിത്സ പിഴവല്ലെന്ന് മന്ത്രി

വയനാട് പുൽപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ വനംസംരക്ഷണസമിതി ജീവനക്കാരൻ വെള്ളച്ചാലിൽ പോൾ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. എല്ലാ ചികിത്സയും നൽകിയെന്നാണ് ഡോക്ടർമാർ വാക്കാൽ അറിയിച്ചത്. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പാക്കം കുറുവാ ദ്വീപിലെ വനംവകുപ്പിനു കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണസമിതി ജീവനക്കാരനാണ് വെള്ളിയാഴ്ച കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നാലെ പോളിന് വിദഗ്ധ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു.

പോളിന്റെ ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി നേരത്തെ വയനാട് മെഡിക്കൽ കോളേജ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ശ്വാസകോശത്തിലെ പരിക്ക് സാരമായതിനാലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള തീരുമാനമെടുത്തതെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികമായി ലഭിച്ച റിപ്പോർട്ടെന്നും എങ്കിലും ആരോപണത്തിൽ എന്തെങ്കിലും കഴമ്പ് ഉണ്ടോയെന്ന് അന്വേഷിക്കാൻ സർക്കാറിന് യാതൊരു മടിയില്ലെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പറഞ്ഞിരുന്നു.