കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പാക്കത്തെ വീട്ടിൽ എത്തിച്ചു. മൃതദേഹം വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. പോളിന്റെ വീടിന് മുൻപിൽ വൻ ജനാവലിയാണു തടിച്ചുകൂടിയിരിക്കുന്നത്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരത്തിന് സർക്കാരിനോട് ശുപാർശ ചെയ്യും. ഇൻഷുറൻസ് തുക ഒരു ലക്ഷം അടക്കം 11 ലക്ഷം ഉടൻ നൽകും. ഭാര്യക്ക് ജോലിയും നൽകാൻ പുൽപ്പള്ളി പഞ്ചായത്തിൽ നടന്ന ഉന്നതതലയോഗത്തിൽ തീരുമാനമായി. കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് തീരുമാനം.

അതിനിടെ വനം വന്യജീവി ആക്രമണത്തിൽ വയനാട് പുൽപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലെത്തി. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകൾ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു.

പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ കുപ്പിയേറുണ്ടായി. ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്.

ഇതിനിടെ എംഎൽഎമാർക്കും പൊലീസിനും നേരെ പ്രതിഷേധക്കാർ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. രണ്ട് സംഘമായിട്ടായിരുന്നു ആദ്യം പ്രതിഷേധം നടന്നത്. ട്രാഫിക് ജംക്ഷനിലും ബസ് സ്റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്.

വനംവകുപ്പിന് എതിരെ കനത്ത പ്രതിഷേധമാണു നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടി. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചെങ്കിൽ മാത്രമേ മൃതദേഹം നഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്ന നിലപാടിലാണു പ്രതിഷേധക്കാർ.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം, ജോലി, കടം എഴുതിത്ത്ത്തള്ളണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കും തുടർ നടപടികൾക്കുമായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു. പുൽപ്പള്ളി പഞ്ചായത്തിനു മുന്നിലും പ്രതിഷേധമുണ്ടായി. ചർച്ചയല്ല ആവശ്യം പരിഹാരമാണ് ഇനി വേണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്.

കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി എസ്.എസ്) ജീവനക്കാരനായ പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നിൽപ്പെടുകയായിരുന്നു. ഭയന്നോടിയപ്പോൾ താൻ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോൾ പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോളിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ വൈകിയതിനാൽ ജീവൻ രക്ഷിക്കാനായില്ല.