- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ വിജയന് എതിരെയുള്ള അന്വേഷണം തീർത്തും നിയമപരം; അന്വേഷണത്തിൽ നിയമപരമായി യാതൊരു തടസ്സവും ഉന്നയിക്കാൻ കഴിയില്ല; എസ്എഫ്ഐഒയെ അന്വേഷണം ഏൽപ്പിച്ച കേന്ദ്ര നടപടിയിൽ തെറ്റില്ല; കർണാടക ഹൈക്കോടതി വിധിയുടെ സുപ്രധാന വിവരങ്ങൾ
ബെംഗളൂരു: സിഎംആർഎൽ - എക്സാലോജിക് കരാറിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളികൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. നേരത്തെ ഹർജി തള്ളുകയാണെന്ന ഒരു വരി വിധി പ്രസ്താവന മാത്രമായിരുന്നു ഹൈക്കോടതി നടത്തിയിരുന്നത്.
ഇതിനുപിന്നാലെയാണ് 46 പേജുള്ള വിശദമായ വിധിപ്പകർപ്പ് ഇപ്പോൾ പുറത്തുവന്നത്. വീണ വിജയന് എതിരെയുള്ള അന്വേഷണം തീർത്തും നിയമപരമാണെന്നാണ് കർണാടക ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയിൽ പറയുന്നത്. നിയമം പാലിച്ച് തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും കോടതി വിധിയിൽ പറയുന്നു.
എക്സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേടെന്ന് ജഡ്ജി നാഗപ്രസന്ന വിധിയിൽ പറയുന്നു. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് കേസ് ആർഒസി, എസ്എഫ്ഐഒയ്ക്ക് കൈമാറിയതെന്ന് കർണാടക കോടതി വിലയിരുത്തി. നിലവിൽ കാര്യ കാരണങ്ങൾ പരിശോധിക്കേണ്ട ഘട്ടത്തിലല്ല എസ്എഫ്ഐഒ അന്വേഷണം ഉള്ളത്. അന്വേഷണം തടയേണ്ടതോ വിലക്കേണ്ടതോ ആയ സാഹചര്യം നിലവിലില്ലെന്നും കോടതി പറഞ്ഞു. അന്വേഷണം റദ്ദാക്കാനായി വീണ വിജയൻ നൽകിയ വാദങ്ങൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
മാസപ്പടി കേസിൽ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടത്തുന്നതിനെതിരെ നിയമപരമായി യാതൊരു തടസ്സവും നിലവിൽ ഉന്നയിക്കാൻ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാൻ കഴിയില്ല. അന്വേഷണം തടയണം എന്ന് കാട്ടി വീണ ഉന്നയിച്ച ഒരു വാദങ്ങളും നിലനിൽക്കുന്നതല്ല.
അന്വേഷണം ഏത് ഘട്ടത്തിൽ ആണ് എസ്എഫ്ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിലവിൽ വീണയ്ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം നിയമപരം ആയതിനാൽ ഹർജി തള്ളുന്നു എന്നുമാണ് വിധിയിലുള്ളത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളികൊണ്ടുള്ള ഹൈക്കോടതി വിധിയിലെ നിരീക്ഷണങ്ങൾ വീണ വിജയന് തിരിച്ചടിയായി മാറുകയായിരുന്നു.
എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസിൽ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയിൽ വാദിച്ചു.
തിങ്കളാഴ്ച നടന്ന വാദത്തിന് ശേഷം, ഹർജിയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പോലുള്ള ഗുരുതര നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് എക്സലോജിക്കിനോടും കോടതി നിർദ്ദേശിച്ചു. ഒരു സേവനവും നൽകാതെയാണ് എക്സലോജിക് സി എം ആർ എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് എന്നാണ് വീണയ്ക്കെതിരായ കേസ്.
വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.
സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ