- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം നിലനിർത്താൻ എൻ.കെ. പ്രേമചന്ദ്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്; സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ ലോക്സഭയിലേക്ക് മത്സരിക്കുന്നത് തുടർച്ചയായ മൂന്നാം തവണ; ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം വിജയം; മുകേഷ് എൽ.ഡി.എഫ്. സ്ഥാനാർത്ഥിയാകുമെന്ന് സൂചന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ.കെ.പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേണി ജോണാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കൊല്ലത്തെ സിറ്റിങ് എംപിയായ പ്രേമചന്ദ്രൻ തുടർച്ചയായ മൂന്നാം തവണയാണ് ലോക്‌സഭയിലേക്കു മൽസരിക്കുന്നത്.
ഇത്തവണ യു.ഡി.എഫിന് 20 സീറ്റുകളും നേടാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എൽ.ഡി.എഫ്. നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിൽ സീറ്റുവിഭജനം പൂർത്തിയായതോടെ തന്നെ കൊല്ലത്ത് പ്രേമചന്ദ്രൻ വീണ്ടും മത്സരിക്കുമെന്ന് ആർഎസ്‌പി നേതൃത്വം വ്യക്തമാക്കിയിരുന്നു. ആർഎസ്‌പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് എൻ.കെ.പ്രേമചന്ദ്രൻ. 1996, 1998, 2014, 2019 വർഷങ്ങളിൽ പ്രേമചന്ദ്രൻ കൊല്ലത്തുനിന്നു ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ൽ രാജ്യസഭാംഗവുമായിരുന്നു.
ഇത് അഞ്ചാം വട്ടമാണ് പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം
വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. മികച്ച ഭൂരിപക്ഷം നേടാനും കഴിഞ്ഞിരുന്നു.
2006 - 2011 കാലയളവിൽ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പും കൈകാര്യം ചെയ്തു. 17ാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി സൻസദ് മഹാരത്‌ന പുരസ്‌കാരം അടക്കം പ്രേമചന്ദ്രനു ലഭിച്ചിരുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംഎ ബേബിയെയും 2019ൽ കെ.എൻ. ബാലഗോപാലിനെയുമാണ് പ്രേമചന്ദ്രനെതിരെ സിപിഎം കളത്തിലിറക്കിയത്. മുതിർന്ന നേതാക്കൾ വരെ അടിപതറിയ മണ്ഡലത്തിൽ ഇത്തവണ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെയാണ് സിപിഎം പ്രധാനമായും പരിഗണിക്കുന്നത്.
2014-ൽ എം.എ. ബേബിയായിരുന്നു കൊല്ലത്തെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി. അന്ന് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം. 4,08,528 വോട്ടായിരുന്നു ആർ.എസ്‌പി. നേടിയത്.
2019-ലാകട്ടെ നിലവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാലായിരുന്നു എതിരാളി. 1,48,869 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രൻ ലോക്സഭയിലെത്തിയത്. 4,99,667 വോട്ടായിരുന്നു 2019-ൽ എൻ.കെ. പ്രേമചന്ദ്രൻ നേടിയത്.
കഴിഞ്ഞദിവസം കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കേരള കോൺഗ്രസ് ജോസഫ് വിഭാഗം നടത്തിയിരുന്നു. ഫ്രാൻസിസ് ജോർജാണ് പാർട്ടിയുടെ സ്ഥാനാർത്ഥി. കേരളാ കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് എൽ.ഡി.എഫ്. സ്ഥാനാർത്ഥി.
മറുനാടന് മലയാളി ബ്യൂറോ