ലണ്ടൻ: ബ്രിട്ടീഷ് വിമാനത്താവളങ്ങളുടെ സുരക്ഷയെ തന്നെ സംശയത്തിലാക്കുന്ന രീതിയിൽ, പാസ്സ്പോർട്ടും ബോർഡിങ് പാസ്സുമില്ലാതെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ഒരു വ്യക്തി വിമാനത്തിനുള്ളിൽ കയറിപ്പറ്റി. ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ഒരാൾ ഇത്തരത്തിൽ മറ്റൊരു യാത്രക്കാരനെ പിന്തുടർന്ന് വിമാനത്തിൽ കയറി ന്യുയോർക്കിലേക്ക് പറന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ഒരാഴ്‌ച്ചക്കുള്ളിലാണ് ഇത് നടന്നത്. ചെക്കിംഗിൽ നിന്നും രക്ഷപ്പെട്ട് ഇയാൾ കയറിയത് നോർവീജിയൻ എയർ ഫ്ളൈറ്റിന്റെ കോപ്പൻഹേഗനിലെക്കുള്ള വിമാനത്തിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് ആയിരുന്നു സംഭവം.

ഇനിയും പേര് വെളിപ്പെടുത്താത്ത ഇയാൾ സീറ്റിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. എന്നാൽ, സംശയം തോന്നിയ എയർലൈൻ ജീവനക്കാർ, വിമാനം പറന്നുയരുന്നതിന് മുൻപായി ഇയാളെ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസെത്തി ഇയാളെ ബോയിങ് 737 വിമാനത്തിൽ നിന്നും ഇറക്കിക്കൊണ്ടു പോയി. പിന്നീട് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്നും ഒഴിപ്പിച്ച്, സുരക്ഷാ പരിശോധന നടത്തിയതിന് ശേഷമായിരുന്നു വിമാനം പറന്നുയർന്നത്.

അതേ ആഴ്‌ച്ചയിൽ തന്നെയായിരുന്നു ക്രെയ്ഗ് സ്റ്റർട്ട് എന്ന 46 കാരൻ മറ്റൊരു യാത്രക്കാരനെ പിന്തുടർന്ന് ഹീത്രൂവിലെ സുരക്ഷാ പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടീഷ് എയർവെയ്സിന്റെ ന്യുയോർക്ക് വിമാനത്തിൽ കയറിപ്പറ്റിയത്. വിമാന യാത്രയ്ക്കിടെ ഇയാൽ സൗജന്യ ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കുകയും ചെയ്തു. ഫെബ്രുവരി 5 ന് നടന്ന സംഭവത്തെ തുടർന്ന് മറ്റ് സുരക്ഷാ ഭീഷണികൾ ഒന്നുംതന്നെയില്ലെന്ന് ഗാറ്റ്‌വിക്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇയാളും, മറ്റൊരു യാത്രക്കാരന്റെ മറപറ്റിയായിരുന്നു സെക്യുരിറ്റി പരിശോധനകൾ ഒഴിവാക്കിയതെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ദി സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സംവിധാനങ്ങൾ എത്രയും പെട്ടെന്ന് തന്നെ പുനരവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഇവർ പറയുന്നു. എന്നാൽ, ഇതൊരു മെഡിക്കൽ ഇൻസിഡന്റ് ആണ് എന്നാണ് സസ്സെക്സ് പൊലീസ് പറയുന്നത്. അതിനാൽ തന്നെ ക്രിമിനൽ ചാർജ്ജുകൾ ഒന്നും തന്നെ ചാർത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്.

രേഖകൾ ഒന്നും ഇല്ലാതെ ന്യുയോർക്കിലെത്തിയ സ്റ്റുർട്ടിനെ വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പിന്നീട് ഒരു ചാർട്ടർ ഫ്ളൈറ്റിൽ ഇയാളെ ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. ഈ സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സമാനമായ രീതിയിൽ മറ്റൊന്ന് ഉണ്ടായിരിക്കുന്നത്. സ്റ്റർട്ടിന്റെ മേൽ തട്ടിപ്പിനും വ്യോമയാന സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

പിന്നീട് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ ഇയാൾ അവിടെനിന്നും രക്ഷപ്പെട്ടതായി പറയപ്പെടുന്നു. തുടർന്ന് ഇയാളെ കാണ്മാനില്ല എന്നൊരു പരാതിയും റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം തെക്കൻ ലണ്ടനിലെ റിച്ച്മോണ്ടിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനിലെ ഒരു പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ആണ് ഇപ്പോളിയാൾ.