- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണം
ന്യൂഡൽഹി: വിമാനത്തിന്റെ എഞ്ചിൻ ഓഫാക്കി പത്തുമിനിറ്റിനകം യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെൽറ്റിലെത്തിക്കണമെന്ന് വിമാനക്കമ്പനികളോട് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദ്ദേശം. അരമണിക്കൂറിനുള്ളിൽ എല്ലാ ബാഗുകളും എത്തിക്കണമെന്നാണ് ബി.സി.എ.എസ്. പറയുന്നത്.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ, സ്പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്സ്. കണക്ട്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ലഗേജ് വൈകുന്നുവെന്നുള്ള യാത്രക്കാരുടെ പരാതികൾ സ്ഥിരമായതിനെത്തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നിർദ്ദേശം. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദേശപ്രകാരമാണ് ഇടപെടൽ.
ജനുവരിയിൽ രാജ്യത്തെ ഏഴ് പ്രധാന വിമാനത്താവളങ്ങളിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് നിർദ്ദേശം ഇറക്കിയത്. ഫെബ്രുവരി 26-ന് പ്രാബല്യത്തിൽവരും. ലഗേജുകൾ വൈകുന്നത് മൂലം പല യാത്രക്കാർക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായി. കൺക്ഷൻ തീവണ്ടി അടക്കം നഷ്ടമാകുന്ന സ്ഥിതി വന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ ദിവസം അധിക ബാഗേജിന് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് രംഗത്തു വന്നിരുന്നു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് അധിക ബാഗേജുകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചത്. അധിക ബാഗേജിന് 45 ശതമാനം വരെയാണ് ഇളവ്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാർച്ച് 30 വരെ ഇളവ് ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അഞ്ച് കിലോ അധിക ബാഗേജിന് നേരത്തെ 16 റിയാലാണ് ഈടാക്കിയിരുന്നത്.
നിലവിൽ ഇത് ഒമ്പത് റിയാലായി കുറഞ്ഞു. 10 കിലോ അധിക ബാഗേജിന് 32 റിയാലിയിരുന്നത് 18 റിയാലായി കുറഞ്ഞു. 15 കിലോ അധിക ബാഗേജിന് 52 റിയാലിൽ നിന്ന് 30 റിയാലായും കുറഞ്ഞു. എന്നാൽ ടിക്കറ്റിനൊപ്പമുള്ള ബാഗേജ് നിരക്കുകൾ സാധാരണ നിലയിൽ തുടരും.