കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിലെ ഹൈക്കോടതി വിധിയിൽ സന്തോഷമെന്ന് ടി.പിയുടെ ഭാര്യയും വടകര എംഎ‍ൽഎയുമായി കെ.കെ രമ. തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്ന് രമ പറഞ്ഞു. ഹൈക്കോടതി പരിസരത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ രമ. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കെ.കെ. രമ വിധി പ്രസ്താവം കേട്ടത്.

രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത് ആശ്വാസകരമെന്ന് പറഞ്ഞ രമ ഗൂഢാലോടനയിൽ ഉൾപ്പെട്ട സിപിഎം നേതാക്കളാണ് ഇരുവരും എന്നും ചൂണ്ടിക്കാട്ടി. കോടതി വിധിയിലൂടെ കേസിൽ സിപിഎമ്മിന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടു. അഭിപ്രായം പറഞ്ഞതിനാണ് ടിപിയെ വെട്ടിക്കൊന്നതെന്നും രമ പറഞ്ഞു. കേസിൽ വെറുതെ വിട്ട പി മോഹനനെതിരെ വീണ്ടും അപ്പീൽ നൽകുമെന്നും രമ വ്യക്തമാക്കി.

'ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങൾ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുൻ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണൻ, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

സിപിഎം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. കെ.കെ. കൃഷ്ണൻ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടെ പ്രതിയാകുന്നതോടെ പാർട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമൊക്കെ കേസിനുണ്ടായിരുന്നു.

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകർ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇത്', കെ.കെ. രമ പറഞ്ഞു.

കഴിഞ്ഞ അഞ്ച് മാസവും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ മാഷ് ഇവിടെ വന്ന് സ്ഥിരമായിട്ട് കേസിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു. പാർട്ടിയാണ് കേസ് നടത്തിയത്. കൊലയാളികൾക്കായുള്ള കേസും പാർട്ടിയാണ് നടത്തുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് നീതിയാണ്.

ഇനി ഇതുപോലത്തെ കൊലപാതകം നമ്മുടെ നാട്ടിൽ നടക്കരുത്. അഭിപ്രായം പറഞ്ഞതിന് മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. ഇത്തരത്തിൽ നാട്ടിൽ നീതി നടപ്പാക്കപ്പെടണം. ഒപ്പം നിന്ന കോടതിക്കും മാധ്യമങ്ങൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നുവെന്നും രമ പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, കെ കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാൽ, മോഹനൻ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനൻ അടക്കം പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

2012 മെയ്‌ നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികൾ കൊലപാതകം നടത്തി എന്നാണ് കേസ്.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ചാണ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ കെ രമ വാദിക്കുന്നത്.