വയനാട്: വയനാട് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കാത്തെ പോളിന്റെയും വീട് ഗവർണർ സന്ദർശിച്ചു. രാവിലെ 9.30ഓടെ അജീഷിന്റെയും 10.15ഓടെ പോളിന്റെയും വീടുകൾ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.

വന്യമൃഗ ആക്രമണത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗവർണർ നാട്ടുകാർക്ക് ഉറപ്പുനൽകി. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മൂടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് സന്ദർശിച്ചത്. കാട്ടാനയുടെ ആക്രണത്തിൽ പരുക്കേറ്റ കാരേരി കോളനി ശരത്തിനെയും ഗവർണർ സന്ദർശിച്ചു.

നേരത്തേ വരണമെന്നു വിചാരിച്ചതാണ് പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് ഗവർണർ പറഞ്ഞു. ഇന്നലെ വരണമെന്നു വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിനു പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാർ പറഞ്ഞതു മുഴുവൻ കേൾക്കുകയും നൽകിയ നിവേദനം വാങ്ങുകയും ചെയ്തു.

അജീഷിന്റെ വീട്ടിലെത്തിയ ഗവർണറോട് നാട്ടുകാർ പരാതികൾ പറഞ്ഞു. വന്യമൃഗ ശല്യം അതിരൂക്ഷമാണെന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നാട്ടുകാർ പറഞ്ഞു. ''ഞങ്ങൾ വനംകയ്യേറിയവരാണെന്നും കുടിയേറ്റക്കാരാണെന്നുമാണ് ആരോപണം. എന്നാൽ അയ്യായിരം വർഷങ്ങൾക്ക് മുൻപു തന്നെ വയനാട്ടിൽ ജനവാസമുണ്ട്. അതിന് തെളിവാണ് എടക്കൽ ഗുഹ. സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ നടപടികളൊന്നുമുണ്ടാകുന്നില്ല. മൃഗങ്ങളുടെ ജീവനാണ് വില. മനുഷ്യന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ല.'' നാട്ടുകാർ ഗവർണറോട് പറഞ്ഞു. തുടർന്ന് നിവേദനവും നൽകി. പരാതി അവതരിപ്പിച്ചവരുടെ ഫോൺ നമ്പർ ഉൾപ്പെടെ എഴുതിയ വാങ്ങിയ ഗവർണർ തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.



തുടർന്ന് പാക്കത്ത് പോളിന്റെ വീട്ടിലെത്തി. മോഡൽ പരീക്ഷ ആരംഭിച്ചതിനാൽ പോളിന്റെ മകൾ സോന വീട്ടിലുണ്ടായിരുന്നില്ല. പോളിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. വീട് പുനർനിർമ്മാണം, ചുറ്റുമതിൽ, മകളുടെ പഠനം തുടങ്ങിയ വിഷയങ്ങൾ കുടുംബാംഗങ്ങൾ അവതരിപ്പിച്ചു. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ കത്തു നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. മകളുടെ ലക്ഷ്യങ്ങൾ പൂർത്തിയക്കാനാവട്ടെയെന്നും ഗവർണർ പറഞ്ഞു. തുടർന്ന് നാട്ടുകാർ നൽകിയ നിവേദനങ്ങൾ സ്വീകരിച്ചു.

തന്റെ അടുത്ത് ആർക്കും വരാമെന്നും പരാതികൾ നൽകാമെന്നും പറഞ്ഞുകൊണ്ടാണ് നിവേദനങ്ങൾ നേരിട്ട് വാങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കാരേരി കാട്ടുനായ്ക്ക കോളനി ശരത് കുമാറിന്റെ വീട്ടിലെത്തി. സാധ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ച ശേഷം ഗവർണർ ബത്തേരി മൂടക്കൊല്ലി പ്രജീഷിന്റെ വീടും സന്ദർശിച്ചു.



മാനന്തവാടി ബിഷപ്സ് ഹൗസിൽ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാർഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. ബെംഗളുരുവിൽ നിന്നുള്ള സി ആർ പി എഫിന്റെ പ്രത്യേക വിഐപി സുരക്ഷ ഗവർണർക്കായി ഒരുക്കിയിരുന്നു.

വന്യജീവി ആക്രമണങ്ങൾക്കെതിരേ ജനരോഷം ശക്തമായിട്ടും കോഴിക്കോട് ഉണ്ടായിരുന്ന വനം മന്ത്രി പോലും വയനാട്ടിൽ എത്തിയിരുന്നില്ല. പ്രതിഷേധങ്ങളെപ്പോലും സർക്കാരും മന്ത്രിയും നിസാരവത്ക്കരിക്കുന്നതിനിടെയാണ് ഗവർണർ വയനാട്ടിൽ എത്തിയത്.

ഇന്നലെ രാത്രിയാണ് ഗവർണർ വയനാട്ടിലെത്തിയത്.വയനാട് സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ കണ്ണൂരിലെത്തിയ ഗവർണർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേക്ക് തിരിക്കുമ്പോഴായിരുന്നു സംഭവം. കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് ഇവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ വാഹനം തടഞ്ഞ് ഇറക്കിവിട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചുവെന്നും എസ്എഫ്‌ഐ ആരോപിച്ചിരുന്നു.