മാനന്തവാടി: ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്‌ന വയനാടിനെ ഭീതിയിലാക്കി എത്തിയ ശേഷം വീണ്ടും മടങ്ങി. ഇന്ന് പുലർച്ചെ ജനവാസമേഖലയായ പെരിക്കല്ലൂരിലെത്തിയ ശേഷം തിരികെ കർണാടക വനമേഖലയിലേക്ക് മടങ്ങി. അതിരാവിലെയാണ് ആന പെരിക്കല്ലൂരിലെത്തിയത്. കബനി പുഴ കടന്നു മരക്കടവിലെ പുഴയോരത്തെ കൃഷിയിടത്തിലാണ് ആനയെത്തിയത്. ഇതോട ആശങ്ക കൂടി. വനംവകുപ്പ് ജാഗ്രതയിലായി. പിന്നാലെ മടങ്ങുകയും ചെയ്തു.

പുലർച്ചെ നാലരടോയൊണ് സംഭവം. മരക്കടവ് പത്തേക്കർ ജോസിന്റെ തെങ്ങിൽ തോട്ടത്തിലും മരക്കടവ് പള്ളി തോട്ടത്തിന്റെ പരിസരത്തും എത്തിയ ആനയെ വനപാലകർ മറുകരയായ മച്ചൂരിലേക്ക് തുരത്തി. ഈ സമയം മേഖലയിൽ ജാഗ്രതാ നിർദ്ദേശം നൽകി. ഈ ആന ഉയർത്തുന്ന ഭീതി ഇനിയും മാറുന്നില്ലെന്നാണ് ഈ സംഭവം കാട്ടുന്നത്. വയനാട്ടിൽ വന്യമൃഗ ശല്യത്തിൽ ആശങ്ക ശക്തമാണ്. അതിനിടെയാണ് ആന വീണ്ടും എത്തിയത്.

ഇന്നലെ രാത്രിയോടെയാണ് ആന ബൈരക്കുപ്പ വനത്തിൽനിന്നും പുറത്തിറങ്ങിയത്. ആന പെരിക്കല്ലൂരിലെത്തിയതിനു പിന്നാലെ വനം വകുപ്പ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കർണാടകയിലെ ജനവാസ മേഖലയായ മച്ചൂരിലുള്ള ആനയെ ഇപ്പോൾ കേരള, കർണാടക വനംവകുപ്പുകൾ നിരീക്ഷിക്കുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആനയെ കൃത്യമായി കിട്ടിയാൽ മയക്കു വെടി വയ്ക്കും. നിരന്തര യാത്രകളിലൂടെ ഇതിനുള്ള സാഹചര്യം ആന നിഷേധിക്കുകായണ്.

അതേസമയം, വയനാട്ടിലെ വന്യമൃഗ ആക്രമണവും പ്രശ്‌നങ്ങളും ചർച്ചചെയ്യാൻ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും. വനംമന്ത്രി എ.കെ.ശശീന്ദ്രൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പത്തിനാണു യോഗം. വന്യജീവി ആക്രമണത്തിനിരയായവരുടെ ആശ്രിതർക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും.

സർക്കാരിന്റെ വീഴ്ച ആരോപിച്ച് യുഡിഎഫ് യോഗത്തിൽ പ്രതിഷേധിക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ബിജെപി നിലപാട്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും മന്ത്രി സന്ദർശിക്കും. മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്റെ ജീവനെടുത്ത ബേലൂർ മഖ്‌നയെ പിടിക്കാനാകാത്തത് മന്ത്രിക്ക് മുമ്പിൽ പ്രതിഷേധമായി എത്തും. ബേലൂർ മഖ്‌നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായിരിക്കുകയാണ്.

ട്രാക്ടർ ഡ്രൈവർ ആയ പടമല പനച്ചിയിൽ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോൻ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു.

പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻ പ്രതിഷേധമാണ് ഇതിനെ തുടർന്ന് വയനാട്ടിൽ അരങ്ങേറിയിരിക്കുന്നത്.