മാനന്തവാടി: വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ മന്ത്രിമാർ സന്ദർശനം നടത്താൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ വീട് സന്ദർശിക്കാൻ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാജൻ എന്നിവർ എത്തിയപ്പോഴാണ് ബന്ധുക്കളഉം നാട്ടുകാരും പ്രതിഷേധിച്ചത്.

'ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ' എന്ന കൊല്ലപ്പെട്ട അജീഷിന്റെ മകൻ അലന്റെ ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ നിശബ്ദരായി. ബീഡിപ്പടക്കം കൊണ്ട് ആനയെ ഓടിക്കാൻ സാധിക്കുമോ എന്നും നാലാം ക്ലാസ് വിദ്യാർത്ഥിയായ അലൻ മന്ത്രിമാരോടു ചോദിച്ചു.

വന്യമൃഗങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പരാതികളും ഉന്നയിച്ചു. കർണാടകയിൽനിന്ന് എത്തിയ ആനയെ പിടികൂടാൻ ദിവസങ്ങളായിട്ടും കഴിഞ്ഞിട്ടില്ല. ഇതിൽ നടപടി വേണം. മൃഗങ്ങൾ ഇങ്ങനെ നാട്ടിലിറങ്ങിയാൽ ജനങ്ങൾക്ക് കാടു കയറേണ്ടി വരും.

എന്തൊക്കെ സംഭവിച്ചാലും ഉദ്യോഗസ്ഥരെ കണി കാണാൻ കിട്ടാറില്ല. ഈ അവസ്ഥ തുടർന്നാൽ ഇനി നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ജനങ്ങൾ തന്നെ കൊല്ലും. കുരങ്ങന്റെയും കാട്ടാനയുടെയും വോട്ട് വാങ്ങിയല്ലല്ലോ നിങ്ങൾ സഭയിലെത്തിയത്; മനുഷ്യരുടെ വോട്ടു വാങ്ങിയല്ലേ? ജനങ്ങളുടെ കാര്യത്തിൽ ഭരണം നടത്തുന്നവർ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

ബത്തേരിയിലെ അവലോകന യോഗത്തിനു ശേഷം ഉച്ചകഴിഞ്ഞാണ്, മരിച്ചവരുടെ വീടുകളിൽ മന്ത്രിമാർ സന്ദർശനം നടത്തിയത്. കടുവ കൊന്ന വാകേരി മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലായിരുന്നു ആദ്യ സന്ദർശനം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പടമല പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. പ്രശ്‌നസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു മന്ത്രിമാരുടെ സന്ദർശനം.

കേന്ദ്രമന്ത്രി വയനാട്ടിലേക്ക്

വന്യജീവി ആക്രമണത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായ വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ് സന്ദർശനം നടത്തും. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി ബുധനാഴ്ച എത്തുന്നത്.

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. വ്യാഴാഴ്ച രാവിലെ നടക്കുന്ന രണ്ടു അവലോകന യോഗങ്ങളിലും മന്ത്രി പങ്കെടുക്കും. കേരളത്തിലെ മുഖ്യമന്ത്രിയും വനംമന്ത്രിയുമൊക്കെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞവരാണെന്നും വന്യജീവി ആക്രമണമടക്കമുള്ള പ്രശ്‌നങ്ങളിൽ ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 25 വർഷം പിറകിലാണ് മന്ത്രിമാർ. വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായതൊന്നും നടത്തുന്നില്ല. നൂതന സംവിധാനങ്ങളില്ല. എ.കെ.ശശീന്ദ്രൻ പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.